go

കമൽ ഹാസൻ അവസരവാദി : ഡിഎംകെ മുഖപത്രം

Chennai-Kamalahassan
SHARE

ചെന്നൈ∙ മക്കൾ നീതി മയ്യം  നേതാവ്  കമൽ ഹാസനെ കടന്നാക്രമിച്ചു ഡിഎംകെ മുഖപത്രം മുരശൊലി. കമൽ അവസരവാദിയാണെന്നും ഡിഎംകെയെ അഴിമതിപ്പാർട്ടിയെന്നു വിളിക്കുന്നതു ബിജെപിയുടെ  താൽപര്യപ്രകാരമാണെന്നും പത്രത്തിലെ ലേഖനത്തിൽ പറയുന്നു.ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഡിഎംകെ അഴിമതിപ്പാർട്ടിയാണെന്ന മട്ടിൽ കമൽ പരാമർശം നടത്തിയിരുന്നു. ഇതിനു മറുപടിയായാണു ലേഖനം. അതേസമയം, ഡിഎംകെ മുൻ  എംഎൽഎയുടെ മകളുടെ വിവാഹപാർട്ടിയിൽ ഇന്നലെ കമലും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും ഒരുമിച്ചു  പങ്കെടുത്തു. 

വേദിയിൽ ഇരുവരും ദീർഘനേരം സംഭാഷണത്തിലേർപ്പെട്ടതു ശ്രദ്ധേയമായി.  ബിജെപിയിൽ നിന്നുള്ള സമ്മർദ ഫലമായാണ്  കമൽ ഡിഎംകെക്കെതിരെ യുക്തിരഹിതമായ  ആരോപണങ്ങളുന്നയിക്കുന്നതെന്നു ലേഖനത്തിൽ പറയുന്നു. ഏഴു വർഷമായി ഡിഎംകെ അധികാരത്തിനു പുറത്താണ്. എന്നിട്ടും ഡിഎംകെ അഴിമതിപ്പാർട്ടിയാണെന്നു കമൽ പറയുന്നു. സിനിമാ താരങ്ങളുടെ  നികുതി വെട്ടിപ്പിന്റെ കഥകൾ എല്ലാവർക്കുമറിയാം.ഡിഎംകെയെ പലരും പിന്നിൽ നിന്നു കുത്തിയിട്ടുണ്ട്. എന്നിട്ടും പാർട്ടി  തലയുയർത്തി തന്നെ നിൽക്കുന്നുവെന്നു കമൽ ലേഖനം ഓർമിപ്പിക്കുന്നു. കരുണാനിധി  ജീവിച്ചിരുന്നപ്പോൾ കമൽ ഹാസൻ എല്ലാ പരിപാടികൾക്കും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

ഡിഎംകെ അഴിമതിപ്പാർട്ടിയാണെങ്കിൽ അതിന്റെ തലവനെയെന്തിനാണു എല്ലാ പരിപാടികൾക്കും ക്ഷണിച്ചതെന്നു ജനം അത്ഭുതപ്പെടും. അവസരവാദിയായ  കമൽഹാസന്റെ ജൽപനങ്ങളിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നു  പാർട്ടി പ്രവർത്തകരെ ലേഖനം ആഹ്വാനം ചെയ്യുന്നു. രണ്ടു മാസം മുൻപ് രജനീകാന്ത് ബിജെപിയുടെ കയ്യിലെ കളിപ്പാവയാണെന്നു വിമർശിക്കുന്ന  ലേഖനം മുരശൊലി പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ലേഖനം പിൻവലിച്ചു മാപ്പു പറഞ്ഞു. 

ഡിഎംകെ മുൻ എംഎൽഎയുടെ മകളുടെ  ചെന്നൈയിൽ നടന്ന വിവാഹച്ചടങ്ങിലാണു കമലും സ്റ്റാലിനും കണ്ടത്. വേദിയിൽ കമലിനെ തൊട്ടടുത്ത കസേരയിൽ ഇരുത്തിയ സ്റ്റാലിൻ ദീർഘനേരം സംഭാഷണത്തിലേർപ്പെട്ടു. കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണൻ, ഡിഎംകെ ട്രഷറർ ദുരൈമുരുഗൻ ഉൾപ്പെടെ  പ്രമുഖർ  പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama