go

‘പരാതിപ്പെട്ടി’ നിറച്ച് മലയാളി യാത്രക്കാർ

Bangalru News
SHARE

ബെംഗളൂരു∙ കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരെ റെയിൽവേയുടെ കോംസ് ആപ്പിൽ പരാതി പ്രവാഹവുമായി മലയാളി യാത്രക്കാർ. റെയിൽവേയുടെ പരാതി പരിഹാര സംവിധാനമായ കംപ്ലെയ്ന്റ്‌ മാനേജ്മെന്റ് സിസ്റ്റം ( കോംസ്) മൊബൈൽ ആപ്പിൽ ട്രെയിൻ യശ്വന്ത്പുരയിലേക്ക് തന്നെ മാറ്റി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതികൾ ഏറെയും ലഭിക്കുന്നത്.

മലബാർ മേഖലയിലേക്കുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസ് (16527/28) ഈ മാസം നാലിനാണ് ബാനസവാടിയിലേക്ക് മാറ്റിയത്. ട്രെയിൻ ബാനസവാടിയിലേക്ക് മാറ്റിയതോടെ രാത്രി 8.25ന് പുറപ്പെടേണ്ട ട്രെയിൻ 2 മണിക്കൂർ വരെ വൈകിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറപ്പെട്ടത്.യാത്രാ സൗകര്യം പരിമിതമായ ബാനസവാടിയിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് അടക്കമുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ട്. വാരാന്ത്യങ്ങളിൽ നാട്ടിൽ പോകുന്ന സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിനിൽ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.

കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്ക് നേരെയുള്ള അവഗണന തുടർക്കഥയായിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ ജനപ്രതിനിധികൾ മടിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാർ തന്നെ പരാതി ക്യാംപെയ്നുമായി മുന്നിട്ടിറങ്ങിയത്. ട്രെയിനിലെ ടിക്കറ്റ് പരിശോധകരുടെ കൈവശമുള്ള പരാതി പുസ്തകത്തിലും പലരും പ്രതിഷേധം രേഖപ്പെടുത്തി.

പരാതി നൽകാൻ കോംസ് ആപ്

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് കോംസ് ആപ് ഡൗൺലോഡ് ചെയ്യാം. പരാതി സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താൻ റജിസ്റ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി. തീയതി, ട്രെയിൻ നമ്പർ, പരാതിക്കാരന്റെ ഫോൺ നമ്പർ, ഇ മെയിൽ എന്നിവ രേഖപ്പെടുത്തണം.പരാതി റജിസ്റ്റർ ചെയ്താൽ റഫറൻസ് നമ്പർ കിട്ടും, ഈ നമ്പർ ഉപയോഗിച്ച് പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ അറിയാം. കൂടാതെ www.coms.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതി നൽകാം.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama