go

അലിവിന്റെ സംഗീതവുമായി കന്യാസ്ത്രീകളും കുട്ടികളും

 Ernakulam News
കൊച്ചി ബിനാലെയുടെ ഭാഗമായ ആർട്സ് ആൻഡ് മെഡിസിൻ പരിപാടിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ ആലുവ തോട്ടുമുഖം എസ്ഡി സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകൾ‌ അവതരിപ്പിച്ച ഗാനമേള.
SHARE

കൊച്ചി ∙ കലയുടെയും കലാപ്രകടനങ്ങളുടെയും അതുല്യ യവേദിയായി കൊച്ചി ബിനാലെ മാറുന്നതിനിടെ കരുണയുടെയും സാന്ത്വനത്തിന്റെയും ചിര പ്രതിഷ്ഠാപനമായ ആർട്സ് ആൻഡ് മെഡിസിൻ വേദിയിൽ ഇന്നലെയെത്തിയതു കന്യാസ്ത്രീകളും കുട്ടികളും. ഇന്നലെ ആർട്സ് ആൻഡ് മെഡിസിന്റെ 246-ാമതു ലക്കത്തിൽ പാടാനെത്തിയത് ആലുവ തോട്ടുമുഖം ആസ്ഥാനമായുള്ള എസ്ഡി സന്യാസിനി സമൂഹത്തിൽ നിന്നുള്ള കന്യാസ്ത്രീകളായിരുന്നു. ഇവർക്കൊപ്പം വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുമെത്തി.

ലക്ഷ്യം അന്വർഥമാക്കി കന്യാസ്ത്രീകൾ ചേർന്ന് ആദ്യം പാടിയതു ‘കരുണയാകണം’ എന്ന ഗാനമായിരുന്നു. നിയ സനൂബ്, ഡോ. ജ്യോതിഷ്, ഗൗരി പ്രസാദ്, അമൃത, റോസ് എഡ്വിൻ, ആഗ്നസ് ജോജി, ലിസ് മരിയ എഡ്വിൻ എന്നിവരും സിസ്റ്റർമാരായ തെരേസ്, റിൻസി, ടെസി, ലിസ്ജ, ജിമ എന്നിവരുമായിരുന്നു ഗായകർ. കൊച്ചി ബിനാലെ ഫൗണ്ടേഷനിലൂടെ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമെല്ലാം സാന്ത്വനമായി മാറിയ ആർട്സ് ആൻഡ് മെഡിസിൻ കലയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങാതെ ജനഹൃദയങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. പരിപാടി ആരംഭിച്ചത് 2014 നവംബറിലാണ്.

കൊച്ചി ബിനാലെ ഫൗണ്ടേഷനും മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയും ചേർന്നു തുടങ്ങിയ പരിപാടി തുടർന്ന് എല്ലാ ബുധനാഴ്ചയും എറണാകുളം ജനറൽ ആശുപത്രിയിൽ ഒഴിവാക്കാനാവാത്ത പരിപാടിയായി. സംഗീത സാന്ത്വനത്തിനപ്പുറം ഒട്ടേറെ ഗായകർക്കു വേദിയൊരുക്കിയ ആർട്സ് ആൻഡ് മെഡിസിൻ കേരളത്തിലെ സംഗീത ചരിത്രത്തിൽ നിർണായക സ്ഥാനമാണു വഹിക്കുന്നത്. 2 വർഷം കൂടുമ്പോൾ നടക്കുന്ന ബിനാലെയ്ക്കിടയിലുള്ള സമയം നിശബ്ദമാവാതിരിക്കാൻ ആർട്സ് ആൻഡ് മെഡിസിൻ പോലുള്ള പരിപാടികൾ ഏറെ സഹായിച്ചിട്ടുണ്ടെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

ആദ്യ ലക്കങ്ങളിൽ പാടാൻ ആളെക്കിട്ടാതെ വിഷമിച്ച കാലം ഉണ്ടായിരുന്നുവെന്നു ഫൗണ്ടേഷൻ ട്രസ്റ്റി ബോണി തോമസ് പറഞ്ഞു. ഇപ്പോൾ ആർട്സ് ആൻഡ് മെഡിസിനിൽ പാടുന്നത് സംഗീത ജീവിതത്തിന്റെ പ്രധാന ഏടാണെന്നു പലർക്കും തോന്നിത്തുടങ്ങി. സംഗീതത്തിലൂടെ സമൂഹത്തിന് എന്തു നൽകാമെന്നതിന്റെ മാതൃകയാണ് ആർട്സ് ആൻഡ് മെഡിസിനെന്നും ബോണി പറഞ്ഞു. പ്രശസ്തരും അപ്രശസ്തരും തെരുവിൽ പാടുന്നവരുമെല്ലാം ആർട്സ് ആൻഡ് മെഡിസിൻ വേദിയിൽ സംഗീത സാന്ത്വനം പകർന്നിട്ടുണ്ട്. കൂടാതെ വിവിധ തരത്തിലുള്ള സാമ്പത്തിക സഹായത്തിനു വേദിയാകാനും ആർട്സ് ആൻഡ് മെഡിസിന് അവസരം ലഭിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama