go

മലയാളികൾക്ക് ഇനി മീൻ ഇല്ലാതെ ചോറുണ്ണേണ്ടി വരുമോ? ഇങ്ങനെ പോയാൽ....

Ernakulam News
SHARE

തോപ്പുംപടി ∙ 10 ദിവസം കടലിൽ മൽസ്യബന്ധനം കഴിഞ്ഞു തിരിച്ചെത്തിയ ബോട്ടിലെ തൊഴിലാളിക്കു കൈയ്യിൽ കിട്ടിയ വിഹിതം 700 രൂപ. ദിവസ വേതനം കണക്കാക്കിയാൽ‍ 70 രൂപ. ഇതു കൊണ്ട് എങ്ങനെ ജീവിക്കുമെന്നു സങ്കടം പറയുന്ന തൊഴിലാളിയുടെ മുന്നിൽ ബോട്ട് ഉടമയ്ക്കും മറുപടിയില്ല. കടത്തിനു മേൽ കടം കയറിയാണ് ഉടമയുടെ നിൽപ്. സംസ്ഥാനത്തെ മൽസ്യബന്ധന വ്യവസായം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. മീനിന്റെ ലഭ്യതക്കുറവ് ഒരു വശത്ത്. കിട്ടുന്ന മീനിനു വിലയില്ലെന്നത് മറുവശം.

കുതിച്ചുയരുന്ന ഇന്ധനവിലയും നികുതികളും മൂലം കടം വാങ്ങി മടുത്ത ഉടമകൾ പലരും ബോട്ട് കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. കടലിൽ ഇറക്കാതിരുന്നാൽ കടം കൂടില്ലല്ലോ എന്ന ചിന്ത. സംസ്ഥാനത്തുള്ള 3800 ട്രോളിങ് ബോട്ടിൽ 1600 ബോട്ട് കരയിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് ഉടമകൾ പറയുന്നു. 72 പഴ്സീൻ ബോട്ടുകളുണ്ട്. കൂടുതലും കൊച്ചിയിലാണ്. മീൻ കിട്ടാത്തതിനാൽ അവയിൽ ഭൂരിഭാഗവും കടലിൽ പോകുന്നില്ല. 500 ചൂണ്ടബോട്ടുകളുള്ളതു കൊച്ചി കേന്ദ്രീകരിച്ചാണു മൽസ്യബന്ധനം നടത്തുന്നത്.

ഇവ കൂടുതലും തമിഴ്നാട്ടുകാരുടേതാണ്. റജിസ്ട്രേഷന്റെയും ലൈസൻസിന്റെയും പ്രശ്നം പറഞ്ഞു ബോട്ടുകളെ പിടികൂടി അധികൃതർ പിഴിയുകയാണെന്ന് അവർ പരാതിപ്പെടുന്നു. പിടികൂടുന്ന മൽസ്യബന്ധന ബോട്ടുകളിൽ നിന്നു രണ്ടര ലക്ഷം രൂപ വരെ പിഴ ഈടാക്കുമ്പോൾ തകരുന്നത് ഉടമ മാത്രമല്ല, ബോട്ടിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണെന്ന് അവർ പറയുന്നു. 2018 ഏപ്രിൽ ഒന്നിന് ഫിഷറീസ് ആൻഡ് പോർട്സ് (ബി) വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മൽസ്യബന്ധന ബോട്ടുകളുടെ റജിസ്ട്രേഷൻ, ലൈസൻസ് ഫീസുകളിൽ വർധന വരുത്തിരുന്നു. 6 മാസത്തിനകം സെപ്റ്റംബർ ഒന്നിനു ഫീസ് ഇരട്ടിയായി വർധിപ്പിച്ചു.

സെക്യൂരിറ്റി ഡിപ്പോസിറ്റിലും വർധന വരുത്തി. 20 മീറ്റർ മുതൽ 24.99 മീറ്റർ വരെ നീളമുള്ള യാനങ്ങൾക്ക് 25000 രൂപയാണ് ഇപ്പോൾ റജിസ്ട്രേഷൻ ഫീസ്. 25 മീറ്ററിൽ കൂടുതൽ ഉള്ളവയ്ക്ക് 50,000 രൂപ. 10 മീറ്റർ മുതൽ 14.99 മീറ്റർ വരെയുള്ള യാനങ്ങൾക്കു 2000 രൂപ ലൈസൻസ് ഫീസും 2000 രൂപ സെക്യൂരിറ്റി ‍ഡിപ്പോസിറ്റും. 15 മീറ്റർ മുതൽ 19.99 മീറ്റർ വരെയുള്ള യാനങ്ങൾക്കു 4500 രൂപ ലൈസൻസ് ഫീസും 9000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും. ഡീസൽ വില വർധനയും വ്യവസായത്തെ തളർത്തി. മൽസ്യബന്ധന ബോട്ടുകൾക്കു 12 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വർഷം അധികച്ചെലവു വരുത്തുന്നതാണു ഡീസലിന്റെ വില വർധന. മൽസ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ സാധാരണ 3000 ലീറ്റർ വരെ ഡീസൽ അടിക്കാറുണ്ട്.

ഓയിൽ, ഐസ് എന്നിവയുടെ ചെലവു കൂടി കണക്കാക്കുമ്പോൾ 3.50 ലക്ഷം രൂപയോളം ഒരു യാത്രയ്ക്കു വേണ്ടിവരുന്നതായി ഉടമകൾ പറയുന്നു. ലാഭത്തിന്റെ 60 ശതമാനം ഉടമയ്ക്കും ബാക്കി 40 ശതമാനം ജീവനക്കാർക്കുമായി വീതിച്ചു നൽകുകയാണു പതിവ്. 60,000 തൊഴിലാളികൾക്കു നേരിട്ടും 1,75,000 തൊഴിലാളികൾക്ക് അനുബന്ധമായും മൽസ്യബന്ധന ബോട്ടുകൾ വഴി തൊഴിൽ ലഭിക്കുന്നു. ഇത്രയും തൊഴിലാളികളും അവരുടെ കുടുംബങ്ങളും ആശ്രയിക്കുന്ന മേഖലയെ രക്ഷപ്പെടുത്താൻ നടപടി വേണമെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ:

∙ മറ്റു സംസ്ഥാനങ്ങളിൽ നൽകുന്നതു പോലെ ഡീസലിനു സബ്സിഡി അനുവദിക്കുക

∙ റജിസ്ട്രേഷൻ, ലൈസൻസ് ഫീസുകളിലെ വർധന മറ്റു സംസ്ഥാനങ്ങളിലേതു പോലെ കുറയ്ക്കുക.

∙ ട്രോളിങ് പരിധി ലംഘനം ആരോപിച്ച് അനാവശ്യമായി പിടികൂടി പിഴയടപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക.

∙ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) ബോട്ടുകളിൽ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുക.

''മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ മൽസ്യത്തൊഴിലാളികളെ സംരക്ഷിക്കുകയാണ്. ഇവിടെ അവർക്കുവേണ്ടി ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. പിടിച്ചു കൊണ്ടുവരുന്ന മൽസ്യം ശേഖരിച്ചു വയ്ക്കാൻ സംവിധാനം ഒരുക്കുക, ഐസ് നിർമിതിക്കായി തീരപ്രദേശത്തു ശുദ്ധജലം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ പോലും അനുവദിക്കാതെ നികുതിയുടെ പേരിൽ മൽസ്യബന്ധന മേഖലയെ തകർക്കുകയാണ് . ജോസഫ് സേവ്യർ കളപ്പുരക്കൽ, ജനറൽ സെക്രട്ടറി, ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama