go

ഓർമകളുടെ മട്ടാഞ്ചേരിത്തെരുവിൽ അവരിന്ന് ഒത്തുകൂടും

   Ernakulam News
മട്ടാഞ്ചേരി ജൂതത്തെരുവിലെ എ.ബി.സലേം ഹൗസിനു മുന്നിൽ ലെസ് ലി സലേം, കെന്നി സലേം, മാത്യു ആന്റണി, ലിൻഡ ഹെർട്സ്മാൻ, ഗ്ലെനി എസ്. സലേം എന്നിവർ.
SHARE

മട്ടാഞ്ചേരി∙ പൂർവപിതാക്കന്മാരുടെ കാൽപാടുകൾ പതിഞ്ഞ ജൂതത്തെരുവിൽ അവർ ഇന്ന് ഒത്തുകൂടും. ഇവിടെ ജനിച്ചു വളർന്നു പിന്നീട് ഇസ്രയേൽ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കു ചേക്കേറിയ ജൂത സമൂഹാംഗങ്ങൾ. ജൂതപ്പള്ളിയുടെ 450–ാം വാർഷികത്തിന്റെ ഭാഗമായാണ് ഈ ഒത്തുചേരൽ. വിവിധ രാജ്യങ്ങളിൽ നിന്ന് 167 പേരാണ് എത്തിയത്. എൺപത്തിയാറുകാരനായ സാമുവേൽ കോഡർ എത്തിയത് ഭാര്യ, 3 മക്കൾ, 8 ചെറുമക്കൾ എന്നിവർക്കൊപ്പമാണ്. ജൂതഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന എ.ബി. സലേമിന്റെ ചെറുമക്കളായ കെന്നി സലേം, ലിൻഡ ഹെർട്സ്മാൻ എന്നിവരും ജൂതപ്പള്ളി വാർഡനായിരുന്ന സാമുവേൽ അലേഗ്വയുടെ ബന്ധുക്കളുമുണ്ട്. എല്ലാവരും ഇന്നു വൈകിട്ടു ജൂതപ്പള്ളിയിൽ പ്രാർഥിക്കും. ഗ്രൂപ്പ് ഫോട്ടോ എടുക്കും.

അത്താഴ വിരുന്നിൽ പങ്കുചേരും. ഇസ്രയേലിൽ താമസിക്കുന്ന ശുല കോർഡറാണ് ഇത്തരമൊരു കൂടിച്ചേരലിന്റെ ആശയം പങ്കു വച്ചതെന്നു കാനഡയിൽ താമസിക്കുന്ന കെന്നി സലേം പറഞ്ഞു. ജൂതപ്പള്ളിയുടെ 400–ാം വാർഷികം ഗംഭീരമായി ആഘോഷിച്ചതിന്റെ ഓർമ എല്ലാവരുടെയും മനസ്സിലുണ്ട്. കലണ്ടർ നോക്കി തീയതി തീരുമാനിച്ചു. ഹനൂക്ക ആഘോഷം കഴിഞ്ഞാൽ ഇസ്രയേലിൽ കുട്ടികൾക്കൊക്കെ കുറച്ചു ദിവസം അവധി കിട്ടും. എല്ലാവരെയും ഫോണിൽ വിളിച്ചു. ഒന്നരമാസം കൊണ്ടാണ് ഒത്തുചേരലിനു പൂർണരൂപം നൽകിയത്– മുഖ്യ സംഘാടകനായ കെന്നി പറയുന്നു.

ഞങ്ങൾ ജനിച്ചു വളർന്ന തെരുവാണിത്. ഇവിടെയുള്ള വീടുകളെല്ലാം ജൂതസമുദായാംഗങ്ങളുടേതായിരുന്നു. ഇന്ന് അവയിൽ പലതും കച്ചവടശാലകളായി. കാലം വരുത്തിയ മാറ്റം. ഇവിടെ ഇപ്പോഴുള്ളത് 5 ജൂതസമുദായാംഗങ്ങൾ മാത്രം. പ്രാർഥനയ്ക്കു പോലും എണ്ണം തികയാറില്ല. 13 വയസ്സിനു മേലുള്ള 10 പുരുഷന്മാർ ഒരുമിച്ചു ചേർന്നാണു പ്രാർഥിക്കേണ്ടത്. എങ്കിലും ഇവിടെ ഞങ്ങൾ എത്ര സമാധാനപരമായും സൗഹൃദത്തോടെയുമാണു കഴിഞ്ഞിരുന്നതെന്നു മക്കളെയും അവരുടെ മക്കളെയും ബോധ്യപ്പെടുത്താനാണ് ഈ കൂട്ടായ്മ.

പഴയ വീടുകളെല്ലാം വിറ്റാണു കൂടുതൽ പേരും വിദേശത്തേക്ക് പോയതെന്നതിനാൽ സംഘാംഗങ്ങളിൽ ഭൂരിഭാഗവും ഹോട്ടലിലാണു തങ്ങുന്നത്. ചിലർ ബന്ധുക്കളുടെ വീടുകളിൽ. ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി തങ്ങളുടെ പഴയ വീട്ടിലാണു കെന്നിയും സഹോദരി ലിൻഡയും കുടുംബാംഗങ്ങളും താമസിക്കുന്നത്; ജൂതഗാന്ധി എ.ബി. സലേം താമസിച്ചിരുന്ന ആ പഴയ വീട്ടിൽ. തങ്ങൾക്ക് അതിനു സൗകര്യമൊരുക്കിയ കാസിനോ ഗ്രൂപ്പ് ഉടമ ജോസ് ഡോമിനിക്കിന് നന്ദി പറയാനും കെന്നി മറന്നില്ല. ജൂത സമൂഹാംഗങ്ങൾക്കു നാളെ വൈകിട്ട് ജ്യൂടൗണിലെ കച്ചവടക്കാർ സ്വീകരണം നൽകും– നാടിന്റെ ആദരവ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama