go

പൊങ്കൽ സമ്മാനം തടഞ്ഞ വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക് സർക്കാർ

SHARE

ചെന്നൈ∙ സംസ്ഥാനത്തെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും 1,000 രൂപ പൊങ്കൽ സമ്മാനം നൽകുന്നതു തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു തമിഴ്നാട് സർക്കാർ. തുക ബിപിഎൽ കാർഡ് ഉടമകൾക്കു മാത്രമേ നൽകാവൂ എന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു.

സ്റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ഹൈക്കോടതി വേണമെങ്കിൽ സർക്കാരിനു മേൽക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണു സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള ഒട്ടേറെ പേർക്ക് ഇതിനകം തുക നൽകിയെന്നും, പക്ഷപാതം ഒഴിവാക്കാൻ വിലക്ക് നീക്കണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ ഇതു സംബന്ധിച്ച രേഖകൾ സർക്കാർ സമർപ്പിച്ചില്ലെന്നും, ഹർജി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവർക്കും പണം നൽകണമെന്ന നിർബന്ധം എന്തിനാണെന്നും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു മാത്രമായി സഹായം ചുരുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു. എന്നാൽ മറ്റു പൊങ്കൽ സമ്മാനങ്ങൾ എല്ലാ കാർഡ് ഉടമകൾക്കും നൽകാമെന്നും കോടതി അറിയിച്ചു.

കോടതി വിധി വന്നതോടെ ഇനി ബിപിഎൽ കാർഡ് ഉടമകൾക്കു മാത്രമാവും പണം ലഭിക്കുക. 258 കോടി രൂപയാണു പദ്ധതിക്കായി സർക്കാർ നീക്കിവച്ചത്. എല്ലാവർക്കും പണം നൽകുന്ന സർക്കാർ പദ്ധതിക്കെതിരെ കോയമ്പത്തൂർ സ്വദേശി ഡാനിയൽ യേശുദാസ് എന്നയാളാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama