നാട്ടിലെങ്ങും സംസാരം: സാധാരണക്കാർക്കുമുണ്ട് മെട്രോയെക്കുറിച്ചു ചില സ്വപ്നങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെള്ളം ഇല്ലാത്ത കടുപ്പത്തിലൊരു മെട്രോ

 ടി.ബി. വിനോദ് ടി.ബി. വിനോദ്

‘കഴിഞ്ഞ മഴയ്ക്കു പിള്ളേരേം ഭാര്യേം കൂട്ടി കൊച്ചീ പോയപ്പോ പെട്ടു മാഷെ.. എല്ലായിടത്തും. വെള്ളക്കെട്ട്. മെട്രോ വന്നാ ആശ്വാസമായേക്കും. ആകാശത്തൂടെയല്ലേ പോക്ക്..?! ∙ ടി.ബി. വിനോദ്- എടവനക്കാട് അണിയിൽ ,ജംക്‌ഷനിൽ ചായക്കട നടത്തുന്നു.

വിറകെടുക്കാൻ മെട്രോയാത്ര

ernakulam-tn-mohanan


വിറകുവച്ചു തീ പൂട്ടുന്നവരൊക്കെ കുറവാ. പെരുമ്പാവൂരു പോയാണ് വിറകെടുക്കുന്നത്. മെട്രോയിൽ ആലുവേലിറങ്ങി പെരുമ്പാവൂർക്കു പോണം.
∙ ടി.എൻ. മോഹനൻ,പെരുമ്പടന്നയിലെ വിറകു കച്ചവടക്കാരൻ.

കച്ചവടം  കൂട്ടണേ...

ernakulam-more-sale

നെടുമ്പാശേരി വിമാനത്താവളം കൊണ്ടു ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന കച്ചവടം ഞങ്ങളെപ്പോലുള്ള ചെറുകിട കച്ചവടക്കാർക്കു ലഭിച്ചില്ല. പക്ഷേ മെട്രോയെക്കുറിച്ചുള്ള പ്രതീക്ഷകൾ വലുതാണ്. ഇവിടെ പാർക്കിങിനും മറ്റുമായി വിപുലമായ സൗകര്യങ്ങൾ ഒരുക്കേണ്ടിവരുമല്ലോ. അതു ഞങ്ങൾക്കും ഗുണമാകും

∙ ഷിബു മൈക്കിൾ-ആലുവ തോട്ടക്കാട്ടുകരയിലെ ,െചറുകിട വസ്ത്രവ്യാപാരി.

ഇടി‘വെട്ട് ’ മെട്രോ

ernakulam-saloon

ബാഹുബലീലെ പ്രഭാസിന്റെ സ്റ്റൈലിൽ വെട്ടാമോ എന്നാണു പയ്യന്മാരുടെ ചോദ്യം. നമ്മളിതെത്ര കാലമായി പണിയുന്നതാ? മുടിവെട്ടുമ്പം പിള്ളേരു മെട്രോക്കഥകളൊക്കെ പറയാറുണ്ട്. പോകാൻ കൊതിയാ. പക്ഷേ, ആളുകളുടെ നെഞ്ചത്തുനിന്നു തുണിയൂരാൻ നേരമില്ലല്ലോ. എങ്കിലും ഒരു ദിവസം പോണം.

∙ എം.എൽ. ഷീജൻ,എടവനക്കാട്ടെ സലൂൺ ഉടമ.

മെട്രോയിൽ പത്രം കിട്ടുമോ?

ernakulam-news-paper-sale

പണ്ടൊക്കെ തീവണ്ടിക്കേറിയാ പത്രവും പുസ്തകവുമായിരിക്കുന്ന ആളുകളെ കാണാമായിരുന്നു. മെട്രോയിൽ അതുകാണുമോ എന്തോ? 

∙ വി.എസ്. അനിൽ, പറവൂർ പപ്പുക്കുട്ടി ,സ്മാരകഗ്രന്ഥശാലാ,പ്രവർത്തകൻ.

സന്തോഷം പളപളാ മിന്നുന്നു

ernakulam-bindu-sale

മാലാബൾബിന്റെ കേന്ദ്രാ ഇപ്പോ ഞങ്ങടെ അങ്കമാലി. മീറ്ററുകണക്കിനു മാല ബൾബുണ്ടാക്കാൻ ഞങ്ങള് അങ്കമാലിക്കാര് കഴിഞ്ഞട്ടേയുള്ളൂ. മെട്രോ സ്റ്റേഷനൊക്കെ ഇപ്പോ പളാപളാ മിന്നി നിൽക്കുകയല്ലേ. ഇതൊക്കെ കാണുമ്പോ നല്ല സന്തോഷംണ്ട്.

∙ ബിന്ദു സനിൽ, അങ്കമാലിയിലെ മാല ബൾബ്,തൊഴിലാളി

നെടുമ്പാശേരിക്ക് വരുമോ?

ernakulam-aashique

ദുബായിൽ നിന്നാണു വന്നത്. കൂട്ടിക്കൊണ്ടുപോകാൻ വീട്ടിൽ നിന്ന് ആളു പുറപ്പെട്ടിട്ടുണ്ട്. പക്ഷേ നല്ല ബ്ലോക്കാണെന്നു കേൾക്കുന്നു. കുറഞ്ഞ പക്ഷം ആഭ്യന്തര ടെർമിനലുമായെങ്കിലും മെട്രോ കണക്ട് ചെയ്തിരുന്നെങ്കിൽ ഉപകാരമായേനെ.

∙ ആഷിക് സിദ്ദിഖ്, നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരൻ

പശ്ചിമ കൊച്ചിയെ വെട്ടരുത്

ernakulam-naseer

ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കൂടി ഉണ്ടെങ്കിലേ കൊച്ചി മെട്രോ പൂർണമാകൂ. ബിനാലെയും ബീച്ചും സിനഗോഗും മറ്റു കാഴ്ചകളുമൊക്കെ ഇവിടെയല്ലേ? ഇവിടേക്ക് ആളുവന്നാലേ ഞങ്ങളുടെ കച്ചവടവും പുരോഗമിക്കൂ. 

∙ എ.എച്ച്. നസീർ, തോപ്പുംപടിയിലെ മൽസ്യവ്യാപാരി

‘പൊടി’പാറും നമ്മുടെ മെട്രോ

ernakulam-bindu

അരിയൊക്കെ പൊടിപ്പിക്കാൻ വന്നാൽ കാത്തുനിൽക്കാനൊന്നും ആളുകൾക്കു നേരമില്ല. അതുകൊണ്ട് നമ്മളു വിശ്രമമില്ലാതെ പണിയും. പണിയൊഴിഞ്ഞിട്ടു മെട്രോത്തീവണ്ടി കാണാൻ പോകുമോന്ന് അറിയില്ല. ചേട്ടനും കൊച്ചിനുമൊപ്പം ഒരു ദിവസം പോകും.

∙ ബിന്ദു, അനിൽ,അങ്കമാലിയിലെ ഫ്ലവർമിൽ ഉടമകളായ ദമ്പതികൾ

നഴ്സുമാർക്ക് ഇളവുണ്ടോ?

ernakulam-nurse

മെട്രോയില് യാത്ര ചെയ്യുമ്പം ആർക്കെന്തേലും പറ്റിയാൽ സിപിആറോ മറ്റോ കൊടുക്കാൻ ആളുണ്ടാകുമോ? മെട്രോക്കാര് അവരുടെ ജീവനക്കാർക്ക് ഇതിലൊക്കെ പരിശീലനം കൊടുക്കണം. പിന്നെ നഴ്സുമാർക്ക് എന്തെങ്കിലും യാത്രാനുകൂല്യം ഉണ്ടാകുമോ? 

∙ ജിക്സി ജോർജ്,അങ്കമാലി എൽഎഫ് ആശുപത്രിയിലെ നഴ്സ്

വെട്ടിത്തിളങ്ങട്ടെ 

ernakulam-frncis

പുറത്തുകാണുന്ന തിളക്കം അകത്തും ഉണ്ടാകുമ്പോഴാണല്ലോ നമ്മള് മനുഷ്യരാകുന്നത്. മുപ്പതുവർഷമായി ഇവിടെയിരുന്ന് ഇമിറ്റേഷൻ ഗോൾഡാഭരണങ്ങളു വിൽക്കുന്നു. നാടുമാറുന്നത് കൺമുന്നീകണ്ടു. ഇപ്പോ മെട്രോയും വരുന്നു. എല്ലായിടത്തും തിളക്കം നെറയട്ടങ്ങനെ നെറയട്ടെ.

∙ കെ.ആർ. ഫ്രാൻസിസ്,അങ്കമാലി കാലടി റോഡിലെ ഗോൾഡ് കവറിങ് കടയുടമ

ഞങ്ങൾക്കും വേണം മെട്രോ

ernakulam-joy

കാലടി-മലയാറ്റൂർ പ്രദേശം രാജ്യാന്തര തീർഥാടന കേന്ദ്രമായി വികസിച്ചുകഴിഞ്ഞു. ടൂറിസം മാപ്പിൽ ഇടംപിടിച്ച ഈ പ്രദേശത്തേക്കുള്ള പൊതു ഗതാഗത സംവിധാനങ്ങൾ വികസിക്കേണ്ടതുണ്ട്. മെട്രോ റെയിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു നീട്ടിയാൽ അവിടെ നിന്ന് ആളുകൾക്ക് എളുപ്പത്തിൽ ഇവിടെയെത്താനാകും.

∙ ജോയി മുട്ടൻതോട്ടിൽ,മലയാറ്റൂർ സെന്റ്തോമസ് ചർച്ച് കുടുംബയൂണിറ്റ് വൈസ് ചെയർമാൻ

അങ്കമാലിക്ക് നീട്ടണം

ernakulam-vengadeswaran

സീസണല്ലാത്ത ദിവസങ്ങളിലും ചുരുങ്ങിയത് അഞ്ഞൂറോളം തീർഥാടകരുണ്ടാകും. എല്ലാ തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പ് ഇല്ലല്ലോ. കൊച്ചി കാണാൻ വരുന്ന സന്ദർശകര് കാലടീലുമൊക്കെ വന്നുപോകണം. താമസിയാതെ മെട്രോ അങ്കമാലിക്കു കൂടി ദീർഘിപ്പിക്കണം.

∙ കെ.എസ്. വെങ്കടേശ്വരൻ,മാനേജർ, കാലടി ആദിശങ്കര കീർത്തിസ്തംഭം മാനേജർ

ആളുകൾ കൂടുതൽ പോരട്ടെ

ernakulam-krishnankutty

ആലേല് തീയിന്റെ അടുത്ത് മണിക്കൂറുകളോളം നിന്നാലാ ഇതുപോലെ വിളക്കുംപാത്രവുമൊക്കെ ഉണ്ടാക്കാനാകൂ. പുതിയ തലമുറയൊക്കെ മറ്റു ജോലികളിലേക്കു പോകുകയാണ്.  മെട്രോ റെയിലു വന്നാല് കൂടുതൽ സഞ്ചാരികളു നാടുകാണാനൊക്കെ എത്തില്ലേ? ഞങ്ങടെ ഉല്പന്നങ്ങളൊക്കെ പോകില്ലേ? 

∙ കൃഷ്ണൻകുട്ടി,പള്ളുപ്പെട്ടയിലെ പാരമ്പര്യ പാത്ര-വിളക്കു നിർമാതാവ്

മെട്രോ വന്നാൽ അപകടം കുറയും

ernakulam-kv-varghese

നെടുമ്പാശേരി വിമാനത്താവളത്തിലേക്കു മെട്രോ റയിലു നീട്ടണമെന്നു പറയുന്നതു ഞങ്ങളു നാട്ടുകാർക്കു യാത്ര ചെയ്യാനാണെന്നു പറയരുത്. പൊന്നുസഹോദരാ, വിമാനത്താവളത്തിലേക്കുള്ള റോഡിലെ ആക്സിഡന്റുകളു കണ്ട് മനഃസാക്ഷി മരവിച്ചിരിക്കുവാ. ഒന്നും രണ്ടും വണ്ടിയപകടം എല്ലാ ദെവസവുമുണ്ട്...

∙ കെ.വി. വർഗീസ്,നെടുമ്പാശേരിയിലെ ക്ഷീരകർഷകൻ

സ്ഥാനം കിട്ടുമോ ചേന്ദമംഗലം മുണ്ടിന്?

ernakulam-leenakanna

നാലുമീറ്ററിന്റെ ഒരു മുണ്ടു നെയ്യാൻ ഒരു ദിവസം വേണം. ഭൂസൂചികാ പദവിയൊക്കെ കിട്ടിയ മുണ്ടാ ചേന്ദമംഗലത്തേത്. മെട്രോ സ്റ്റേഷനിൽ ഞങ്ങളുടെ മുണ്ടു പ്രദർശിപ്പിക്കാൻ സൗകര്യംകിട്ടിയാ കൊള്ളാമായിരുന്നു.

∙ ലീന കണ്ണൻ,ചേന്ദമംഗലത്തു കാൽനൂറ്റാണ്ട് കാലമായി കൈത്തറി നെയ്യുന്നു.

മാഞ്ഞാലി വഴി വന്നാൽ ഹൽവയുണ്ട്...

ernakulam-muhammed-shiyas

മാഞ്ഞാലി വഴി മെട്രോയുണ്ടെങ്കിൽ ഇവിടത്തെ സ്റ്റേഷനു ഹൽവയുടെ മണമായിരിക്കും. മാഞ്ഞാലീലെ ദം ബിരിയാണിക്കും നല്ല ഡിമാൻഡാണ്. എയർപോർട്ടിനു പോകുന്നവരൊക്കെ വണ്ടിനിർത്തി ഹൽവ വാങ്ങും. 

∙ മുഹമ്മദ് ഷിയാസ്,മാഞ്ഞാലിയിലെ ഹൽവ വ്യാപാരി

നല്ല ഇറച്ചി വാങ്ങാമെന്നേ...

ernakulam-thengana-jose

മഞ്ഞപ്ര, നീലീശ്വരം, കാഞ്ഞൂര്, മലയാറ്റൂര്, തുറവൂര്, പ്രാരൂര് ഇവിടൊന്നൊക്കെ നല്ല ആളാ ഇറച്ചി വാങ്ങാൻ. അങ്കമാലി റെയിൽവേ സ്റ്റേഷനീ പോയാലും കാണാം ഇവിടങ്ങളിലൊള്ള ആളുകള് സീസൺ ടിക്കറ്റുമായി നിൽക്കണത്. ഹേ, മെട്രോ അങ്കമാലീലോട്ട് നീട്ടട്ടെ. എറണാകുളത്തൊള്ളോർക്ക് നല്ല ഇറച്ചിയും വാങ്ങിപ്പോകാന്നേ...

∙ തൊങ്ങണ ജോസ്,അങ്കമാലി ടിബി ജംക്‌ഷനിലെ ഇറച്ചി കച്ചവടക്കാരൻ. ‘അങ്കമാലി ഡയറീസി’ ൽ അഭിനയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.