go

പാലമുണ്ടായിരുന്നെങ്കിൽ ജീവനുണ്ടായേനെ..

കൃഷ്ണപുരം–മാമ്പ്രക്കന്നേൽ റയിൽവേ ഗേറ്റ് അടച്ചിടുമ്പോഴുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ട നിര.
കൃഷ്ണപുരം–മാമ്പ്രക്കന്നേൽ റയിൽവേ ഗേറ്റ് അടച്ചിടുമ്പോഴുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ട നിര.
SHARE

പല അപകടങ്ങളും മരണങ്ങൾ വരെയും നടന്നിട്ടുണ്ട് മാമ്പ്രക്കന്നേൽ ലെവൽ ക്രോസിൽ. അക്കൂട്ടത്തിൽ നാട്ടുകാർ സങ്കടത്തോടെ ഓർക്കുന്നൊരു മരണമുണ്ട്. നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ അവസാന നിമിഷങ്ങൾ ഇവിടെ കുടുങ്ങിപ്പോയിരുന്നു. നെഞ്ചുവേദനയുണ്ടായ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത് ഇതുവഴിയാണ്. ഗേറ്റ് അടച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിലപ്പെട്ട അവസാന നിമിഷങ്ങളെ ഇവിടെ തടഞ്ഞു നിർത്തുകയായിരുന്നു. ഗേറ്റ് തുറന്ന ശേഷം ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആ വലിയ ജീവിതത്തിനു തിരശീല വീണു. 1992 ഡിസംബർ എട്ട്. അന്നു സംസ്ഥാനത്തു ഹർത്താലായിരുന്നു.

തലേന്നു തന്നെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. എട്ടിനു രാവിലെ അതു വർധിച്ചു. ആശുപത്രിയിലേക്കു പോകാൻ വാഹനം കിട്ടാൻ പ്രയാസം. ഒടുവിൽ കെപിഎസിയിൽനിന്നു വണ്ടിയെത്തി. വള്ളികുന്നത്തെ വീട്ടിൽനിന്നു മാമ്പ്രക്കന്നേൽ ലെവൽ ക്രോസ് വഴിയാണ് ആശുപത്രിയിലേക്കു പോകേണ്ടത്. ഗേറ്റ് തുറക്കാൻ കാത്തു കിടന്ന സമയം നഷ്ടപ്പെട്ടില്ലെങ്കിൽ ഒരുപക്ഷേ, അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നു. ഇവിടെയൊരു മേൽപാലം ഉണ്ടായിരുന്നെങ്കിലെന്ന് അക്കാലത്ത് ഏറെപ്പേർ ചിന്തിച്ചിട്ടുണ്ടാവില്ല.

പിന്നീട്, കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയായി ഈ റോഡ് വളർന്നപ്പോൾ ഗേറ്റിൽ തിരക്കു കൂടി വന്നു. നാട്ടുകാർ നിവേദനങ്ങളുമായി അലഞ്ഞു തുടങ്ങി. മേൽപാലത്തിനായി ആക്‌ഷൻ കൗൺസിലുണ്ടായി. സമരങ്ങൾ തുടർന്നു വന്നു. ബഹുജന കൺവൻഷനുകളും ഒപ്പുശേഖരണവും നടത്തി. മുഖ്യമന്ത്രിക്കും റെയിൽവേ മന്ത്രിക്കും എംപിക്കുമൊക്കെ നിവേദനങ്ങൾ പോയി. അതോടെയാണ് ഇങ്ങനെയൊരു പദ്ധതിക്കു രൂപമുണ്ടായതെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ചിറപ്പുറത്തു മുരളിയും ശ്യാം കൃഷ്ണയും പറയുന്നു. നിത്യവും ഇവിടത്തെ ദുരിതം അനുഭവിക്കുന്ന പൊതുപ്രവർത്തകരാണു കൗൺസിലിന്റെ തലപ്പത്ത്.

ദിവസം പല തവണ ലെവൽ ക്രോസ് വഴി പോകുന്നവർ. ദിവസം പലപ്പോഴായി ഒരു മണിക്കൂറെങ്കിലും ഇവിടെ നഷ്ടപ്പെടുന്നെന്ന് അവർ പറയുന്നു. ഇവിടെ കുരുങ്ങി സമയം നഷ്ടപ്പെടുത്തുന്ന ഒരുപാടുപേരുടെ പ്രതിനിധികളാണവർ. പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് പദ്ധതിക്ക് അനക്കം വച്ചത്. മൂന്നു വർഷം മുൻപ്. അന്നത്തെ എംപി കെ.സി.വേണുഗോപാലിന്റെ ശ്രമമുണ്ടായിരുന്നു അതിനു പിന്നിൽ. ആദ്യമായി മാമ്പ്രക്കന്നേൽ ലെവൽ ക്രോസ് കേന്ദ്ര ബജറ്റിൽ പരാമർശിക്കപ്പെട്ടു.

2017 – 18ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കു തുക നീക്കി വച്ചു. പിന്നെ കിഫ്ബി പദ്ധതികളിൽ ഇടം പിടിച്ചു. സ്ഥലമെടുപ്പിനു നടപടി തുടങ്ങി. കാര്യങ്ങൾ ഇവിടെ വരെയെത്തിയെങ്കിലും പിന്നെ മന്ദഗതിയാണ്. സ്ഥലമെടുപ്പു നടപടികൾക്കു വേഗമില്ലെന്നു നാട്ടുകാർക്കും ആക്‌ഷൻ കൗൺസിലിനും പരാതിയുണ്ട്. ഈ മാസം അവസാനം വീണ്ടും കൺവൻഷൻ നടത്തി സമരം ശക്തമാക്കാനുള്ള ആലോചനയിലാണവർ. 

ആലോചിച്ചതു 3 വഴികൾ 

മേൽപാലം പദ്ധതിയെപ്പറ്റിയുള്ള ആലോചനകൾ സജീവമായപ്പോൾ അധികൃതർ പരിഗണിച്ചതു 3 വഴികളാണ്.

1. വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വടക്കേ ഗേറ്റിന്റെ പാതയിൽ. 2. ഇപ്പോൾ പ്രവർത്തിക്കുന്ന ഗേറ്റിന്റെ ദിശയിൽ.3. ഇപ്പോഴത്തെ ഗേറ്റ് വഴി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനു തെക്കുവശം ദേശീയപാതയിൽ ചേരുന്ന വിധം. ആദ്യത്തേതാണ് ഇപ്പോൾ സജീവ പരിഗണനയിലുള്ള തെന്ന് അറിയുന്നു.

‘ഏതു വഴിയായാലും ഞങ്ങൾക്കു പുറത്തു കടന്നാൽ മതി. കിഴക്കുനിന്നു തടസ്സമില്ലാതെ ദേശീയപാതയിലെത്താൻ ഒരു വഴി മതി. ഇപ്പോൾ എങ്ങോട്ടു പോകാനും മാർഗമില്ല’ – ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. 

സ്റ്റേഷൻ അടുത്തുണ്ട്; വേഗം കുറയും

മാമ്പ്രക്കന്നേൽ ലെവൽ ക്രോസിൽനിന്ന് ഏറെ അകലെയല്ല ഓച്ചിറ റെയിൽവേ സ്റ്റേഷൻ. വടക്കു കായംകുളം സ്റ്റേഷൻ. പല ട്രെയിനുകളും സ്റ്റേഷനുകളിൽ നിർത്താനായി വേഗം കുറച്ചാണ് ഇതുവഴി പോകുന്നത്. ഗേറ്റ് തുറക്കാൻ കാത്തുനിൽക്കുന്നവരുടെ സമയം അങ്ങനെയും നഷ്ടപ്പെടുന്നു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama