പെൺകൂട്ടായ്മയ്ക്ക് മുരിങ്ങ കായലിലെ മാണിക്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുഴയിൽനിന്നു കായൽമുരിങ്ങ വിളവെടുക്കുന്നു. പുഴയിൽനിന്നു കായൽമുരിങ്ങ വിളവെടുക്കുന്നു.

കായൽ മുരിങ്ങകൃഷിയിലൂടെ നേട്ടം കൊയ്ത് 15 കുടുംബശ്രീ കൂട്ടായ്മ

പറവൂർ ∙ കായൽ മുരിങ്ങ കൃഷിയിലൂടെ നേട്ടം കൊയ്യുകയാണു സ്ത്രീകൂട്ടായ്മകൾ. കൊട്ടുവള്ളിക്കാടും ചാത്തേടം തുരുത്തിപ്പുറത്തുമാണു കായൽ മുരിങ്ങ കൃഷി വ്യാപകം. ഇത്ര വിപുലമായി കായൽ മുരിങ്ങ കൃഷി ചെയ്യുന്ന മറ്റൊരിടമില്ല. ഇവ ശുചീകരിക്കാനുള്ള യൂണിറ്റ് കൊട്ടുവള്ളിക്കാടു മാത്രമാണുള്ളത്. 15 കുടുംബശ്രീ കൂട്ടായ്മകളാണു കൃഷിയിൽ സജീവം. ചില പുരുഷ സംഘങ്ങളുമുണ്ട്. സിഎംഎഫ്ആർഐ ആണു സാങ്കേതിക സഹായം നൽകുന്നത്. മുസിരിസ് പ്രദേശത്തു വിളയുന്നതിനാൽ ‘മുസിരിസ് ഓയസ്റ്റേഴ്സ്’ എന്ന പേരിലാണ് ഇവിടത്തെ കായൽ മുരിങ്ങ അറിയപ്പെടുന്നത്.

കക്ക, ചിപ്പി വർഗത്തിൽപ്പെട്ട ജീവിയാണു കായൽ മുരിങ്ങ. ഉപ്പിന്റെ അംശമുള്ള വെള്ളത്തിലാണിതു വിളയുന്നത്. മൽസ്യകൃഷി നടത്തുമ്പോൾ അറുപതു ശതമാനം ചെലവു തീറ്റയ്ക്കാണ്. കായൽ മുരിങ്ങയ്ക്കു തീറ്റ വേണ്ട. സൂക്ഷ്മ ജലസസ്യങ്ങളെയാണിതു ഭക്ഷിക്കുന്നത്. ഒരു ടൺ മൽസ്യം ഉൽപാദിപ്പിക്കാൻ ഏകദേശം ഒരേക്കർ സ്ഥലം വേണം. കായൽ മുരിങ്ങയ്ക്കു രണ്ടു സെന്റ് മതി. കക്ക പോലെ കായൽ മുരിങ്ങയ്ക്കു രണ്ടു തോടുകളുണ്ട്. ഇതിനകത്തെ മാംസമാണു ഭക്ഷ്യയോഗ്യം. മാംസം എടുത്ത തോടുകൾ അടുത്തവർഷം കുഞ്ഞുങ്ങളെ ശേഖരിക്കാൻ ഉപയോഗിക്കാം. പുഴയിൽ കുറ്റികൾ തറച്ചു മുളകൾ ഉപയോഗിച്ചു ബന്ധിപ്പിക്കും. മുളകളിൽ കയർ കെട്ടും. കയറിൽ തോടു പിടിപ്പിച്ചു വെള്ളത്തിൽ ഇടും. തോടിൽ കുഞ്ഞുങ്ങൾ വന്നു പിടിക്കുകയാണു ചെയ്യുക.

ഒരു തട്ടിൽ 250 മുതൽ 300 വരെ വള്ളികൾ ഇട്ടാണു കൃഷിയിറക്കുന്നത്. ഏകദേശം ഏഴു മാസം കഴിയുമ്പോൾ തിരികെയെടുക്കാം. ഒരു കയറിൽ നിന്നു 10 മുതൽ 20 കിലോഗ്രാം വരെ കായൽ മുരിങ്ങ ഉൽപാദിപ്പിക്കാം.  ഇടയ്ക്കു ജലത്തിലെ ഉപ്പിന്റെ അംശം പരിശോധിക്കണമെന്നല്ലാതെ പരിപാലനമൊന്നും വേണ്ട. മറ്റു ജോലികൾക്കിടെ ചെയ്യാവുന്ന കൃഷിയാണിതെന്നു കർഷകർ പറഞ്ഞു.

കിലോഗ്രാമിന് 700 രൂപ വിലയുണ്ട്. ഹൈക്കോർട്ടിനു സമീപമുള്ള സിഎംഎഫ്ആർഐയുടെ സെയിൽസ് കൗണ്ടറിൽ ലഭ്യമാണ്. പുഴയിൽ ഉപ്പിന്റെ അംശം കുറയുകയോ തട്ട് ഇടിഞ്ഞു കായൽ മുരിങ്ങ ചെള്ളയിൽ മുട്ടുകയോ ചെയ്താൽ ചീഞ്ഞുപോകും. കൃഷിയിൽ നാശം വരുത്തുന്ന ഘടകങ്ങൾ ഇതാണ്. ഒരു തട്ടിൽ നിന്ന് ഇരട്ടിയോളം ലാഭം ലഭിക്കുന്ന കൃഷിയാണിത്. പക്ഷേ, ഈ വർഷം ചില തട്ടുകൾ ഇടിഞ്ഞുപോയതു കർഷകർക്ക് അൽപം നഷ്ടമുണ്ടാക്കി.

Your Rating: