go

പ്രളയം: പെരിയാറിൽ രൂപപ്പെട്ട മണൽത്തുരുത്തുകൾ യഥാർ‌ഥത്തിൽ എന്താണ് ?

cochin-cochii
പ്രളയശേഷം ആലുവ പരുന്തുറാഞ്ചി മണപ്പുറം.
SHARE

പെരിയാറിൽ  മഴക്കാലത്തൊഴികെ വെള്ളമുണ്ടാകാറില്ല. അനിയന്ത്രിത മണൽ വാരൽ മൂലം പെരിയാറും മൂവാറ്റുപുഴയാറും ആഴംകൂടി, സമീപപ്രദേശങ്ങളിലെ കിണർ വെള്ളത്തിന്റെ നിരപ്പു വരെ താഴുകയാണ് പലപ്പോഴും. നദിയാണ് ഭൂഗർഭ ജലത്തിന്റെ  അളവിനെ നിയന്ത്രിക്കുന്നതെന്നതിനാൽ മെലിഞ്ഞൊഴുകുന്ന പെരിയാറിന്റെ 200 മീറ്റർ പരിധിയിൽ കിണറുകളിലെ ജലവിതാനം 7 മീറ്റർ വരെ താഴ്ന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ഇതുമൂലം ജില്ലയിലെ മണൽക്കടവുകളിൽ നാലു വർഷമായി മണൽവാരൽ നിരോധിച്ചിരിക്കുകയാണ്. പ്രളയം കഴിഞ്ഞതോടെ ജില്ലയിൽ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കരകളിൽ പലയിടത്തും പുതുതായി മണൽശേഖരവും മണൽത്തുരുത്തുകളും രൂപപ്പെട്ടു. നേര്യമംഗലം പാലത്തിനു കീഴെയുള്ള വിശാലമായ മണൽത്തിട്ടയാണ് ഇതിൽ പ്രധാനം. 

മണൽത്തിട്ടയല്ല, പ്രവാഹവഴി 

പുഴയുടെ പ്രവാഹവഴികൾ (Flood line) ആണ് പ്രളയത്തെത്തുടർന്ന് യഥാർഥത്തിൽ മണൽത്തിട്ടകളായി മാറിയതെന്നും  ഇതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്നും ഭൗമശാസ്ത്ര‌ജ്ഞർ ചൂണ്ടിക്കാട്ടുമ്പോഴും സാധാരണക്കാരുടെ അദ്ഭുതം മാറുന്നില്ല. പാലമറ്റം, വടാട്ടുപാറ, ഭൂതത്താൻകെട്ട്, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, ഗോതുരുത്ത്, മുസിരിസ് ജെട്ടി, തേലത്തുരുത്ത്, ചൗക്കക്കടവ്, കീരംപാറ ഓവുങ്കൽ കോറിയ കടവ്, ചാരുപാറ, കുട്ടമ്പുഴ ആനക്കയം, പിറവം കളമ്പൂരിലെ ചാലാശേരി കടവ് എന്നിവിടങ്ങളിലെല്ലാം പുതിയ മണൽത്തീരങ്ങളും തുരുത്തുകളുമുണ്ടായി.

ഒ‌ാഗസ്റ്റ് 16 മുതൽ മൂന്നു ദിവസത്തെ തോരാമഴയിലൂടെ പ്രളയം അവശേഷിപ്പിച്ചതു ചെറിയ തരിയുള്ള സ്വർണ നിറമാർന്ന മണലാണ്. തരി കുറവായതിനാൽ അരിക്കൽ കുറയ്ക്കാമെന്നതാണു നിർമാണരംഗത്തു  പുതിയ മണലിന് പ്രിയമേറുന്നത്. എന്നാൽ പിറവം കളമ്പൂരിൽ അടക്കം ചില കടവുകളിൽ അടിഞ്ഞ മണൽ നിർമാണ  ആവശ്യങ്ങൾക്ക് ഉതകുന്നതല്ല. 

കടവുകളിൽ മാഫിയ; നാടാകെ ജാഗ്രത 

പ്രളയം കൊണ്ടുവന്നിട്ട മണൽ വാരാൻ വട്ടം കൂട്ടുന്ന മാഫിയയാണ് ഇപ്പോൾ ഒട്ടേറെ മണൽക്കടവുകളിലുള്ളത്. പെരിയാറിൽ നിന്നു മണൽ കടത്തുന്നതിനിടെ 11 ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസം ആലുവയിൽ പൊലീസിന്റെ പിടിയിലായെങ്കിലും ആസൂത്രകരും അണിയറക്കാരും രക്ഷപ്പെട്ടു. ലോഡിന് 15,000 രൂപ വരെയുണ്ട് കോതമംഗലം മേഖലയിൽ മണലിനെങ്കിൽ ആലുവ ഭാഗത്ത് ഇതു പതിനായിരത്തിനു തൊട്ടുമുകളിലാണ്.

ആലുവയിൽ പെരിയാറിനു നടുവിലെ പരുന്തുറാഞ്ചി മണപ്പുറത്ത് മണൽ വാരാനുള്ള ശ്രമങ്ങൾ വിഫലമായതു നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ജാഗ്രത തുടരുന്നതു കൊണ്ടാണ്. ചെങ്ങൽത്തോട്, കാലടി പാറപ്പുറം മംഗലത്തു കടവ്, ശ്രീഭൂതപുരം എന്നിവിടങ്ങളിലും ഇത്തരം ജനകീയ ജാഗ്രത രൂപപ്പെട്ടിട്ടുണ്ട്.

പ്രളയം പഠിപ്പിച്ച  പാഠങ്ങൾ

ഉരുൾപൊട്ടൽ ഭീഷണി, മലയിടിച്ചിൽ സാധ്യത, കുടിവെള്ളക്ഷാമം, വെള്ളപ്പൊക്ക സൂചന തുടങ്ങി പരിസ്ഥിതിയുമായും  ജനജീവിതവുമായും ബന്ധപ്പെട്ട പൊതുവായ ഒരുകാര്യവും പൊതുജനങ്ങളിൽ നിന്നു മറച്ചുവയ്ക്കരുത്. ഓരോ വില്ലേജിലെയും ദുരന്ത സാധ്യതാ ഭൂപടം തയാറാക്കി  ഇന്റർനെറ്റിലൂടെ ലഭ്യമാക്കണം.  ‍‌

ഭൂമിയുടെ ഉപയോഗക്രമം സംബന്ധിച്ച്  ശരിയായ തീരുമാനം എടുക്കാൻ ഇതു സഹായകരമാകും. കെട്ടിട നിർമാണ പെർമിറ്റ് പരിഗണനയിൽ വിവര ഭൂപടം നിർണായകമാകണം. വിദഗ്ധരുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി  പഞ്ചായത്തുതലത്തിൽ ‌ ജൈവവൈവിധ്യ സമിതി പ്രവർത്തനം കുറ്റമറ്റതാക്കണം. ജൈവവൈവിധ്യ റജിസ്റ്റർ സമിതി തയാറാക്കണം.

ഓരോ പ്രദേശത്തെയും നദി, പുഴ, കൃഷി, മണ്ണിന്റെ ഘടന, വ്യവസായങ്ങൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് തദ്ദേശ സ്ഥാപനം കൃത്യമായ വിവരം ശേഖരിക്കണം. കുട്ടികൾ മുതൽ എല്ലാവർക്കും  ഇത്തരം അടി‌സ്ഥാന ഭൂമിശാസ്ത്ര അറിവുകൾ കൈമാറണം. 

മഴപ്പെയ്ത്തും മഴയുടെ അളവും കൃത്യമായി അറിയാൻ എല്ലാ പ​ഞ്ചായത്തിലും മഴമാപിനികൾ സ്ഥാപിക്കണം.  മഴയളവ് രേഖപ്പെടുത്താൻ ജനങ്ങൾക്കു പരിശീലനം നൽകണം. മണ്ണിടിച്ചിലും വിള്ളൽ സാധ്യതയുമുള്ള പ്രദേശങ്ങളെ പ്രത്യേകം നിരീക്ഷണവിധേയമാക്കണം. 

പ്രതികരണങ്ങൾ: പൊരുതിയല്ല, പ്രകൃതിയോട് പൊരുത്തപ്പെട്ട് ജീവിക്കണം 

പ്രളയത്തിനുശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങളിൽ  അനുഭവങ്ങൾക്കും ശാസ്ത്രീയ നിഗമനങ്ങൾക്കും പ്രാധാന്യം കൊടുക്കണം. പുനർ നിർമാണം മറ്റൊരു പരിസ്ഥിതി ദുരന്തമായി മാറരുത്. ഇക്കാര്യത്തിൽ ശാസ്ത്രവും  അനുഭവവും സമന്വയിപ്പിക്കണം. പ്രധാനപ്പെട്ട കാര്യം, നമ്മൾ പ്രകൃതിയോട് പൊരുത്തപ്പെട്ടാണ് ജീവിക്കേണ്ടത്; പൊരുതിയല്ല. 

ചിന്നൻ പൈനാടത്ത്, ആലുവ പരിസ്ഥിതി പ്രവർത്തകൻ  പാറമടകളിൽ  നിയന്ത്രണം വേണം

പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൊത്തം മുന്നൂറോളം ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇതിലെല്ലാം പൊതുവായ ഘടകം പാറമടകളുടെ സാന്നിധ്യമാണ്. പാറമടകൾ ഉരുൾപൊട്ടലിന്റെ എണ്ണം കൂട്ടും. പെയ്യുന്ന മഴവെള്ളത്തിന്റെ ഒഴുക്കിന്റെ ഗതിമാറും. ഒന്നോ രണ്ടോ വർഷത്തെ നിരോധനം അടക്കം പാറമടകളുടെ പ്രവർത്തനത്തിനു  കർശന നിയന്ത്രണം വേണം.  പുഴയുടെ സംരക്ഷണമാണു മറ്റൊരു കാര്യം.

മഴക്കാലത്തൊഴുകുന്നതാണു പുഴയുടെ യഥാർഥവീതി. എല്ലാ പുഴയ്ക്കും രേഖയുണ്ട്. സർവേ നമ്പറുണ്ട്. പുഴയൊഴുകുന്നതിന്റെ തണ്ടപ്പേര്  അതതു വില്ലേജിലുമുണ്ട്. പുഴകളുടെ സാറ്റലൈറ്റ് ഇമേജും ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പുഴകൾക്ക്  ജണ്ടയിടണം. ഡോ. സി.എം. ജോയി പരിസ്ഥിതി പ്രവർത്തകൻ

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama