go

സിബിഎൽ: ട്രോപ്പിക്കൽ ടൈറ്റൻസ് മുന്നിൽ

boat-race-nadumbagam
SHARE

ആലപ്പുഴ ∙ ചാംപ്യൻസ് ബോട്ട് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി ട്രോപ്പിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) മുന്നിലെത്തി. പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലോത്സവം, മീനച്ചിലാറ്റിലെ താഴത്തങ്ങാടി ജലോത്സവം എന്നിവയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം വിജയിച്ചതോടെയാണ് ലീഗിൽ മുന്നിലെത്തിയത്. 25 പോയിന്റ് ആണ് രണ്ടു വിജയങ്ങളിലൂടെ ഇവർ നേടിയത്. വീയപുരം ചുണ്ടനിൽ തുഴഞ്ഞ കുമരകം വേമ്പനാട് ബോട്ട് ക്ലബ് 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ലീഗിൽ ഇനി 10 മത്സരം

ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഇനി 10 മത്സരങ്ങൾ കൂടിയുണ്ട്. അടുത്ത മത്സരം 14 ന് കരുവാറ്റയിലാണ്. ഓരോ ലീഗ് മത്സരത്തിനും പ്രത്യേകം ടിക്കറ്റ് ബുക്കിങ് ഉണ്ട്. 200, 500, 2000 രൂപ വീതമാണു ടിക്കറ്റ് നിരക്ക്.ലീഗ് മത്സരങ്ങളുടെ ഹീറ്റ്സിൽ ടീമുകളുടെ വേഗം അനുസരിച്ചാണ് ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും വേഗമുള്ള 3 ടീമുകൾ ഫൈനലിലും ഫിനിഷ് ചെയ്യുന്ന സമയക്രമത്തിന്റെ അടിസ്ഥാനത്തിൽ മറ്റു ടീമുകൾ ലൂസേഴ്സ്, സെക്കൻഡ് ലൂസേഴ്സ് ഫൈനലുകളിലേക്കും തിരഞ്ഞെടുക്കപ്പെടും.

ചാംപ്യനാകാൻ ‘നല്ല സമയം’ വേണം

ഫൈനലിൽ വേഗമല്ല, ഫിനിഷ് ചെയ്യുന്ന സമയമാണ് പ്രധാനം. ഫൈനലിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10 പോയിന്റ് ലഭിക്കും. രണ്ടാം സ്ഥാനത്തിന് 9. 9–ാം സ്ഥാനക്കാരന് ഒരു പോയിന്റ് മാത്രമേ ലഭിക്കൂ.  ഹീറ്റ്സിൽ വേഗം കൂടിയ ടീമിനു ബോണസ് പോയിന്റ് ലഭിക്കും. നെഹ്റു ട്രോഫി ജലോത്സവത്തിലെ ഹീറ്റ്സിൽ ഏറ്റവും വേഗം നേടിയതിന്റെ ബോണസ് പോയിന്റു കൂടി കൂട്ടിയാണ് ട്രോപ്പിക്കൽ ടൈറ്റൻസിന് ലീഗിൽ 25 പോയിന്റ് സ്വന്തമായത്. 

നെഹ്റു ട്രോഫി ജലോത്സവത്തിൽ 8–ാം സ്ഥാനത്തോടെ 2 പോയിന്റ് മാത്രം സ്വന്തമായ പ്രൈഡ് ചേസേഴ്സ് താഴത്തങ്ങാടി ജലോത്സവത്തിൽ മ‍ൂന്നാം സ്ഥാനം നേടി 8 പോയിന്റ് കൂടി നേടിയതോടെ ലീഗിൽ 10 പോയിന്റ് സ്വന്തമാക്കി. എന്നാൽ, താഴത്തങ്ങാടിയിലെ ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച വേഗം കണ്ടെത്തിയതു പ്രൈഡ് ചേസേഴ്സ് ആയിരുന്നു. അങ്ങനെ ലഭിച്ച 5 ബോണസ് പോയിന്റ് കൂടി കൂട്ടിയപ്പോൾ ആ ടീം രണ്ടാം സ്ഥാനത്തെത്തി. 

ഫൈനലിൽ വിജയിക്കുന്നതു കൊണ്ടു മാത്രം ലീഗിൽ മുന്നിലെത്തില്ലെന്നു ചുരുക്കം. ഹീറ്റ്സിൽ മികച്ച സമയം കണ്ടെത്തുന്നതിലൂടെ ലഭിക്കുന്ന ബോണസ് പോയിന്റും മത്സരത്തിന്റെ ഗതി മാറ്റാം എന്നതിനാൽ മികച്ച പ്രകടനം ഓരോ മത്സരത്തിലും കാഴ്ചവയ്ക്കുന്നവർക്കു മാത്രമേ ലീഗ് ചാംപ്യനാകാൻ കഴിയൂ എന്നു  ചുരുക്കം.

 പോയിന്റ് നില((ടീമിന്റെ പേര്, ക്ലബ്, ചുണ്ടൻ, പോയിന്റ് ക്രമത്തിൽ)

 ട്രോപ്പിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ് - നടുഭാഗം)-25

പ്രൈഡ് ചേസേഴ്സ് (വേമ്പനാട് ബോട്ട് ക്ലബ് - വീയപുരം)                           15

മൈറ്റി ഓഴ്സ് (എൻസിഡിസി/ കുമരകം -ദേവസ്)                                        14

കോസ്റ്റ് ഡോമിനേറ്റേഴ്സ് (യുബിസി കൈനകരി -ചമ്പക്കുളം)- 13

റേജിങ് റോവേഴ്സ് (പൊലീസ് ബോട്ട് ക്ലബ് - കാരിച്ചാൽ) -13

ബാക്ക് വാട്ടർ വാരിയേഴ്സ് (കുമരകം ടൗൺ ബോട്ട് ക്ലബ് - പായിപ്പാടൻ) -8

തണ്ടർ ഓഴ്സ് (കെബിസി / എസ്എഫ്ബിസി കുമരകം - മഹാദേവികാട് കാട്ടിൽ തെക്കേതിൽ ) - 6

 ബാക്ക് വാട്ടർ നൈറ്റ്സ് (വില്ലേജ് ബോട്ട് ക്ലബ് എടത്വ - ഗബ്രിയേൽ ) - 5

ബാക്ക് വാട്ടർ നിൻജാ (ബ്രദേഴ്സ് ബോട്ട് ക്ലബ് എടത്വ - സെന്റ് ജോർജ്) - 3

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama