go

പ്രളയം വീടെടുത്തു; തങ്കമ്മയ്ക്കും കുടുംബത്തിനും ഓണം സ്കൂളിൽ

alappuzha news
തങ്കമ്മയും മകൾ കൃഷ്ണകുമാരിയും കൊച്ചുമകളും തഴക്കര പഞ്ചായത്ത് അംഗം സൂര്യ വിജയകുമാറിനൊപ്പം മാവേലിക്കര കുന്നം ഗവ.എൽപിഎസിൽ
SHARE

മാവേലിക്കര ∙ പ്രളയത്തിൽ നശിച്ച വീട് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, അതിനാൽ  തങ്കമ്മയും കുടുംബവും ഇത്തവണയും ഓണം സ്കൂളിൽ തന്നെ ആഘോഷിക്കും. തഴക്കര പഞ്ചായത്ത് കുന്നം വാർഡ് പെരിങ്ങിലിപ്പുറത്തു വടക്കേതിൽ തങ്കമ്മ (54), മകൻ കൃഷ്ണകുമാർ (33), മകൾ കൃഷ്ണകുമാരി (30), മകന്റെ ഭാര്യ രഞ്ജിത (23), മക്കളായ ദിയ കൃഷ്ണ (02), ദൃശ്യകൃഷ്ണ (ഒന്നര), കൃഷ്ണകുമാരിയുടെ മകൾ കൃഷ്ണപ്രിയ (08) എന്നിവരാണു കുന്നം എൽപിഎസിലെ ഒരു മുറിയിൽ കഴിയുന്നത്. തങ്കമ്മയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ 10 വർഷം മുൻപു മരിച്ചു. കഴിഞ്ഞ പ്രളയത്തിൽ തങ്കമ്മയുടെ വീട് പൂർണമായും വെള്ളത്തിനടിയിലായി.വെള്ളപ്പൊക്കത്തിൽ അടിത്തറ ഇളകി എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണു വീട്.

ചട്ടങ്ങളുടെ കുരുക്കുകൾ ഒഴിവാക്കി വീട് നവീകരണത്തിനു 60000 രൂപ അനുവദിച്ചപ്പോഴേക്കും അടുത്ത പ്രളയമെത്തി. ഇതേത്തുടർന്നു കുന്നം എൽപിഎസിലെ ദുരിതാശ്വാസ ക്യാംപിലേക്കു കുടുംബം താമസം മാറ്റി. വെള്ളം ഇറങ്ങിയിട്ടും വീട്ടിലേക്കു മടങ്ങാനാകാത്ത സ്ഥിതിയാണ്. വീടിന്റെ സ്ഥിതി പഴയതിനേക്കാളും മോശമായി.  2015–16 കാലത്ത് ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെടുത്തി തങ്കമ്മയ്ക്കു വീട് അനുവദിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും ലൈഫ് പദ്ധതി നിലവിൽ വന്നു. ലൈഫ് മാനദണ്ഡപ്രകാരം തങ്കമ്മയുടെ പേര് ലിസ്റ്റിനു പുറത്തായി.

പട്ടികജാതി ഫണ്ടും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണു പുതിയ വീട് എന്ന സ്വപ്നം അകലുന്നത്. കുന്നം എൽപിഎസിലെ ഒരു മുറിക്കുള്ളിലാണു കുടുംബത്തിന്റെ താമസം. തങ്കമ്മ രാവിലെ വീട്ടു ജോലികൾക്കായി പോകും. കൃഷ്ണകുമാരി സ്കൂൾ വളപ്പും ക്ലാസ് മുറികളും വൃത്തിയാക്കുന്ന ജോലി ചെയ്യും. കൃഷ്ണപ്രിയ ഇതേ സ്കൂളിലെ വിദ്യാർഥിനിയാണ്.  പക്ഷേ എത്രനാൾ ഇങ്ങനെ കഴിയും എന്ന ആശങ്കയിലാണു കുടുംബം.  പഞ്ചായത്ത് അംഗം സൂര്യ വിജയകുമാറിന്റെ നേതൃത്വത്തിൽ തങ്കമ്മയ്ക്കൊരു വീടിനായി വേണ്ടി വരുന്ന ധനസമാഹരണത്തിനു ശ്രമിക്കുന്നുണ്ട്. 8606803730

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama