go

ആരിഫിനു മാത്രം പോര; കയ്യടിച്ചവർക്കു മറുപടി നൽകി മുഖ്യമന്ത്രി

pinarayi-vijayan-3
SHARE

പെരുമ്പളം ∙ എ.എം.ആരിഫ് എംപിയുടെ പേര് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സിൽ കയ്യടി; കയ്യടിക്കേണ്ട കാര്യമില്ലെന്നും ജില്ലയിലെ മന്ത്രിമാർ കാരണമാണ് പെരുമ്പളം പാലം യാഥാർഥ്യമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  പെര‍ുമ്പളം പാലം നിർമാണോദ്ഘാടന വേദിയിലാണ് എ.എം.ആരിഫ് എംപിയെ സദസ്സിലിരുത്തി, മുഖ്യമന്ത്രി കയ്യടിച്ചവർക്കു മറുപടി നൽകിയത്.

പ്രദേശത്തെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനാണ് പെരുമ്പളം പാലം നിർമിക്കുന്നതെന്നും കേരളത്തിൽ ഇതുപോലൊരു പാലം അപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന്, ‘ഇത് യാഥാർഥ്യമാക്കുന്നതിന് സ്ഥലത്തെ ജനപ്രതിനിധി എന്ന നിലയ്ക്ക് സ്വാഭാവികമായും സഖാവ് ആരിഫ്...’ എന്നു മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് സദസ്സിൽ കയ്യടി മുഴങ്ങിയത്. 

പ്രസംഗം മുറിച്ച് ഒരു നിമിഷം മുഖ്യമന്ത്രി സദസ്സിലേക്കു നോക്കി. ‘എന്തിന‍ാ കയ്യടിച്ചതെന്നു മനസ്സിലായില്ല...’ മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വീണ്ടും സദസ്സിൽ കയ്യടിയുയർന്നു. ‘മുൻകൈ എടുക്കുന്നത് സ്വാഭാവികമാണ്, പക്ഷേ അതുകൊണ്ടു മാത്രം പാലം യാഥാർഥ്യമാകില്ല എന്നാണു ഞാൻ പറഞ്ഞത്...’ എന്നു മുഖ്യമന്ത്രി തുടർന്നു.  അതു സദസ്സ് ചിരിയോടെ ഏറ്റെടുത്തു. ‘ഇവിടെ പെരുമ്പളത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന ഒരാൾ പൊതുമരാമത്ത് മന്ത്രിയായി ഉണ്ട്.

അതോടൊപ്പം പ്രദേശത്തെക്കുറിച്ച് അറിയാവുന്നയാൾ ധനമന്ത്രിയായും ഉണ്ടായി. ജനപ്രതിനിധി എത്ര കരഞ്ഞു പറഞ്ഞാലും ഇതുപോലെ ചിലത് അനുവദിക്കാതിരിക്കുന്നത് നമ്മൾ എത്രയോ കണ്ട‍ിട്ടുള്ളതാണ്. എല്ലാം ഒത്തുവന്നത് നിങ്ങളുടെ പ്രത്യേകതയായി കണ്ടാൽമതി..’ മുഖ്യമന്ത്രി പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama