go

21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്നു ഡിഎംകെ

election–chennai
SHARE

ചെന്നൈ∙ തമിഴ്നാട്ടിൽ ഒഴിഞ്ഞു കിടക്കുന്ന 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്നു ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. ഡിഎംകെ എംപി കനിമൊഴി സ്റ്റാലിന്റെ കത്ത് ന്യൂഡൽഹിയിലെ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിനു കൈമാറി. തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലെയും ഒഴിഞ്ഞു കിടക്കുന്ന 21 നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തണം. വോട്ടർമാരുടെയും സർക്കാർ ജീവനക്കാരുടെയും സമയം ഇതിലൂടെ ലാഭിക്കാമെന്നും, തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ചെലവുകൾ കുറയ്ക്കാമെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു.

39 ലോക്സഭാ മണ്ഡലങ്ങളുടെ ഭാഗമാണ് ഒഴിവുള്ള നിയമസഭാ സീറ്റുകളെന്നും തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാൽ തിരഞ്ഞെടുപ്പു മാനദണ്ഡങ്ങളും, പെരുമാറ്റച്ചട്ടങ്ങളും ഏർപ്പെടുത്താൻ എളുപ്പമാണെന്നും സ്റ്റാലിൻ പറഞ്ഞു. രണ്ടു തവണ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ നടത്തേണ്ടി വരുന്ന പ്രയാസം രാഷ്ട്രീയപാർട്ടികൾക്കും ഉണ്ടാവില്ല. രണ്ടു തിരഞ്ഞെടുപ്പുകളുടെയും വോട്ടെടുപ്പിന് ഒരേ ബൂത്തുകൾ ഉപയോഗിക്കാമെന്നും ചെലവ് പകുതിയായി ചുരുക്കാമെന്നും ആവശ്യം പരിഗണിക്കണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു. 21 നിയമസഭാ മണ്ഡലങ്ങൾ ഒഴിഞ്ഞു കിടക്കുന്നതായി ഈയിടെ തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനം ഇറക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീക്കിയതിനു പിന്നാലെയാണിത്.

ദിനകര പക്ഷ എംഎൽഎമാരുടെ 18 സീറ്റുകളും, കരുണാനിധി, എ.കെ.ബോസ്, എന്നിവരുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന തിരുവാരൂർ, തിരുപ്പറംകുണ്ട്രം സീറ്റുകളും, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട മുൻ മന്ത്രി ബാലകൃഷ്ണ റെഡ്ഡിയുടെ ഹൊസൂർ സീറ്റുമാണ് നിലവിൽ ഒഴിഞ്ഞു കിടക്കുന്നത്. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്നു കാണിച്ചു ഗവർണറെ കണ്ടതിന് 2017ലാണ് ദിനകരനൊപ്പമുള്ള 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച ബെഞ്ച് വ്യത്യസ്ത വിധി പുറപ്പെടുവിച്ചതിനെ തുടർന്നു കേസ് മൂന്നാം ജഡ്ജിക്കുവിട്ടു.

മൂന്നാം ജഡ്ജി സ്പീക്കറുടെ നടപടി ശരിവച്ചതോടെ 18 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു തടസ്സങ്ങൾ നീങ്ങി. 1998ൽ ഡിഎംകെ സർക്കാരിനെതിരെ നടന്ന സമരത്തിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബാലകൃഷ്ണ റെഡ്ഡി 3 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതോടെയാണു ഹൊസൂർ മണ്ഡലത്തിൽ ഒഴിവു വന്നത്. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടന്നാൽ സർക്കാരിനെതിരെയുള്ള ജനവികാരവും, അണ്ണാഡിഎംകെയിലെ ആശയക്കുഴപ്പങ്ങളും മുതലാക്കി പരമാവധി നേട്ടമുണ്ടാക്കാമെന്നാണു ഡിഎംകെയുടെ കണക്കുകൂട്ടൽ. 19 സീറ്റുകൾ നേടാനായാൽ ഡിഎംകെയ്ക്കു ഭരണം പിടിച്ചെടുക്കാം. ഡിഎംകെയുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചാൽ സംസ്ഥാനത്തു വീണ്ടും രാഷ്ട്രീയ പോര് മുറുകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama