go

കഞ്ചാവിന്റെ പുതിയ പേര് ‘പോപ്പിൻസ്’; കൈമാറ്റം ഹെൽമറ്റ് വഴി!

ernakulam-excise-complex
കൊച്ചി കച്ചേരിപ്പടിയിലെ സോണൽ എക്സൈസ് കോംപ്ലക്സ്.
SHARE

കൊച്ചി ∙ ലഹരിമരുന്നു മാഫിയയ്ക്കെതിരെ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം കൊച്ചിയിലേക്ക്. വിദേശ രാജ്യങ്ങളിൽ നിന്നു കൊച്ചി വഴി ലഹരി കടത്തു വർധിക്കുന്ന സാഹചര്യത്തിലാണിത്. ഇതിന്റെ ഭാഗമായി, എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ സംസ്ഥാനതല ഓഫിസുൾപ്പെടെ പ്രധാന ഓഫിസുകൾ കച്ചേരിപ്പടിയിലെ സോണൽ എക്സൈസ് കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങി. 

കൊച്ചിയിൽ ഒരു വർഷത്തിനിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ 11 കിലോഗ്രാമിലധികം കൊക്കെയ്ൻ പിടികൂടിയിരുന്നു. എക്സൈസ് ഇക്കൊല്ലം ഇതുവരെ 31 കിലോഗ്രാമിലധികം മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ എന്ന ലഹരിമരുന്നു പിടികൂടി. കൂടാതെ കഞ്ചാവ്, ഹഷിഷ് ഓയിൽ, ബ്രൗൺഷുഗർ, ഹെറോയിൻ, ലഹരിക്കൂൺ, ലഹരി ഗുളികകൾ... തുടങ്ങി ഒട്ടേറെ ലഹരിവസ്തുക്കളാണ് ഈ വർഷം പിടികൂടിയത്. കേസുകളുടെയും  പ്രതികളുടെയും എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. 

ലഹരി കടത്തു കേന്ദ്രമായി കൊച്ചി

ലഹരി വസ്തുവുമായി ബന്ധപ്പെട്ട് 2016ൽ 393 കേസുകളിൽ 449 പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 78.32 കിലോഗ്രാം കഞ്ചാവ്, 70 ആംപ്യൂളുകൾ, 62 ഗ്രാം ഹെറോയിൻ, 1 കിലോഗ്രാം ഹഷീഷ് ഓയിൽ തുടങ്ങിയവ പിടിച്ചെടുത്തു. 2017ൽ 670 കേസുകളിലായി 723 പേരാണ് അറസ്റ്റിലായത്. 103 കിലോഗ്രാം കഞ്ചാവ്, 100 ഗ്രാം എംഡിഎംഎ, 340 ഗ്രാം ഹെറോയിൻ, 36 ഗ്രാം ബ്രൗൺഷുഗർ, 11 ഗ്രാം കൊക്കെയ്ൻ എന്നിവയ്ക്കു പുറമേ 1414 നൈട്രാസെപാം ഗുളികകളടക്കം ഒട്ടേറെ ലഹരി ഗുളികകളും എൽഎസ്ഡിയും പിടിച്ചു. 

ഇക്കൊല്ലം സെപ്റ്റംബർ വരെ 647 കേസുകളാണു റജിസ്റ്റർ ചെയ്തത്. 649 പേരെ അറസ്റ്റ് ചെയ്തു.122 കിലോഗ്രാം കഞ്ചാവ്, 31.11 കിലോഗ്രാം എംഡിഎംഎ, 320 ഗ്രാം ഹഷീഷ് ഓയിൽ, 85 ഗ്രാം ലഹരിക്കൂൺ, 10 ഗ്രാം ബ്രൗൺഷുഗർ, ഹെറോയിൻ, ലഹരി ഗുളികകൾ തുടങ്ങിയവ പിടിച്ചെടുത്തു.

ലഹരി വസ്തുക്കളുടെ പട്ടികയിൽ പുതിയ ഇനങ്ങൾ ചേരുന്നതും എക്സൈസിനു തലവേദനയുണ്ടാക്കുന്നു. 2016ൽ എട്ടു തരം ലഹരിവസ്തുക്കളാണു പിടിച്ചതെങ്കിൽ ’17ൽ ഇത് 14 ആയി. ഇക്കൊല്ലം ഇതുവരെ 15 തരം ലഹരി വസ്തുക്കളാണു പിടിച്ചെടുത്തത്. എക്സൈസിന്റെ ലഹരിവേട്ട കേസുകളിൽ യഥാക്രമം ആദ്യരണ്ടു സ്ഥാനത്തു പാലക്കാട്, എറണാകുളം ജില്ലകളാണ്. 

പ്രധാന ഓഫിസുകൾ കൊച്ചിയിൽ

സംസ്ഥാനത്താകെ അധികാര പരിധിയുള്ള എക്സൈസ് ഇന്റലിജൻസ് ജോയിന്റ് കമ്മിഷണറുടെ ഓഫിസാണു  കൊച്ചി എക്സൈസ് ഭവനിൽ പ്രവർത്തനം തുടങ്ങിയത്. ഇന്റലിജൻസ് വിഭാഗം മധ്യമേഖലാ അസി. കമ്മിഷണറുടെയും ജില്ലാ യൂണിറ്റിന്റെയും ഓഫിസുകളും ഇവിടെയുണ്ട്.  

എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകൾക്കായുള്ള മധ്യമേഖലാ ജോ. കമ്മിഷണർ, എറണാകുളം ജില്ലാ ഡപ്യൂട്ടി കമ്മിഷണർ, നിയമോപദേശ വിഭാഗം ഡപ്യൂട്ടി കമ്മിഷണർ എന്നിവരുടെ ഓഫിസുകളും സ്പെഷൽ സ്ക്വാഡ് ഓഫിസും എറണാകുളം റേഞ്ച് ഓഫിസും ഇതേ കെട്ടിടത്തിലാണ്. ലഹരിക്കെതിരായ ബോധവത്കരണ, കൗൺസലിങ്ങിനുള്ള ‘വിമുക്തി’ സെന്ററും ഇവിടെ പ്രവർത്തിക്കുന്നു. 

ചോദ്യം ചെയ്യലിനു പ്രത്യേക മുറി

സയന്റിഫിക് ഇന്ററൊഗേഷൻ റൂമടക്കമുള്ള സംവിധാനങ്ങൾ വൈകാതെ എക്സൈസ് ഭവനിൽ ഏർപ്പെടുത്തുമെന്നു ഡപ്യൂട്ടി കമ്മിഷണർ എ.എസ്. ര‍ഞ്ജിത്ത് പറഞ്ഞു.  ‘എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയും തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു മാറ്റും. കോൺഫറൻസ് ഹാൾ, മിനി തിയറ്റർ, മ്യൂസിയം, ലൈബ്രറി എന്നിവയും ഇവിടെയുണ്ടാകും. 

ഹെൽത്ത് ക്ലബ്ബിനും എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കു താമസിക്കാൻ ഗെസ്റ്റ് റൂമുകൾക്കും  ആലോചനയുണ്ട്. 12.15 കോടി രൂപ ചെലവിട്ടാണ് എക്സൈസ് ഭവൻ നിർമിച്ചത്. തറ നിരപ്പിനു താഴെ രണ്ടു നിലകളും മുകളിലേക്ക് അഞ്ചു നിലകളുമുണ്ട്. 

ജോലി കൂടുതലും ആളു കുറവും

മദ്യക്കടത്തും വ്യാജമദ്യവും ലഹരിവസ്തുക്കളും  മാത്രം എക്സൈസിന്റെ അന്വേഷണ പരിധിയിലായിരുന്ന കാലം കഴിഞ്ഞു. വാഹന പരിശോധനയ്ക്കിടെ കള്ളക്കടത്തു സ്വർണമോ വനവിഭവങ്ങളോ ഹവാലയോ മറ്റ് അനധികൃത സാധനങ്ങളോ കണ്ടാൽ പിടിച്ചെടുക്കാനും കേസെടുത്ത്, റിപ്പോർട്ട് സഹിതം ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറണമെന്നാണു നിർദേശം. 

എന്നാൽ ജീവനക്കാരുടെ കുറവു പ്രവർത്തനങ്ങളെ ബാധിക്കുന്നു. അനധികൃത മദ്യം, വ്യാജ മദ്യം, കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താൻ നിത്യേനയുള്ള പരിശോധന വേണം. കേസ് അന്വേഷണം വേറെ. ഡിസ്റ്റിലറികളുടെ പരിശോധന, ബവ്റിജസ് കോർപറേഷന്റെ  ഗോഡൗണുകളുടെ മേൽനോട്ടം, ബാറുകളും ഷാപ്പുകളും നിരീക്ഷിച്ചുള്ള പരിശോധന വേറെ. ഇതിനു പുറമേയാണു സ്കൂളുകളും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികൾ. 

പരിശോധനയുടെ കണക്കുകൾ

2016ൽ ജില്ലയിൽ 14,829 പരിശോധനകളാണു നടത്തിയത്.  2102 അബ്കാരി കേസുകളും 393 ലഹരിമരുന്നു കേസുകളും 2743 പുകയില ഉത്പന്ന കേസുകളുമെടുത്തു. ആകെ 2544 പേരെ അറസ്റ്റ് ചെയ്തു. 2017ൽ 1327 അബ്കാരി കേസുകളും 670 ലഹരിമരുന്നു കേസുകളും 4080 പുകയില ഉത്പന്ന കേസുകളും റജിസ്റ്റർ ചെയ്തു. 1996 പേരാണ് ആകെ അറസ്റ്റിലായത്. 

ഹെൽമറ്റിൽ ലഹരി, ഹെൽമറ്റിൽ പണം

ernakulam-helmet

ഹെൽമറ്റ് കൈമാറുകയാണു ലഹരിക്കടത്തിന്റെ പുതിയ രീതികളിലൊന്ന്. കച്ചവടം നേരത്തെ പറഞ്ഞുറപ്പിച്ച ശേഷം രണ്ടു പേരും ബൈക്കിലെത്തുകയും ഹെൽമറ്റുകൾ പരസ്പരം കൈമാറുകയുമാണു ചെയ്യുന്നത്. വിൽപനക്കാരന്റെ ഹെൽമറ്റിൽ ലഹരിമരുന്നുണ്ടാകും. വാങ്ങുന്നയാളുടെ ഹെൽമറ്റിൽ പണമായിരിക്കും. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാനാണിത്.

തിരുവനന്തപുരത്ത് അടുത്തിടെ ഇത്തരത്തിൽ ഒരു േകസ് എക്സൈസ് പിടിച്ചു. ‘പോപ്പിൻസ്’ എന്ന പേരിലാണിപ്പോൾ കഞ്ചാവ് പൊതി ഇറങ്ങുന്നത്. 500 രൂപയാണു വില. മാജിക് മഷ്റൂം അഥവാ ‘വിഷക്കൂൺ’ മൂന്നാറിലും കൊടൈക്കനാലിലും വ്യാപകമാണ്. ചിലരിതു തേനിലിട്ടു കഴിക്കും. കൊടൈക്കനാലിൽ, വിഷക്കൂൺ വിതറിയ ഓംലറ്റുകൾ ലഭിക്കുന്ന ഇടങ്ങളുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama