go

ബസ് ആക്രമണ കേസ്: ബാലകൃഷ്ണ റെഡ്ഡിയുടെ ശിക്ഷ റദ്ദാക്കില്ല

SHARE

ചെന്നൈ∙സർക്കാർ ബസ് ആക്രമിച്ച കേസിൽ മുൻ മന്ത്രി ബാലകൃഷ്ണ റെഡ്ഡിയെ  മൂന്നു വർഷത്തെ  തടവിനു ശിക്ഷിച്ച പ്രത്യേക കോടതി വിധി റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെ, മന്ത്രി സ്ഥാനത്തു തിരിച്ചെത്താനുള്ള റെഡ്ഡിയുടെ  അവസാന സാധ്യതയും ഇല്ലാതായി. എംഎൽഎ സ്ഥാനവും നഷ്ടമാകും.കോടതിക്കു മുൻപാകെ കീഴടങ്ങിയാലുടൻ റെഡ്ഡി ജയിലിലാകും.

1998ൽ ബിജെപി നേതാവായിരിക്കെ ഹൊസൂരിൽ നടന്ന  സമരവുമായി  ബന്ധപ്പെട്ട കേസാണു 20 വർഷത്തിനു ശേഷം റെഡ്ഡിക്കു പാരയായത്. കേസിലെ 72-ാം പ്രതിയായ റെഡ്ഡിയെ മൂന്നു വർഷം തടവിനു ശിക്ഷിച്ച് എംപിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ക്രിമിനൽ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയാൽ എംഎൽഎ പദവി നഷ്ടമാകും.

പദവി നിലനിർത്താനുള്ള അവസാന ശ്രമമെന്ന നിലയിലാണു റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ സാക്ഷി നൽകിയ തെളിവു  മാത്രമാണു തനിക്കെതിരെയുള്ളതെന്നു റെഡ്ഡി വാദിച്ചു. രാഷ്ട്രീയ പ്രേരിതമായി റജിസ്റ്റർ ചെയ്ത  കേസാണിത്. കേസിലെ ഒന്നാം പ്രതി ഗോവിന്ദ റെഡ്ഡിയാണു അക്രമത്തിനു നേതൃത്വം നൽകിയതെന്നു ഒട്ടേറെ സാക്ഷി മൊഴികളുണ്ട്. സമരത്തിൽ പങ്കെടുത്തതു കൊണ്ടു  മാത്രം റെഡ്ഡിക്കെതിരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം  ചുമത്താനാകില്ലെന്നു പബ്ലിക് പ്രോസിക്യൂട്ടർ  ഹൈക്കോടതിയിൽവാദിച്ചു.

പ്രോസിക്യൂഷനായി വാദിക്കേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എങ്ങനെയാണു പ്രതിക്കു  വേണ്ടിവാദിക്കുന്നതെന്നു ജസ്റ്റിസ് വി.പാർഥിപൻ ചോദിച്ചു. രാഷ്ട്രീയ നേതാക്കൾ സമൂഹത്തിനു മാതൃകയാകേണ്ടവരാണെന്നു കോടതി നിരീക്ഷിച്ചു. ഈ മാസം ഏഴിനാണു കേസിൽ ബാലകൃഷണ റെഡ്ഡി കുറ്റക്കാരനാണെന്നു പ്രത്യേക കോടതി വിധിച്ചത്. അതിനു പിന്നാലെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കേസിൽ പ്രതിയാക്കിയതിനെതിരായ റെഡ്ഡിയുടെ ഹർജി പിന്നീട്  പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama