go

2000 കോടി ചെലവിൽ പാർക്കിങ് പദ്ധതി; മിന്നിയത് ചെന്നൈ

1. അമ്മ തന്നെ ശരണം: ബജറ്റ് അവതരണ സമയത്ത് ജയലളിതയുടെ ചിത്രം പോക്കറ്റിൽ വച്ച് നിയമസഭയിലെത്തുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമി. 2. സർവം അമ്മ മയം: ബജറ്റ് അവതരിപ്പിക്കാൻ ജയലളിതയുടെ ചിത്രമുള്ള പെട്ടിയുമായി സഭയിലെത്തുന്ന ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം
SHARE

ചെന്നൈ∙ അണ്ണാഡിഎംകെ സർക്കാരിന്റെ മൂന്നാം ബജറ്റിൽ ചെന്നൈ നഗരത്തിനു പദ്ധതി പെരുമഴ. നഗരവികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണു ചെന്നൈക്കായി ബജറ്റിലുള്ളത്.

പാർക്കിങ് പ്രശ്നം തീർക്കാൻ 2,000 കോടി

∙പാർക്കിങ് പ്രശ്നത്തിനു പരിഹാരം കാണാൻ നഗരത്തിൽ 2,000 കോടി രൂപ ചെലവിൽ കോംപ്രിഹെൻസീവ് ഇന്റഗ്രേറ്റഡ് പാർക്കിങ് മാനേജ്മെന്റ് പദ്ധതി നടപ്പാക്കും. നഗരത്തിൽ പലയിടത്തായി ഭൂഗർഭ, ബഹുനില, സ്മാർട് പാർക്കിങ് സൗകര്യങ്ങളാണ് ഒരുക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുക. 4 ലക്ഷം കാറുകൾക്കും അത്രതന്നെ ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൗകര്യം ഒരുക്കും. പാർക്കിങ് ചാർജിലൂടെ ലഭിക്കുന്ന വരുമാനം കോർപറേഷനു ലഭിക്കും.

തമിഴ്നാട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് കോർപറേഷൻ (ടിഎൻഐഎഫ്എംസി) ധനസഹായം നൽകും. ഈയിടെ നിർമാണം തുടങ്ങിയ സ്മാർട് പാർക്കിങ് സ്ലോട്ടുകൾ പദ്ധതിയിൽ ലയിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.നഗരത്തിലെ 50 ശതമാനം ഗതാഗതക്കുരുക്കിനും കാരണം ആവശ്യത്തിനു പാർക്കിങ് സൗകര്യമില്ലാത്തതാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത തടസ്സം 70 ശതമാനത്തോളം കുറയുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.

മെട്രോ റെയിലിനും കൈനിറയെ

∙ ചെന്നൈ മെട്രോ റെയിൽ പദ്ധതിക്ക് 2,681 കോടി രൂപ പ്രഖ്യാപിച്ചു. ഒന്നാം ഘട്ട മെട്രോയുടെ വിപുലീകരണ പദ്ധതിയായ വാഷർമാൻപെട്ട്–വിംകോ നഗർ പാതയുടെ നിർമാണം 2020 ജൂണിൽ കമ്മിഷൻ ചെയ്യും. 1,950 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. എയർപോർട്ട് മുതൽ കിളമ്പാക്കം വരെ മെട്രോ പാത നീട്ടുന്നതിനുള്ള സാധ്യതാ പഠനം വൈകാതെ പൂർത്തിയാക്കും. രണ്ടാം ഘട്ട മെട്രോയിലെ മാധവാരം–ഷോലിംഗനല്ലൂർ ഇടനാഴിയുടെ നിർമാണത്തിന് ജൈക്ക 20,196 കോടി രൂപ അനുവദിച്ചതായും, രണ്ടാം ഘട്ടത്തിനു സർക്കാർ 40,491 കോടി രൂപ വകയിരുത്തിയെന്നും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം പറഞ്ഞു.

നഗരയാത്ര ഹൈടെക് ആകും

∙ ട്രാൻസ്പോർട്ട് വകുപ്പു പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്ന ബിഎസ് 6 വിഭാഗത്തിലുള്ള 12,000 പുതിയ ബസുകളും, 2,000 ഇലക്ട്രിക് ബസുകളും വാങ്ങും. 5,890 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. ആദ്യഘട്ടത്തിൽ 500 ഇലക്ട്രിക് ബസുകൾ ചെന്നൈ എംടിസിക്ക് ലഭ്യമാക്കും. ഘട്ടം ഘട്ടമായി കോയമ്പത്തൂർ, മധുര ഉൾപ്പെടെയുള്ള നഗരങ്ങളിലും ഇലക്ട്രിക് ബസുകൾ ലഭിക്കും.

∙ തമിഴ്നാട് ഇ ഗവേണൻസ് ഏജൻസിയുടെ നേതൃത്വത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ജനക്ഷേമപദ്ധതിക്ക് ഉപയോഗിക്കുന്നതിനു പ്രത്യേക സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കും.
നിർമിത ബുദ്ധി, മെഷീൻ ലേണിങ്, ബ്ലോക് ചെയിൻ, ബിഗ് ഡേറ്റ, ഡ്രോൺ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണു  പദ്ധതിയുടെ ലക്ഷ്യം.

∙ ചെറുകിട വ്യവസായങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരുമുടിവാക്കം, ആലത്തൂർ എന്നിവിടങ്ങളിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ വികസിപ്പിക്കും. ഡിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്ക് പ്രത്യേക ഫീഡർ വൈദ്യുത ലൈനുകൾ അനുവദിക്കും.

അണ്ണാ വാഴ്സിറ്റിക്ക് 100 കോടി

∙ അടിസ്ഥാന സൗകര്യ വികസനത്തിന് അണ്ണാ സർവകലാശാലയ്ക്ക് 100 കോടി രൂപ. പഠന നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്നതിനും തുക ചെലവഴിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama