go

മാലിന്യം തളളാൻ 6 പാറമടകൾ കൂടി

waste-plastic
SHARE

ബെംഗളൂരു ∙ നഗരത്തിൽ നിന്നുള്ള മാലിന്യം തള്ളാൻ ആറിടത്ത് ഒഴിഞ്ഞ പാറമടകൾ കണ്ടെത്തി. നഗര വികസന വകുപ്പ് നിർദേശമനുസരിച്ചു ജില്ലാ ഭരണകൂടവും മൈൻസ് ആൻഡ് ജിയോളജി വകുപ്പും ചേർന്നു നടത്തിയ പരിശോധനയിൽ മാരഗോണ്ടനഹള്ളി, ഗൊല്ലഹള്ളി, മൈലസന്ദ്ര, മിത്തഗനഹള്ളി, മാരനഹള്ളി, കഡെ അഗ്രഹാര എന്നിവിടങ്ങളിലാണു പാറമടകൾ കണ്ടെത്തിയത്.   


ഇവയിൽ ബാഗലൂരുവിലും മാരെനഹള്ളിയിലും മാലിന്യം തള്ളാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി)യ്ക്ക് അനുമതി നൽകിയതായി ജില്ലാ കലക്ടർ‌ കെ.ശ്രീനിവാസ് അറിയിച്ചു.  ശേഷിച്ച പാറമടകൾ ബിബിഎംപി ഉദ്യോഗസ്ഥർ സന്ദർശിച്ചു മാലിന്യം തള്ളാനാകുമോ എന്നു പരിശോധിക്കും. ഇതിനു പുറമേ ആനേക്കലിലും അത്തിബെലെയിലും ഒഴിഞ്ഞ പാറമടകൾ കണ്ടെത്താൻ തഹസിൽദാർമാർക്കു നിർദേശം നൽകി.

മാരനഹള്ളിയിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളാനാണു ബിബിഎംപി നീക്കം. പരിസ്ഥിതിക്കു ദോഷമുണ്ടാക്കാത്ത വിധം കെട്ടിടാവശിഷ്ടങ്ങൾ തള്ളി പാറമട നികത്താനാകും. ഈ സ്ഥലം പിന്നീട് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. മിത്തഗനഹള്ളിയിലെ പാറമടയിൽ മാലിന്യം തള്ളാൻ അനുമതി തേടി ബിബിഎംപി നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. അനുമതി ലഭിച്ചാൽ ഇവിടെ വേർതിരിക്കാത്ത ഖര-ദ്രവ മാലിന്യം സംസ്കരിക്കാനാണു പദ്ധതി. അതേസമയം പരമാവധി 4മാസം മാലിന്യം സംസ്കരിക്കാനുള്ള ശേഷിയേ ഈ പാറമടയിലുള്ളൂ.

വേർതിരിക്കാത്ത മാലിന്യം പാറമടകളിൽ സംസ്കരിക്കുന്നതിനു ദേശീയ ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയ നിയന്ത്രണവും തലവേദനയാകും. ബാഗലൂരിൽ ബിബിഎംപിയുടെ സ്വന്തം സ്ഥലത്തു മാലിന്യം സംസ്കരിക്കുന്നതും ആലോചനയിലുണ്ട്.
നിലവിൽ ബെംഗളൂരുവിൽ നിന്നുള്ള മാലിന്യം തള്ളുന്ന ബെല്ലഹള്ളിയിലെ പാറമട നിറയാറായതാണു മാലിന്യ നീക്കത്തിനു തിരിച്ചടിയായത്.
ഇവിടേക്കുള്ള ട്രക്കുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ കഴിഞ്ഞയാഴ്ച ടൺ കണക്കിനു മാലിന്യമാണു റോഡരികിലും മറ്റുമായി കുമിഞ്ഞുകൂടിയത്. ഇതേ തുടർന്നാണു യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ പാറമടകൾ കണ്ടെത്തിയത്.

എറിയേണ്ട, മാലിന്യം വീപ്പയിലിടൂ

 എംജി റോഡ്, വിധാൻസൗധ ഉൾപ്പെടുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ സിബിഡി) മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ 1000 മാലിന്യവീപ്പകൾ.ഇവയിൽ 400 എണ്ണം സെൻസറുകൾ ഘടിപ്പിച്ചവയാണ്. വീപ്പ നിറയുമ്പോൾ ബിബിഎംപിയുടെ ഖരമാലിന്യ നിർമാർജന ഉദ്യോഗസ്ഥർക്കു സന്ദേശം ലഭിക്കും. കോർപറേറ്റ് സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ)യുടെ ഭാഗമായി ഗെയ്‌ൽ ഗ്യാസ് ലിമിറ്റഡ് ആണ് ഒരു കോടി രൂപ ചെലവിൽ 1000 സ്റ്റീൽ വീപ്പകൾ ബിബിഎംപിക്കു നൽകിയത്.ഇവയിൽ 600 എണ്ണം ഇതിനകം ടെൻഡർ ഷുവർ റോഡുകളിലെയും മറ്റും നടപ്പാതകളിൽ സ്ഥാപിച്ചു കഴിഞ്ഞു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama