go

ഇനി ചെന്നൈ ഡിജിറ്റൽ പൊലീസ്

computer
SHARE

ചെന്നൈ∙ പൊലീസും ഡിജിറ്റലാവുന്നു. പൊലീസ് സേവനങ്ങളിൽ പലതും ഓൺലൈനിൽ ലഭ്യമാക്കാനുള്ള നടപടികൾക്ക് സിറ്റി പൊലീസ് തുടക്കമിട്ടു. പൊലീസ് സ്റ്റേഷനിൽ നിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കുന്ന പൊലീസ് വെരിഫിക്കേഷൻ സർവീസ് (പിവിഎസ്) സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ, ഭാര്യയും എഡിജിപിയുമായ സീമ അഗർവാൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.വീട്ടുടമകൾക്കും, തൊഴിൽ ദാതാക്കൾക്കും പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭിക്കും. സർട്ടിഫിക്കറ്റുകൾക്കായി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടിവരുന്നത് ഒഴിവാക്കാം.

സെൽഫ് വെരിഫിക്കേഷൻ, ജോബ് വെരിഫിക്കേഷൻ, ടെനന്റ് വെരിഫിക്കേഷൻ, ഡൊമസ്റ്റിക് ഹെൽപ് വെരിഫിക്കേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് ഓൺലൈനിൽ ലഭിക്കുക. വ്യക്തികളുടെ വിലാസം, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവയുടെ വിവരം അടങ്ങിയതാണ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ.തമിഴ്നാട്ടിൽ സ്ഥിരമായി താമസിക്കുന്നവരുടെ വിവരം മാത്രമാണ് ലഭിക്കുക. ഓൺലൈൻ സേവനം പുറത്തിറക്കിയതിനു പിന്നാലെ നൂറിലധികം അപേക്ഷകൾ ലഭിച്ചതായി സിറ്റി പൊലീസ് അറിയിച്ചു.എഫ്ഐആർ, നഷ്ടപ്പെട്ട രേഖകൾ സംബന്ധിച്ച പരാതിയുടെ മേൽ ലഭിക്കുന്ന ലോസ്റ്റ് ഡോക്കുമെന്റ് റിപ്പോർട്ട് (എൽഡിആർ) എന്നിവയുടെ പകർപ്പുകൾ 2018 സെപ്റ്റംബർ മുതൽ ഓൺലൈനിൽ ലഭ്യമാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് ഇതു പ്രയോജനപ്പെടുന്നുണ്ടെന്ന് വിശ്വനാഥൻ പറഞ്ഞു.

ഇതുവരെ 8.5 ലക്ഷം പേർ ഈ സേവനം ഉപയോഗപ്പെടുത്തിയതായി പൊലീസ് വകുപ്പ് വ്യക്തമാക്കി. പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കുന്നതിനും, സ്റ്റേഷനുകൾ േകന്ദ്രീകരിച്ചുള്ള അഴിമതി തടയാനും പുതിയ സംവിധാനം സഹായിക്കുമെന്നാണു തമിഴ്നാട് പൊലീസിന്റെ കണക്കുകൂട്ടൽ.ഇതു കൂടാതെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ അടങ്ങിയ TNPolice CUG എന്ന മൊബൈൽ ആപ്ലിക്കേഷനും പൊലീസ് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.അതാതു പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾക്കു നേരിട്ടു ബന്ധപ്പെടാൻ ഇതിലൂടെ സാധിക്കും. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലാണ് ആപ്ലിക്കേഷൻ ലഭിക്കുക.

അപേക്ഷിക്കാൻ വെബ്സൈറ്റ്; ഫീസടയ്ക്കാൻ ഓൺലൈൻ

∙ www.eservices.tnpolice.gov.in എന്ന വെബ്സൈറ്റിലൂടെ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാം. ഫീസായി 500 രൂപ അടയ്ക്കണം. തുക ഓൺലൈനായി അടയ്ക്കാൻ സൗകര്യമുണ്ട്. ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) എടുക്കുന്നത് ഒഴിവാക്കാം. നേരത്തേ ഇത് 1,000 രൂപയായിരുന്നു.
സ്വകാര്യ കമ്പനികളുടെ ഫീസും 3,000 രൂപയിൽ നിന്ന് 1,000 രൂപയായി കുറച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ  ഭാഗമായാണു നടപടി.
∙ സെൽഫ് വെരിഫിക്കേഷൻ, ജോബ് വെരിഫിക്കേഷൻ, ടെനന്റ് വെരിഫിക്കേഷൻ, ഡൊമെസ്റ്റിക് ഹെൽപ് വെരിഫിക്കേഷൻ തുടങ്ങിയ പൊലീസ് സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ.
∙ ലോസ്റ്റ് ഡോക്യുമെന്റ് റിപ്പോർട്ട് (എൽഡിആർ), എഫ്ഐആർ പകർപ്പുകളും ഓൺലൈനിൽ ലഭ്യം.
 
∙ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരുകൾ ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama