go

മഴ മാറി നിന്നു; താഴാതെ ജലനിരപ്പ്

alappuzha-kuruthikad-bund-road
വെള്ളത്തിലായ കുറത്തികാട് ചൂരല്ലൂർ പള്ളിയാവട്ടം ബണ്ട് റോഡും വാഴത്തോട്ടവും.
SHARE

ആലപ്പുഴ ∙ ജില്ലയിൽ പല മേഖലകളിലും ജലനിരപ്പ് താഴ്ന്നെങ്കിലും കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലെ ചില മേഖലകളിലും ലീഡിങ് ചാനലിന്റെ പരിസരങ്ങളിലും ജലനിരപ്പ് താഴ്‌ന്നില്ല. മഴ മാറി നിന്നെങ്കിലും കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതാണ് ജലനിരപ്പ് താഴുന്നതിനു തടസ്സമാകുന്നത്. കുട്ടനാട്ടിൽ അരയടിയോളം വെള്ളം കൂടി. 

46 പാടശേഖരങ്ങളിൽ വെള്ളം കയറി. പുളിങ്കുന്ന് പഞ്ചായത്ത്, കൈനകരി മേഖല, കാവാലം, നീലംപേരൂർ, രാമങ്കരി, വെളിയനാട്, ചമ്പക്കുളം മേഖലകൾ വെള്ളം കയറിയതിന്റെ ദുരിതമനുഭവിക്കുകയാണ്. എടത്വയിലും വിവിധ മേഖലകൾ ഒറ്റപ്പെട്ടു.

അച്ചൻകോവിൽ ആറ് ജില്ലയിലേക്കു പ്രവേശിക്കുന്ന മേഖലകളിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ചില ഭാഗങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല. ഇടപ്പോണിലെ ആറ്റുവ, ചെറുമുഖ പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ അരയടിയോളം വെള്ളം കൂടി. 

മാന്നാർ വള്ളക്കാലിക്കു തെക്ക് അങ്കമാലി കോളനി, വാലേൽ‍ ഭാഗം, മുല്ലശേരിക്കടവ്, ചെന്നിത്തല കാരിക്കുഴി, ചിത്തിരപുരം കോളനി എന്നീ പ്രദേശങ്ങൾ വെള്ളത്തിലാണ്. ചെങ്ങന്നൂർ വെൺമണി പടിഞ്ഞാറെ തുരുത്തി, കിഴക്കേതുരുത്തി, പുലിയൂർ മങ്കുഴിച്ചാൽ, പാണ്ടനാട് മുറിയായിക്കര ഭാഗങ്ങളിൽ വെള്ളമിറങ്ങിയിട്ടില്ല.

തഴക്കര പഞ്ചായത്തിലെ വെട്ടിയാർ, കുന്നം, തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തിലെ കണ്ണമംഗലം, മറ്റം വടക്ക്, കോഴിപ്പാലം, കരിപ്പുഴ, തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് മേഖലയിൽ പലയിടങ്ങളിലും വെള്ളം കയറി.  തലവടിയിൽ നീരേറ്റുപുറം ചക്കുളം, തോട്ടടി, പൂന്തുരുത്തി, കോടമ്പനാടി പ്രദേശങ്ങളിലും എടത്വ, പച്ച മൂക്കോടി, പുതവൽ, ചങ്ങങ്കരി, തായങ്കരി, പാണ്ടങ്കരി പ്രദേശങ്ങളിലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

കരുമാടി, കുന്നുമ്മ, കഞ്ഞിപ്പാടം, കൊപ്പാറക്കടവ് പ്രദേശത്തെ വീടുകൾക്കു ചുറ്റും വെള്ളക്കെട്ടായി. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ കോയിക്കൽ പള്ളിക്കൽ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ട്. കോയിക്കൽ ചെറുകര ഭാഗവും, പള്ളിക്കൽ മുണ്ടേലത്ത് ഐഎച്ച്ഡിപി കോളനിയും പൂർണമായും വെള്ളത്തിൽ മുങ്ങി.

തോട്ടപ്പള്ളി പൊഴി കവാടം 280 മീറ്റർ ആയി ഉയർത്തും

അമ്പലപ്പുഴ ∙ നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനായി തോട്ടപ്പള്ളി സ്പില്‍വേ പൊഴിയുടെ കവാടത്തിലെ വീതി 280 മീറ്റര്‍ ആയി ഉയര്‍ത്തും.  ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 4 വലിയ യന്ത്രങ്ങളാണു മണല്‍ നീക്കുന്നത്. കഴിഞ്ഞ പ്രളയത്തിനിടയിലും വെള്ളം ഒഴുകി പോകാന്‍ ഈ വീതിയിലാണ് കവാടം തുറന്നത്. എന്നാല്‍ ലീഡിങ് ചാനലിന്റെയും സ്പില്‍വേ കനാലുകളുടെയും ആഴം കൂട്ടാത്തതിനാല്‍ പ്രതീക്ഷിച്ച നീരൊഴുക്ക് ഇനിയും ഉണ്ടായിട്ടില്ല.

കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും വെള്ളപ്പൊക്കഭീഷണി മാറാത്തത് ഇതിനാലാണ്. തോട്ടപ്പള്ളി സ്പില്‍വേ വഴി നീരൊഴുക്ക് കൂടാത്തതിനാല്‍ പാടശേഖരങ്ങളും ഭീഷണിയിലാണ്.രണ്ടാം കൃഷിയിറക്കി 40 മുതല്‍ 70 ദിവസം വരെ പ്രായമായ നെല്ല് മട വീണു നശിക്കാതിരിക്കാന്‍ കര്‍‌ഷകരും നാട്ടുകാരും പരിശ്രമത്തിലാണ്. എന്നാല്‍ കിഴക്കന്‍വെള്ളത്തിന്റെ വരവ് കൂടിയതോടെ തകഴി പ‍‍ഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളും മട വീഴ്ച ഭീഷണിയിലാണ്.

സംഭരണ കേന്ദ്രം

ആലപ്പുഴ ∙ ആലപ്പുഴ സെന്റ്‌ ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ കേന്ദ്രത്തിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹായങ്ങൾ എത്തിത്തുടങ്ങി. കലക്ടറേറ്റ് സീനിയർ സൂപ്രണ്ട് ബീനയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. 94469 95385

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama