go

ഞാൻ മോശക്കാരനെങ്കിൽ, പിന്നെയെന്തിന് മഹാസഖ്യം: മോദി

തിരുപ്പൂരിനു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയിൽ എത്തിച്ചേർന്ന പ്രവർത്തകർ
SHARE

തിരുപ്പൂർ ∙ താനും തന്റെ ഭരണവും മോശമാണെങ്കിൽ പിന്നെ എന്തിനാണു തനിക്കെതിരെ മഹാസഖ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുപ്പൂരിൽ ബിജെപിയുടെ മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്നോടുള്ള എതിർപ്പു മാത്രമാണിത്. എന്തിനാണു തന്റെ നേരെ മാത്രം അവർ തോക്കു ചൂണ്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ രൂപീകരിച്ച മുന്നണിയുടെ അജൻഡയും പരിപാടിയും എന്താണ്? ഇതു പണക്കാരുടെ കൂട്ടുകെട്ടാണ്. കുടുംബാധിപത്യമാണ് ഇവരുടെ ലക്ഷ്യം.  ഏതു ചോദ്യത്തിനും ഉള്ള  ഉത്തരം മോദി എന്നു മാത്രമാണ്. കുറച്ചു നേതാക്കൾ ടെലിവിഷനിൽ നിറഞ്ഞേക്കാം. പക്ഷേ, ജനങ്ങളുടെ മനസ്സിൽ നിങ്ങളുണ്ടാകില്ലെന്നും തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു.  

അടിസ്ഥാനവിഭാഗക്കാരെക്കുറിച്ച്  എതിരാളികൾക്കു ചിന്തയില്ല.  കർഷകരെല്ലാം എന്നും ദരിദ്രരായി കഴിയണമെന്നാണ് അവരുടെ താത്പര്യം. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ പേരെടുത്തു പറയാതെ ‘ റീ കൗണ്ടിങ് മിനിസ്റ്റർ ’ എന്നു വിളിച്ച് മോദി കളിയാക്കി.എല്ലാ കാര്യങ്ങളും തനിക്ക് അറിയാമെന്നാണ് അദ്ദേഹത്തിന്റെ ഭാവം. ഫാമിലി പാക്ക് ഐസ് ക്രീം, മൊബൈൽ റീ ചാർജ് എന്നു വിളിക്കുന്നതുപോലെ കേസുകളിൽ നിന്നു ഫാമിലി പാക്ക് ജാമ്യമെടുക്കാൻ ചിലർ ഓടിനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടികവിഭാഗ ഉദ്യോഗസംവരണ വിഷയത്തിൽ മുൻപ് ഡിഎംകെ പിന്തുണയുള്ള കോൺഗ്രസ് സർക്കാർ സ്വീകരിച്ച ദോഷകരമായ നിലപാട് പിന്നീടു വന്ന വാജ്പേയ് സർക്കാരാണു തിരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബിജെപി തമിഴ്നാട് സംസ്ഥാന സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, കയർ ബോർഡ് ചെയർമാൻ സി.പി.രാധാകൃഷ്ണൻ, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി വാനദി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama