go

പാലം പെരുമ്പളത്തിനുള്ള ഓണസമ്മാനം: മുഖ്യമന്ത്രി

alappuzha news
പെരുമ്പളം പാലത്തിന്റെ നിർമാണോദ്ഘ‍ാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. കലക്ടർ അദീല അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, എ.എം ആരിഫ് എം.പി, മന്ത്രിമാരായ ജി.സുധാകരൻ, പി തിലോത്തമൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ.
SHARE

പെരുമ്പളം ∙ പെരുമ്പളത്തുകാർക്കുള്ള ഓണസമ്മാനമാണ് പെരുമ്പളം പാലമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം വൻപദ്ധതികൾ പല തടസ്സങ്ങളിൽപ്പെട്ടു മുടങ്ങാറുണ്ടെന്നും പെരുമ്പളം പാലം കിഫ്ബിയിൽ ഉൾപ്പെടുത്തി ചെയ്യുന്നതിനാൽ ഒരു തടസ്സവും ഉണ്ട‍ാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. പ്രാദേശികമായ തർക്കങ്ങൾ ഈ പദ്ധതിക്കു തടസ്സമാകില്ലെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു. പെരുമ്പളം ദ്വീപിനെ ആലപ്പുഴ ജില്ലയിലെ വടുതലയുമായി ബന്ധിപ്പിക്കുന്ന പാലം വർഷങ്ങളായി ജലമാർഗം മാത്രം ആശ്രയിച്ചു യാത്ര െചയ്യുന്ന പെരുമ്പളത്തുകാരുടെ സ്വപ്നമാണ്. ഈ സ്വപ്നത്തിൽ നിന്നു യാഥാർഥ്യത്തിലേക്കുള്ള പാലമായിരുന്നു ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ച പെരുമ്പളം പാലം നിർമാണോദ്ഘാടനം.

വേമ്പനാട്ടു കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്. പതിനായിരത്തിൽ അധികമാണ് ജനസംഖ്യ. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം. 

കഴിഞ്ഞ മൂന്നിനു തീരുമാനിച്ചിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ അസൗകര്യത്തെത്തുടർന്ന് ഇന്നലത്തേക്കു മാറ്റുകയായിരുന്നു. പരിപാടിക്ക് പെരുമ്പളത്ത് എത്തിച്ചേരാൻ പാണാവള്ളി ബോട്ട് ജെട്ടിയിൽ നിന്ന് രണ്ടു ജങ്കാറും തുടർച്ചയായി ബോട്ട് സർവീസും ഏർപ്പെടുത്തി. വൈകിട്ട് നാലോടെ പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്തിയ മുഖ്യമന്ത്രി  ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ടിലാണ് പെരുമ്പളത്തേക്ക് എത്തിയത്. അലങ്കരിച്ച വള്ളങ്ങളിൽ മുദ്രാവാക്യം വിളികളോടെ പാർട്ടിപ്രവർത്തരും നാട്ടുകാരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കലക്ടർ അദീല അബ്ദുല്ല, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ്, ജില്ലാ പഞ്ചായത്തംഗം പി.എം.പ്രമോദ്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷിബു, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ തുടങ്ങിവർ പ്രസംഗിച്ചു.

പെരുമ്പളം പാലം

∙ പെരുമ്പളത്തു നിന്നു പാണാവള്ളി പഞ്ചായത്തിലെ വടുതലയിലേക്ക്. 1110 മീറ്റർ നീളവും 1.5 മീറ്റർ നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയുമുണ്ടാകും.

∙ വടുതല ഭാഗത്ത് 300 മീറ്റർ നീളത്തിലും പെരുമ്പളത്ത് 250 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ് റോഡ് നിർമിക്കും. ഇതിനായി വടുതലയിൽ 70 സെന്റും പെരുമ്പളത്ത് 184 സെന്റ് സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. 4.86 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കലിന് അനുവദിച്ചത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama