go

പണിമുടക്ക്: തമിഴ്നാട്ടിൽ ട്രെയിൻ ഗതാഗത തടസ്സം

ഗിണ്ടി റയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾ ട്രെയിൻ തടഞ്ഞപ്പോൾ.
SHARE

ചെന്നൈ∙  കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 2 ദിവസത്തെ അഖിലേന്ത്യ പണിമുടക്കിൽ തമിഴ്നാട്ടിൽ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈയിൽ അണ്ണാശാലയിൽ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.സെൻട്രൽ, പെരമ്പൂർ, ഗിണ്ടി, മധുര, തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനുകളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു.ഗിണ്ടി സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ സിഐടിയു സംസ്ഥാന പ്രസിഡന്റ് എ.സൗന്ദർരാജനെയും നൂറിലധികം സമരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കവാടം മറച്ചു പ്രതിഷേധം നടത്തിയ സമരക്കാരും യാത്രക്കാരും തമ്മിൽ നേരിയതോതിൽ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെട്ടു സംഘർഷം നിയന്ത്രിച്ചു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തമിഴ്നാട്ടിൽ എഴുപതോളം ഇടങ്ങളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

പെരമ്പൂരിൽ ട്രെയിൻ തടയാനെത്തിയ തൊഴിലാളികളും പൊലീസും തമ്മിലുണ്ടായ സംഘർഷം.

ചെന്നൈയിൽ സ്വകാര്യ ഓഫിസുകളും, സ്കൂളുകളും സാധാരണ നിലയിൽ പ്രവർത്തിച്ചു. സർക്കാർ ഓഫിസുകളിലും പൊതുമേഖലാ ബാങ്കുകളിലും ഹാജർനില കുറവായിരുന്നു. സംസ്ഥാനത്തെ 85,000 പൊതുമേഖലാ ബാങ്ക് ബ്രാഞ്ചുകളിലും, 25,000 സഹകരണ ബാങ്ക് ബ്രാഞ്ചുകളിലെയും ജീവനക്കാർ സമരത്തിൽ പങ്കെടുത്തതായി തമിഴ്നാട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.പി.കൃഷ്ണൻ പറഞ്ഞു.ചെന്നൈയിൽ നിന്നുള്ള സംസ്ഥാനാന്തര ബസ് സർവീസുകൾ സംസ്ഥാനാതിർത്തിയിൽ സർവീസ് അവസാനിപ്പിച്ചു. പണിമുടക്കിൽ പങ്കെടുക്കുന്ന സ്ഥിരം ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം പിടിക്കുമെന്നു സർക്കാർ വ്യക്തമാക്കി. പണിമുടക്കു തമിഴ്നാട്ടിൽ വിജയമായെന്നും, അനിഷ്ട സംഭവങ്ങളുണ്ടായില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama