‘ഇന്ത്യൻ ഡോക്യുമെന്ററി മേഖല തെരുവിലലയുന്ന അനാഥക്കുട്ടി’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രഫ. കെ.പി. ജയശങ്കറും പത്നി പ്രഫ. അഞ്ജലി മൊണ്ടയ്റോയും. പ്രഫ. കെ.പി. ജയശങ്കറും പത്നി പ്രഫ. അഞ്ജലി മൊണ്ടയ്റോയും.

കൊച്ചി ∙ ‘തെരുവിലലയുന്ന അനാഥക്കുട്ടിയെപ്പോലെയാണ് ഇന്ത്യൻ ഡോക്യുമെന്ററി ചലച്ചിത്ര മേഖല. അവനെ പാലൂട്ടാൻ ഗോഡ്ഫാദർമാരില്ല. വെല്ലുവിളികളോടു മല്ലിട്ടാണ് അവന്റെ ജീവിതം.’ മൂർച്ചയുള്ള ഈ പ്രയോഗം നടത്തുന്നതു ശാന്തരും സൗമ്യരുമായ രണ്ടുപേർ.ഇന്ത്യൻ ഡോക്യുമെന്ററി രംഗത്തെ വിസ്മയമായ ദമ്പതികൾ. കേരളത്തിൽ വേരുകളുള്ള പ്രഫ.ഡോ. കെ.പി. ജയശങ്കറും ഗോവാക്കാരിയായ പ്രഫ. അഞ്ജലി മൊണ്ടയ്റോയും. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സോഷ്യൽ സയൻസസിലെ സ്കൂൾ ഓഫ് മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസിലെ പ്രഫസർമാരാണ് ഇരുവരും.  ഡോക്യുമെന്ററിയാണ് ഇവരുടെ ഹൃദയങ്ങളെ തമ്മിൽ അടുപ്പിച്ചത്. 

രണ്ടാളും ചേർന്നു നിർമിച്ചത് 33 ഡോക്യുമെന്ററികൾ. ഇതിൽ പലരും രാജ്യാന്തര പുരസ്കാരങ്ങൾ കരസ്ഥമാക്കി. ഇന്ത്യൻ ഡോക്യുമെന്ററിയുടെ ചരിത്രം പറയുന്ന ‘എ ഫ്ളൈ ഇൻ ദ് കറി’ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ േദശീയ ചലച്ചിത്ര പുരസ്കാരം നേടി. കേരളത്തിൽ ഇവരുടെ ചിത്രങ്ങളുടെ പ്രദർശനം അപൂർവമായാണു നടന്നിട്ടുള്ളത്. ഇരുവരും ഇപ്പോൾ കൊച്ചിയിലെത്തിയത് ‘എ ഡെലിക്കേറ്റ് വീവ്’ എന്ന പുതിയ ചിത്രവുമായാണ്. 

∙ ജയശങ്കറിന്റെ പഠനം മഹാരാജാസ് കോളജിലായിരുന്നു. കലയിലും സാഹിത്യത്തിലും മഹാരാജാസ് പ്രഗത്ഭരെ സൃഷ്ടിച്ചിട്ടുണ്ട്. അതേ ഊർജമായിരുന്നു താങ്കളിലും പ്രവർ‍ത്തിച്ചത്?ഇടപ്പള്ളിയിലായിരുന്നു എന്റെ ബാല്യം. 1968 മുതൽ 73 വരെയുള്ള കാലത്താണു മഹാരാജാസിൽ പഠിച്ചത്. കെമിസ്ട്രിയായിരുന്നു മെയിൻ. അന്നു ചിത്രങ്ങൾ വരച്ചിരുന്നു. കോളജിലെ സാഹചര്യം ചിന്തകളെ തീവ്രമാക്കിയിരുന്നു. ഒരുപാടു വായിച്ചു. പഠനശേഷം ഞാൻ കേരളം വിട്ടു. മുംബൈ റിഫൈനറിയിൽ ജോലികിട്ടി. 

അവിടെ ജർമൻ സ്റ്റഡീസിലും ഫിലോസഫിയിലും എംഎ ചെയ്തു. ഹ്യൂമാനിറ്റീസിൽ ഐഐടിയിൽ നിന്നു പിഎച്ച്ഡിയെടുത്തു.തുടർന്നു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഫസറായി. അഞ്ജലിയും അവിടെ ജോലി ചെയ്യുകയായിരുന്നു. വളരെ ക്രിയേറ്റിവ് ആയ സപ്പോർട്ട് ആയിരുന്നു അവരുടേത്. താമസിയാതെ ജീവിതത്തിലും ഞങ്ങൾ ഒരുമിക്കുകയായിരുന്നു. 

∙ മുഖ്യധാരാ ജീവിതത്തിൽനിന്ന് അകന്നു കഴിയുന്നവരെയാണു നിങ്ങളുടെ ക്യാമറ കണ്ടെത്തിയത്. ഗുജറാത്തിലെ കച്ചിനെ കേന്ദ്രീകരിച്ചുള്ളതാണു പുതിയ ചിത്രമായ എ ഡെലിക്കേറ്റ് വീവ്...

ജയശങ്കർ: കച്ചിലെ സാഹചര്യങ്ങളും ജീവിതവും വ്യത്യസ്തമാണ് എന്നതുകൊണ്ടാണ് അവിടെനിന്നു വീണ്ടും  ചിത്രങ്ങളുണ്ടാക്കാൻ കാരണമായത്. 2008–ലാണു ഞങ്ങൾ അവിടെ ആദ്യമായെത്തുന്നത്. ഗുജറാത്തിൽ കലാപം നടക്കുമ്പോൾ കച്ചിൽ ഒന്നും സംഭവിച്ചില്ല. 

ഗുജറാത്തിനാകെയുള്ള സംസ്കാരമല്ല കച്ചിലുള്ളത്. സംസ്കാരം ആഴത്തിൽ േവരോടിയ ഭൂമിക. ഹിന്ദുക്കളും മുസൽമാൻമാരുമൊക്കെ മനുഷ്യരെന്ന നിലയിലാണു കഴിയുന്നത്. സൂഫി– ഗ്രാമീണ സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യവും ആധ്യാത്മികമായ അടിയൊഴുക്കുകളുമുണ്ട്. ദർഗകളിൽ എല്ലാവരും പോകും. അക്ഷരമറിയില്ലെങ്കിലും 1000 പേജൊക്കെ വരുന്ന ഗ്രന്ഥങ്ങൾ വാമൊഴിയിൽ പറയുന്നവരാണ്. അവരുപയോഗിക്കുന്ന കച്ച്, സിന്ധി ഭാഷകളിന്നു വെല്ലുവിളി നേരിടുകയാണ്. അവരുടെ സംഗീതം കുറച്ചൊക്കെ രേഖപ്പെടുത്തി വയ്ക്കാനായതിൽ സംതൃപ്തിയുണ്ട്. 

∙ ഇന്ത്യയിൽ ഡോക്യുമെന്ററിയുടെ അവസ്ഥ എങ്ങനെയാണ്? 

അഞ്ജലി: പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർക്കു നേരെ അക്രമവും ഭീഷണിയും തുടരുവോളം ഡോക്യുമെന്ററികളുടെ പ്രസക്തി നഷ്ടമാവില്ല. ഇപ്പോൾ ഇവിടെ നമ്മുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയില്ലെന്നു പറയാനാകുമോ? പ്രതിരോധത്തിനുള്ള ശക്തമായ മാധ്യമമാണു ഡോക്യുമെന്ററി ചിത്രങ്ങൾ...

ജയശങ്കർ:  സ്വാതന്ത്ര്യം ഏതു രൂപത്തിലാണു ഹനിക്കപ്പെടുകയെന്നു പറയാനാവില്ല. ‘മെർസൽ’ എന്ന സിനിമ നോക്കൂ, സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റോടെ പുറത്തുവന്ന ചിത്രമല്ലേ. എന്നിട്ടും അതിലെ ചില ഭാഗങ്ങൾ ഹിതകരമല്ലെന്നും ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു.

∙ സിനിമ ഏതെങ്കിലും തരത്തിൽ  ഡോക്യുമെന്ററികളുടെ വളർച്ചയെ തടഞ്ഞിട്ടുണ്ടോ? 

ജയശങ്കർ: ടെലിവിഷൻ ചാനലുകളുടേയും ബോളിവുഡ് സിനിമകളുടേയും ആധിക്യം ഡോക്യുമെന്ററികളെ ബാധിച്ചിട്ടുണ്ട്. ആദ്യകാലത്തെ ഡോക്യുമെന്ററി നിർമാതാക്കൾ കഷ്ടപ്പെട്ടിട്ടുണ്ട്.  പ്രദർശനത്തിനു കൃത്യമായ ഇടമില്ലെന്നതാണു പ്രതിസന്ധി.മറ്റിടങ്ങളിൽ അങ്ങനെയല്ല. ഇപ്പോൾ യു ട്യൂബ് പോലെയുള്ള മാധ്യമങ്ങളിലൂടെ ഡോക്യുമെന്ററികൾ എളുപ്പം പ്രേക്ഷകരിലേക്കെത്തിക്കാം എന്നുണ്ട്. പക്ഷേ, വരുമാനം പ്രശ്നമാണ്. ഡോക്യുമെന്ററികൾ നിർമിക്കാൻ ആരും മുന്നോട്ടുവരുന്നില്ലെന്നും കാണാം. 

അഞ്ജലി:  ‍‍ഞങ്ങളുടെ ചിത്രങ്ങൾ നിർമിച്ചതു ‍ഞങ്ങൾ തന്നെയാണ്. പ്രതിഭയുള്ള ചെറുപ്പക്കാർ ഇന്നു ചലച്ചിത്രത്തിലേക്കു വരുന്നുണ്ട്. വരുമാനം ഘടകമാകുമ്പോൾ അവർ ഡോക്യുമെന്ററി വിട്ട് സിനിമയെ പുൽകുന്നു. 

∙ ഇന്ത്യൻ ഡോക്യുമെന്ററികളുടെ ചരിത്രം പറയുന്ന ഗ്രന്ഥം രൂപപ്പെട്ടതെങ്ങനെയാണ്?

ജയശങ്കർ: ഞങ്ങളുടെ അന്വേഷണത്തിൽ ഇന്ത്യൻ നോൺ ഫിക്‌ഷൻ സിനിമയെപ്പറ്റിയുള്ള ചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നു കണ്ടു.  2013ൽ ആരംഭിച്ച പുസ്തക രചന മൂന്നുവർഷം കൊണ്ടു പൂർത്തിയാക്കി. 

∙കേരളത്തിൽ ഡോക്യുമെന്ററി സംരംഭങ്ങളെ എങ്ങനെ കാണുന്നു? 

ചില നല്ല ശ്രമങ്ങളുണ്ട്. ഇവിടെ പ്രേക്ഷക പിന്തുണ ധാരാളമുണ്ട്.ജയശങ്കർ–അഞ്ജലി ദമ്പതികളുടെ ഏക മകൾ കല്യാണി യുഎസിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. ഇന്നു വൈകിട്ട് 5.30നു ചിൽഡ്രൻ പാർക്ക് തിയറ്ററിൽ ഇവരുടെ ഡോക്യുമെന്ററിയുടെ പ്രദർശനവും തുടർന്നു മുഖാമുഖവും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.