ചാള ഒരു ചെറിയ മീനല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-fish-chala

കൊച്ചി ∙ തീരം ശാന്തമല്ല. പരമ്പരാഗത മത്സ്യബന്ധന സമൂഹവും ഈ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളും ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കേരളത്തിലെ മത്സ്യോൽപാദനം 8.39 ലക്ഷം ടണ്ണിൽ  നിന്നു നേർപകുതിയായി കുറഞ്ഞു. മലയാളികളുടെ ഇഷ്ടവിഭവമായ മത്തി(ചാള)യുടെ ഉൽപാദനമാകട്ടെ  ഈ കാലയളവിൽ ആറിലൊന്നായി ഇടിയുകയും ചെയ്തു. 2012ൽ 3.39 ലക്ഷം ടൺ മത്സ്യം പിടിച്ച സ്ഥാനത്തു 2015ൽ കേവലം 68,500  ടണ്ണായി കുറഞ്ഞു. 2016 ലെ കണക്കുകൾ ഇതിലും പരിതാപകരമാണ്.മത്തിയുടെ ഉൽപാദനത്തിലുണ്ടായ തകർച്ച പരമ്പരാഗത മത്സ്യതൊഴിലാളികളെ നേരിട്ടു ബാധിക്കുന്നതാണ്. ലോകത്ത് ഏറ്റവും രുചികരമായ മത്തി ലഭിക്കുന്നതു കേരളത്തിൽ നിന്നാണ്.

കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ 90 ശതാനം പേരും മത്തിയെ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നവരാണെന്നു കണക്കുകൾ ബോധ്യപ്പെടുത്തുന്നു. 2014-15 വർഷത്തിൽ മാത്രം മത്തി ഉൽപാദനത്തിന്റെ തകർച്ച മൂലം 146 കോടി രൂപയുടെ നഷ്ടമുണ്ടായതാണു കണക്ക്. ഒരു വർഷത്തിനിടയിൽ തൊഴിൽ ദിനങ്ങളിൽ 28.2 ശതമാനവും വരുമാനത്തിൽ 45.8 ശതമാനവും കുറവുണ്ടായി.കേരളത്തിന്റെ തീരക്കടലിൽ എല്ലാ ഏപ്രിൽ, മേയ് മാസങ്ങളിലും മത്തി പ്രത്യക്ഷപ്പെടാറുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മത്തി ധാരാളമായി ലഭിക്കുകയും ചെയ്യും. എന്നാൽ ഈവർഷം കേരളത്തിൽ മത്തി വൻതോതിൽ അപ്രത്യക്ഷമായതായി സിഎംഎഫ്ആർഐയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.

കേരളത്തിൽ 1942, 1964, 1994 വർഷങ്ങളിൽ മത്തി അപ്രത്യക്ഷമായിരുന്നു. ഇതോടെ 1942ൽ മലബാർ തീരത്തു മത്തി പിടിക്കുന്നതു നിരോധിച്ചിരുന്നു. പിന്നീട് 1952–ലാണു നിരോധനം മാറ്റിയത്. തീരക്കടലിലെ ചൂടു കൂടിയതും, അതിവർഷത്തെത്തുടർന്നു കടലിലെ ഉപ്പിന്റെ അംശം താണുപോയതും ഓക്സിജൻ കുറഞ്ഞതുമെല്ലാം മത്തിയുടെ വരവിനെ സാരമായി ബാധിച്ചതായി കാണാം. എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി തീരക്കടലിലെ അപ്് വെല്ലിങ് ക്രമം തെറ്റിയതും  പ്രതികൂലമായി മാറി. കടൽച്ചൊറിയുടെ ആധിക്യവും പ്രശ്നമായി. ഇത്തരം പാരിസ്ഥിതിക ഘടകങ്ങൾക്കു പുറമേ മനുഷ്യർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സ്ഥിതി ഗുരുതരമാക്കി. തള്ളമത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും അമിതമായി പിടിച്ചതും പ്രതികൂലമായി  ബാധിച്ചു. നിരോധിക്കപ്പെട്ട പെലാജിക് ട്രോളിങ്ങിലൂടെ ചെറുചാളകളെ അനിയന്ത്രിതമായി പിടികൂടുന്നതു പൂർണമായി തടയാനായിട്ടില്ല.

പരമ്പരാഗത മത്സ്യതൊഴിലാളികളിൽ ഗണ്യമായ വിഭാഗം മത്തി അടക്കമുള്ള ഉപരിതല മത്സ്യങ്ങളെ പിടിച്ചാണു കഴിയുന്നത്. ഒരാൾ തുഴഞ്ഞുപോകുന്ന തെർമോകോൾ വഞ്ചികൾ മുതൽ അമ്പതും അറുപതും പേർ  ജോലി ചെയ്യുന്ന ഇൻബോർഡ് വള്ളങ്ങൾ വരെ മത്തി ലക്ഷ്യമിട്ടുനീങ്ങുന്നു. ഇൻബോർഡ് വള്ളങ്ങളിൽ മാത്രമായി ഇരുപതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നുവെന്നാണു കണക്ക്. മൂന്നു മുതൽ 40 പേർ വരെ കയറുന്ന ഔട്ട് ബോർഡ് വള്ളങ്ങളുമുണ്ട്. ഇവയിലെല്ലാമായി ഒരു ലക്ഷത്തിലേറെ പേർ ഈ മേഖലയിൽ പണിയെടുക്കുന്നു.

60 മുതൽ 80 ലക്ഷം വരെ നിർമാണ ചെലവുള്ളതാണ് ഇൻബോർഡ് വള്ളങ്ങൾ. സഹകരണ മേഖലകളിൽ നിന്നും ബാങ്കുകളിൽ നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്നും പലിശയ്ക്കു പണമെടുത്താണു വള്ളമിറക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. മത്സ്യം ലഭിക്കാത്ത സാഹചര്യത്തിൽ തിരിച്ചടവു ദുഷ്കരമാണ്. മിക്കവാറും മത്സ്യബന്ധന യൂണിറ്റുകൾ ഇതിനകം പ്രവർത്തന രഹിതമായതായി റിപ്പോർട്ടുകളുണ്ട്. ആവശ്യത്തിനു മത്സ്യം ലഭിക്കാതെ വരികയും തൊഴിൽ ലാഭകരമല്ലാതാകുകയും ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണു മത്സ്യമേഖല.

കന്യാകുമാരിയിൽ ടൂർ പോയി വരുന്ന മത്സ്യം

തോപ്പുംപടി ∙ കിലോഗ്രാമിന് 25 മുതൽ 90 രൂപ വരെ ചെറിയമീനുകൾക്കു വില ലഭിക്കുന്നുണ്ട്. ചെറിയ മത്തിക്കാണു വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യവും വിലയും. മത്തിയിലെ ഒമേഗ മൂന്ന് ഫാറ്റി ആസിഡ് വനാമി ചെമ്മീനുകൾക്ക് ഉയർന്ന പ്രതിരോധ ശേഷി നൽകുന്നതിനാൽ എന്തു വില കൊടുത്തും ചെറിയ മത്തി വാങ്ങാൻ ആളുണ്ട്.കേരളത്തിൽ ഇതുവരെ ചെറുമീനുകളെ പിടികൂടിയ കുറ്റത്തിനു പിടിയിലായ ബോട്ടുകളിൽ നിന്ന് 2.5 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. എന്നാൽ, കേരള തീരത്തോടു ചേർന്നുള്ള കന്യാകുമാരി ജില്ലയിൽ ചെറുമൽസ്യങ്ങൾ അടുപ്പിക്കുന്നതിനും വിൽപന നടത്തുന്നതിനും വിലക്കില്ല. അതുകൊണ്ടു ചെറിയ മീനുകൾ ലഭിച്ചാൽ ബോട്ടുകൾ അവിടേക്കു പോകും. മിക്കവാറും ബോട്ടുകളിൽ ചെറിയ മീനുകൾ ഉണ്ടാകും.

ഇപ്പോൾ കേരളത്തിലെ മാർക്കറ്റുകളിൽ എത്തുന്ന മൽസ്യങ്ങളിൽ ഏറിയ പങ്കും കന്യാകുമാരി ഭാഗത്തു നിന്നുമാണു വരുന്നത്. കൊച്ചിയിൽ നിന്ന് 15 മണികൂർ ബോട്ട് ഓടിച്ചാണു കന്യാകുമാരിയിൽ എത്തുന്നത്. അവിടെ ലേലവും കയറ്റിറക്കുമായി പിന്നെയും നാലു മണികൂറോളം നഷ്ടപ്പെടും. അവിടെ നിന്നു റോഡ് മാർഗം മൽസ്യം മധ്യ കേരളത്തിൽ എത്താൻ 20 മണിക്കൂർ വേണ്ടി വരും. ഫലത്തിൽ കൊച്ചിയുടെ പുറം കടലിൽ നിന്നു പിടിക്കുന്ന മൽസ്യം നാൽപതു മണിക്കൂർ വൈകിയാണു കേരളത്തിലെ വിപണിയിൽ എത്തുന്നത്. മൽസ്യത്തിന്റെ ഗുണമേന്മ താഴാനും ഇതു കാരണമാകുന്നു. വിലയും കൂടും.

ചെറുമീനുകളെ ഒഴിവാക്കി മൽസ്യബന്ധനം സാധ്യമാകുന്ന യാതൊരു സാങ്കേതിക വിദ്യയും നിലവിൽ ഇല്ലാത്തതിനാൽ ഇത്തരം നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് ഓണേഴ്സ് അസോസിയേഷൻ പറയുന്നു. മൽസ്യബന്ധന യാനങ്ങളുടെയും ഉപയോഗിക്കുന്ന വലകളുടെയും അളവും വലുപ്പവും നിജപ്പെടുത്തിയാൽ ഒരുപരിധിവരെ മൽസ്യങ്ങളുടെ സംരക്ഷണം സാധ്യമാകുമെന്നും അവർ പറയുന്നു. ബോട്ടിന്റെയും യന്ത്രവൽകൃത വള്ളങ്ങളുടെയും നീളം ഇരുപതു മീറ്ററാക്കണം. ഉപയോഗിക്കുന്ന എൻജിന്റെ കുതിരശക്തി ഇരുനൂറിൽ കവിയാൻ പാടില്ല. അതു മറൈൻ എൻജിനാണെന്ന് ഉറപ്പു വരുത്തുക. ഇപ്പോൾ 600 എച്ച്പി ശക്തിയുള്ള എൻജിനുകൾ വരെ ഉപയോഗിക്കുന്നുണ്ട്. ഇതു വലിയ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നു.

നിയമം കർശനമാക്കി നടപടി എടുക്കണം

ഡോ. എ.ഗോപാലകൃഷ്ണൻ ഡയറക്ടർ, സിഎംഎഫ്ആർഐ ഡോ. എ.ഗോപാലകൃഷ്ണൻ ഡയറക്ടർ, സിഎംഎഫ്ആർഐ

കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനപ്രകാരം 2012 നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം കേരളത്തിന്റെ മൽസ്യസമ്പത്തിൽ 40 ശതമാനത്തിലേറെ കുറവു കണ്ടെത്തിയിട്ടുണ്ട്. മത്തിയുടെ ലഭ്യതയിൽ 2012 നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം 82 ശതമാനത്തിലേറെ കുറവു വന്നതാണു സംസ്ഥാനത്തെ മൽസ്യസമ്പത്തിൽ വൻ ഇടിവുണ്ടായതിന്റെ പ്രധാന കാരണം. ചെറുമീനുകളുടെ അമിതമായ ചൂഷണം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര മലിനീകരണം, എൽനിനോ പോലുള്ള പ്രതികൂല പ്രകൃതി പ്രതിഭാസങ്ങൾ തുടങ്ങിയവയാണു മൽസ്യസമ്പത്തു കുറയാനുള്ള പ്രധാന കാരണം. മൽസ്യസമ്പത്തിന്റെ ഘടനയിലുള്ള മാറ്റത്തിനനുസൃതമായി മൽസ്യബന്ധനരീതികൾ ഏകീകരിക്കാത്തതും ഒരു പ്രധാന കാരണമാണ്. 14 ഇനം മൽസ്യങ്ങളുടെ മിനിമം ലീഗൽ സൈസ് (പിടിക്കുന്നതിനുള്ള കുറഞ്ഞ വലുപ്പം) സംസ്ഥാന സർക്കാർ അംഗീകരിച്ചു വിജ്ഞാപനമിറക്കി. ചെറുമീനുകൾ പിടിക്കുന്നതിനെതിരെ നടപടിയും  ശക്തമാക്കി. ഗവേഷണ സ്ഥാപനങ്ങളുടെ പഠനഫലങ്ങൾ അടിസ്ഥാനമാക്കിയുള്ള നിർദേശങ്ങൾ യഥാസമയം പ്രായോഗികമായി നടപ്പിലാക്കിയാൽ ഇത്തരം പ്രതിസന്ധികൾ ഒരു പരിധിവരെ തരണം ചെയ്യാനാകും.

മത്സ്യവറുതി മേഖലയായി പ്രഖ്യാപിക്കണം

മത്സ്യമേഖലയിലെ വരൾച്ച കണക്കിലെടുത്തു സംസ്ഥാനത്തെ മത്സ്യവറുതി മേഖലയായി പ്രഖ്യാപിക്കണം. മത്സ്യ തൊഴിലാളികളുടെ കടബാധ്യതകൾക്കു മൊറട്ടോറിയം പ്രഖ്യാപിക്കണം.

  ചാൾസ് ജോർജ് സംസ്ഥാന പ്രസിഡന്റ് കേരള മത്സ്യ തൊഴിലാളി ഐക്യവേദി ചാൾസ് ജോർജ് സംസ്ഥാന പ്രസിഡന്റ് കേരള മത്സ്യ തൊഴിലാളി ഐക്യവേദി

കടലിൽ നിന്നു പിടിക്കുന്ന മത്സ്യങ്ങളുടെ കുറഞ്ഞ വലിപ്പം നിജപ്പെടുത്തിക്കൊണ്ടുളള നിയമം കർശനമായി നടപ്പാക്കണം. അയൽ സംസ്ഥാനങ്ങളിലേക്കു മത്സ്യം പൊടിക്കുന്നതിനായി കൊണ്ടുപോകുന്നതു പൂർണമായും തടയണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.