ഒരുങ്ങാം, ഒരുഗ്രൻ സ്വപ്നാനുഭവത്തിന്...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി മെട്രോയുടെ ഉൾവശം. കൊച്ചി മെട്രോയുടെ ഉൾവശം.

ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും മാത്രം കണ്ടു ശീലിച്ചവർക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നൽകിയ ചടുലതയും യുവത്വവും വേഗവും ആധുനികതയുമെന്താണോ അതാണു കൊച്ചി മെട്രോ മലയാളിക്കു മുന്നിലെത്തിക്കുന്നത്. ഒരു ന്യൂജെൻ, അടിപൊളി, കൊലമാസ് അനുഭവം. സ്റ്റേഷനുള്ളിലേക്കു പ്രവേശിക്കുന്നതു മുതൽ ടിക്കറ്റെടുത്ത്, മെട്രോയിൽ യാത്ര ചെയ്ത്, ലക്ഷ്യത്തിലെത്തി പുറത്തിറങ്ങും വരെ സകലതും പുതുമയായിരിക്കും.

കുറച്ചു നാളുകളിലേക്കെങ്കിലും പലരെയും അത്ഭുതപ്പെടുത്തുന്നതുമാകും. സാധാരണക്കാർക്കു വേണ്ടിയുള്ള പൊതുഗതാഗത സംവിധാനത്തിൽ രാജ്യാന്തര സൗകര്യങ്ങളാണു കൊച്ചി മെട്രോ കരുതിവച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ മാത്രം ഒരുപക്ഷേ, ഇന്നു ലഭ്യമായ സൗകര്യങ്ങളാകും ഒൻപതുദിവസം കഴിഞ്ഞാൽ ഓരോ മലയാളിക്കും ആസ്വദിക്കാനാകുക.

ernakulam-metro-out കൊച്ചി മെട്രോയിൽനിന്നുള്ള ഇടപ്പള്ളി ജംക്‌ഷന്റെ ദൃശ്യം.

എല്ലാവരുടെയും മെട്രോ

ഒരു പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന സ്ഥലത്തു തന്നെയാണോ തങ്ങൾ എത്തിപ്പെട്ടിരിക്കുന്നതെന്നു കൊച്ചി മെട്രോ സ്റ്റേഷനിൽ ആദ്യമായെത്തുന്നയാൾക്കു തോന്നിയാൽ അത്ഭുതപ്പെടേണ്ട. പഞ്ചനക്ഷത്ര സൗകര്യങ്ങളാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഒരുക്കിയിരിക്കുന്നതെന്നു പറഞ്ഞാൽ അതിശയോക്തിയുമല്ല.

വിമാനത്താവളങ്ങളിലും വലിയ ഹോട്ടലുകളിലും മാത്രം മലയാളി കണ്ടുശീലിച്ച വൃത്തിയും വെടിപ്പുമാകും ആദ്യം മനസിലുടക്കുക. ടിക്കറ്റെടുത്ത്, അതിലെ ബാർ കോഡ് സ്വയം സ്കാൻ ചെയ്തു, ഗേറ്റ് തുറന്ന് അകത്തു കയറിയാൽ അത്ഭുതലോകം മിഴിതുറക്കുക‌യായി. മുകളിലത്തെ നിലയിലെ പ്ളാറ്റ്ഫോമിലേക്കു കയറാൻ പടികൾ കൂടാതെ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുമുണ്ട്.

പ്രവേശനകവാടം മുതൽ ട്രെയിനിൽ എത്തും വരെ ഭിന്നശേഷിയുള്ളവർക്കും കാഴ്ചയില്ലാത്തവർക്കും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും മുൻഗണനകളുമുണ്ട്. കൊച്ചു കുട്ടിക്കു പോലും ധൈര്യമായി യാത്ര ചെയ്യാവുന്നത്ര ലളിതമാണു നടപടിക്രമങ്ങൾ. പൊതുഗതാഗത സംവിധാനം എല്ലാവർക്കും പ്രാപ്യമാകണമെന്ന കൊച്ചി മെട്രോയുടെ ആശയപൂർത്തീകരണത്തിന്റെ കാഴ്ചകളിലൊന്നാണിത്.

സന്തോഷം പകരും, അവർ

കെഎംആർഎൽ നൽകിയിരിക്കുന്ന പരിശീലനത്തിന്റെ മികവു മെട്രോ പരിപാലിക്കുന്ന ഓരോ ഉദ്യോഗസ്ഥനിലും / ഉദ്യോഗസ്ഥയിലും കാണാം. ടിക്കറ്റ് കൗണ്ടറിലും പ്ളാറ്റ്ഫോമിലും ഉൾപ്പെടെ കൂടുതലുമുള്ളതു സ്ത്രീകൾ.

ആത്മവിശ്വാസത്തോടെയുള്ള, പുഞ്ചിരിച്ചു കൊണ്ടുള്ള അവരുടെ ഇടപെടൽ ആദ്യമായി മെട്രോ യാത്രയ്ക്കെത്തുന്നവരുടെ ഭയവും അകൽച്ചയും കുറയ്ക്കുമെന്നുറപ്പ്. ഏതു ഘട്ടത്തിലും, എവിടെയും സഹായത്തിനായി അവരുണ്ട്.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും കുടുംബശ്രീയിൽ നിന്നുള്ള സ്ത്രീകൾക്കും വലിയ തോതിൽ ജോലി നൽകിയതിലൂടെ പുതിയ  തൊഴിൽ സംസ്കാരത്തിനു കൂടി കൊച്ചി മെട്രോ തുടക്കംകുറിച്ചെന്നു പറയാം. ലോക്കോ പൈലറ്റുമാരായും മാനേജർമാരായും മറ്റ് ഉന്നത പദവികളിലും ഒട്ടേറെ സ്ത്രീകളുണ്ട്. എല്ലാവരുടേതുമാണു മെട്രോ എന്നതിന്റെ മറ്റൊരുദാഹരണം കൂടി.

പാരമ്പര്യം മറന്നില്ല

ആധുനികതയുടെ പരകോടിയിൽ നിൽക്കുമ്പോഴും പാരമ്പര്യം മറന്നിട്ടില്ല കൊച്ചി മെട്രോ. യാത്രക്കാർക്ക്, പ്രത്യേകിച്ചു വിദ്യാർഥികൾക്ക് കേരളത്തിന്റെ പാരമ്പര്യത്തനിമയും ചരിത്രവുമെല്ലാം അനുഭവവേദ്യമാക്കുന്ന പരിസരങ്ങളാണു സ്റ്റേഷനുകളിൽ തയാറാക്കിയിട്ടുള്ളത്.വിദേശ വാണിജ്യ സംഘങ്ങളുടെയും രാഷ്ട്രങ്ങളുടെയും കേരളത്തിലേക്കുള്ള യാത്രാപഥങ്ങളും കപ്പലോട്ട പാതയും വമ്പൻ ഭിത്തിയിൽ ചിത്രീകരിച്ചിട്ടുള്ള കൊച്ചിൻ യൂണിവേഴ്സിറ്റി സ്റ്റേഷനാണ് ഇതിന് ഉത്തമോദാഹരണം.

അറബികളും വാസ്കോഡഗാമയും ഡച്ചുകാരും ചീനരും ഇംഗ്ളിഷുകാരുമെല്ലാം കേരളത്തിലെത്തിച്ചേർന്ന വഴികൾ ഒറ്റനോട്ടത്തിൽ മനസിലാക്കാം. കേരളത്തിന്റെ കാടും മലയും പുഴയും കടലുമെല്ലാം മറ്റു സ്റ്റേഷനുകളിലുണ്ട്. പ്രകൃതി സംരക്ഷണമെന്ന ആശയവും മെട്രോ ഇതിലൂടെ പ്രചരിപ്പിക്കുന്നു.

യാത്ര പൊളിച്ചു

‘പൊളിച്ചു’ എന്ന ഒറ്റ വാക്കിൽ കൊച്ചി മെട്രോ ട്രെയിനിലെ യാത്രയെ വിശേഷിപ്പിക്കാം. സുഖപ്രദം, സുരക്ഷിതം, സന്തോഷകരം. ഇന്നു രാജ്യത്തു സർവീസിലിരിക്കുന്നവയിൽ വച്ച് ഏറ്റവും ആധുനികമായ കോച്ചുകളാണുപയോഗിക്കുന്നത്. വിമാനയാത്രയിലോ ട്രെയിൻ, ബസ് യാത്രകളിലോ ലഭിക്കുന്ന കാഴ്ചയിൽ നിന്നു തികച്ചും വ്യത്യസ്തമായ അനുഭവവും പകരും മെട്രോ യാത്ര.

രണ്ടിനും ഇടയിലുള്ള ഒന്ന്. ഇതുവരെ കണ്ണിൽപ്പെടാത്ത പലതും വിസ്മയം ജനിപ്പിച്ചേക്കാം. ആലുവ നഗരസഭയുടെ ക്ളോക്ക് ടവർ ഇത്രയും അടുത്തു കാണാൻ വേറെ മാർഗമെന്തുണ്ട്?

ഡ്രോൺ ക്യാമറ ഉപയോഗിച്ചു പകർത്തിയതെന്ന പോലെ വിശാലകൊച്ചിയുടെ സുന്ദരദൃശ്യം ഓരോ മെട്രോ യാത്രയ്ക്കു ശേഷവും മനസിൽ മങ്ങാതെ നിൽക്കുമെന്നുറപ്പ്. എന്നാൽ ഇനി ദിവസങ്ങളെണ്ണി കാത്തിരിക്കാം, പതിനേഴാം തീയതിക്കായി....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.