go

മൂവാറ്റുപുഴയിലും ആലുവയിലും പെരുമ്പാവൂരിലും സംഘർഷം

 മൂവാറ്റുപുഴയിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപഘോഷയാത്ര.
മൂവാറ്റുപുഴയിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപഘോഷയാത്ര.
SHARE

മൂവാറ്റുപുഴ ∙ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്ക്കിടെ പൊലീസും വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടി. കച്ചേരിത്താഴം മുതൽ വെള്ളൂർകുന്നം ക്ഷേത്രം വരെ നാലു തവണ പൊലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുതിർന്ന പ്രവർത്തകർ ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

രാവിലെ പതിനൊന്നുമണിയോടെ പുഴക്കരക്കാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച നാമജപഘോഷയാത്ര കച്ചേരിത്താഴത്തെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്കിടെ എത്തിയ വാഹനം പ്രവർത്തകർ തടഞ്ഞു. ഇവരെ സിഐ സി. ജയകുമാർ ബലംപ്രയോഗിച്ചു തള്ളിനീക്കിയതോടെയാണു സംഘർഷമുണ്ടായത്. മുതിർന്ന പ്രവർത്തകർ ഇടപെട്ട് വിശ്വാസികളെ അനുനയിപ്പിച്ചു ഘോഷയാത്ര തുടർന്നെങ്കിലും ഇടയ്ക്കിടെ ഉന്തും തള്ളുമുണ്ടായി. ഇതോടെ എംസി റോഡിൽ ഗതാഗതം സ്തംഭിച്ചു.

തർക്കം രൂക്ഷമായതോടെ വെള്ളൂർകുന്നത്ത് വിശ്വാസികൾ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം സ്ത്രീകളുൾപ്പെടെയുള്ള വിശ്വാസികൾ അണിനിരന്ന നാമജപഘോഷയാത്ര സമാധാനപരമായി മുന്നോട്ടു പോകുന്നതിനിടെ മനപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയും ഹിന്ദുഐക്യവേദിയും ആവശ്യപ്പെട്ടു.

∙ മൂവാറ്റുപുഴയിൽ ഉപരോധ സമരത്തിനിടെയുള്ള പൊലീസ് നടപടികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സിഐ സി. ജയകുമാറിന്റെ ഇടപെടലാണ് സംഘർഷത്തിലേക്കു നയിച്ചതെന്ന് ഉപരോധസമരം നടത്തിയവർ ആരോപിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ ഉന്തും തള്ളുമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

സംഘർഷത്തെത്തുടർന്ന് മൂവാറ്റുപുഴയിൽ മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആലുവയിൽ ഉപരോധസമരം ലൈവായി പകർത്തി പോസ്റ്റ് ചെയ്ത യുവാവിനു മർദനമേറ്റു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു. മൊബൈലും മറ്റും നഷ്ടപ്പെട്ട യുവാവിനെ പൊലീസ് സംഭവസ്ഥലത്തുനിന്നു മാറ്റിയതിനെത്തുടർന്നാണ് രക്ഷപ്പെട്ടത്. മൊബൈലും മറ്റും പിന്നീട് തിരിച്ചുകിട്ടി. സംഭവത്തിൽ ആലുവ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും പരാതിയില്ലെന്ന നിലപാടിലാണ് യുവാവ്. പെരുമ്പാവൂരിൽ ഉപരോധസമരം നടത്തിയവർക്കിടയിലേക്ക് ബൈക്കുമായി ചെന്ന യുവാവിനു മർദനമേറ്റു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama