go

തീരാതെ മഴ; വെള്ളക്കെട്ട്

Alappuzha News
തണ്ണീർമുക്കം 8–ാം വാർഡ് വെളിയമ്പ്ര തറയിൽ ഭാസുരന്റെ വീട്ടുമുറ്റത്ത് കായലിൽനിന്നു വേലിയേറ്റ സമയത്ത് വെള്ളം കയറിയ നിലയിൽ.
SHARE

തുറവൂർ ∙ തോരാതെ പെയ്യുന്ന മഴയിൽ വലഞ്ഞു ജനം. തുറവൂർ –വളമംഗലം –കാവിൽ റോഡിൽ ഇരുവശത്തും വെള്ളം നിറഞ്ഞതോടെ രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനാകാത്ത സ്ഥിതിയാണ്. കായലുകളിൽ വേലിയേറ്റം ശക്തമായി കായൽ വെള്ളവുമെത്തിയതോടെ പല പ്രദേശങ്ങളിലും മുട്ടറ്റം വെള്ളമാണ്. കുത്തിയതോട് പഞ്ചായത്തിലെ പറയകാട് ഗവ.യുപി സ്കൂൾ, അരൂർ ഗവ.ഹൈസ്കൂൾ, കടക്കരപ്പള്ളി ഗവ.യുപി സ്കൂൾ എന്നിവിടങ്ങളിൽ ക്യാംപ് തുടരുകയാണ്.  കുടുതൽ പേർ ക്യാംപിലെത്തുന്നതായാണ് വിവരം.  വെള്ളക്കെട്ട് മൂലം മരങ്ങൾ പലയിടത്തും കടപുഴകി വീഴുന്നുണ്ട്. കുത്തിയതോട് പഞ്ചായത്ത് ആമേടത്തുകാവ് ക്ഷേത്രത്തിനു പടിഞ്ഞാറ് വശം 25 കുടുംബങ്ങളാണു വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത്. പ്രദേശത്തേക്കു പോകുന്ന പഞ്ചായത്തു റോഡും മുങ്ങി. പുരയിടങ്ങളിൽ ഒന്നര അടിയോളം വെള്ളമാണുള്ളത്. ചില വീടുകൾക്കുള്ളിലേക്കും വെള്ളം കയറി. ജലജന്യ രോഗങ്ങളും പടരുന്നുണ്ട്.  300 മീറ്ററോളമുള്ള കുത്തിയതോട് തോട്ടിലേക്കു പൈപ്പ് സ്ഥാപിക്കുകയാണെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാമെന്നു നാട്ടുകാർ പറയുന്നു. 

പൂച്ചാക്കൽ∙ രണ്ടു ദിവസം പിൻവാങ്ങിയശേഷം ഇന്നലെ രാവിലെ മുതൽ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശേരി പഞ്ചായത്തിലെ  താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇടത്തോടുകളും മറ്റും നിറഞ്ഞു റോഡുകളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി.  കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാൻ മാർഗമില്ലാത്തതാണു മിക്കയിടത്തും ദുരിതം കൂട്ടുന്നത്. മാലിന്യം നിറഞ്ഞുകിടന്ന തോടുകളിൽ നിന്നു മലിനജലം വീടുകളിലേക്കും പുരയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത് രോഗഭീതിയും ഉയർത്തുന്നുണ്ട്. ചില സ്ഥലങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും മാലിന്യവും ചെളിയും നിറഞ്ഞുകിടക്കുന്നതിനാൽ കൊതുകു ശല്യവും വർധിച്ചിട്ടുണ്ട്.  തീരപ്രദേശങ്ങളിൽ വേലിയേറ്റസമയത്തു വീടുകളിൽ കിഴക്കൻ വെള്ളത്തിന്റെ വരവിനനുസരിച്ചു വെള്ളം കയറുന്നുണ്ട്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെയും ആശവർക്കർമാരുടെയും നേതൃത്വത്തിൽ വെള്ളക്കെട്ട് ഒഴിവാക്കി ശുചീകരണപ്രവർത്തനങ്ങളും രോഗപ്രതിരോധപ്രവർത്തനങ്ങളും നടത്തണമെന്ന ആവശ്യവും ശക്തമാണ്. കായലുകളിൽ വെള്ളമുയർന്നതും ഒഴുക്കിന്റെ ശക്തി വർധിച്ചതും മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നു. ഇവർക്കു സൗജന്യ റേഷൻ ഉൾപ്പെടെ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കനത്ത കാറ്റിൽ വലഞ്ഞ് ചേർത്തല

ചേർത്തല ∙ കനത്ത മഴയും അപകടകരമായ കാറ്റും ചേർത്തല താലൂക്കിനെയും ഭീതിയിലാഴ്ത്തുന്നു. ഇന്നലെ ദേശീയപാതയിൽ ചേർത്തല റെയിൽവെ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു കാർ തകർന്നു. കാറിലുണ്ടായിരുന്ന അമ്മയ്ക്കും മകനും പരുക്കേറ്റു.  ഇടറോഡുകളിൽ ഉൾപ്പെടെ ഇത്തരം അപകടങ്ങൾ കൂടുകയാണ്. മരം വീണു വീടുകളും വൈദ്യുതി ലൈനുകളും തകരുന്നതും പതിവായി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാറ്റും മഴയെ തുടർന്നുള്ള വെള്ളപ്പൊക്കവുമാണു താലൂക്ക് നിവാസികളെ ഭീതിയിലാഴ്ത്തുന്നത്. തീരമേഖലകളിലെ വീടുകളിലേക്കു കായലിൽ നിന്നും കടലിൽ നിന്നും വെള്ളം കയറുന്നുണ്ട്. നാട്ടുതോടുകൾ പുനരുദ്ധരിക്കാത്തതും വീതി കുറച്ചതും മൂടിയതുമെല്ലാം ഭീഷണിയായിട്ടുണ്ട്. ഇന്നലെ ചേർത്തല മരുത്തോർവട്ടം എൽപിഎസിലും ദുരിതാശ്വാസ ക്യാംപ് തുറന്നതോടെ താലൂക്കിൽ 8 ക്യാംപുകളായി. 880 കുടുംബങ്ങളിൽ നിന്നായി 2667 പേർ ക്യാംപുകളിലുണ്ട്. താലൂക്കിൽ ഇന്നലെ 18 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ആകെ 139 വീടുകൾ തകർന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama