go

പൊലീസുകാരന്റെ കണ്ണിൽ കടലക്കറിയൊഴിച്ച് പ്രതി കടന്നു; സംഭവം എറണാകുളത്ത്

 Ernakulam News
തഫ്സീർ ദർവേഷ്.
SHARE

കൊച്ചി ∙ പാറാവു നിന്ന പൊലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചു പ്രതി സ്റ്റേഷനിൽ നിന്നു കടന്നു കളഞ്ഞു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണു സംഭവം.  ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പൊന്നാനി സ്വദേശി തഫ്സീർ ദർവേഷാണു (21) കടന്നുകളഞ്ഞത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു സംഭവം. ഇയാൾക്കൊപ്പം കടന്നുകളയാൻ ശ്രമിച്ച കൂട്ടുപ്രതി പൊന്നാനി സ്വദേശി മുഹമ്മദ് അസ്‌ലമിനെ (19) പൊലീസ് കീഴ്പെടുത്തി.

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നു മുഹമ്മദ് അസ്‌ലമിനെ സ്റ്റേഷനിലെ പാറാവിന്റെ ചുമതലയുണ്ടായിരുന്ന പ്രമോദ് പുറത്തിറക്കുകയായിരുന്നു. ഈ സമയത്തു തഫ്സീർ ദർവേഷ് ലോക്കപ്പിലായിരുന്നു. ശുചിമുറിയിൽ നിന്നു മടങ്ങിയെത്തിയ അസ്‍‌ലമിനെ തിരിച്ചു ലോക്കപ്പിൽ കയറ്റുന്നതിനിടെ തഫ്സീർ ദർവേഷ് ഡിസ്പോസിബിൾ ഗ്ലാസിൽ കരുതിയ കടലക്കറി പ്രമോദിന്റെ കണ്ണിലൊഴിക്കുകയും കഴുത്തിനു പിടിച്ചു തള്ളി, പുറത്തേക്കോടുകയും ചെയ്തു.

സ്റ്റേഷനിലുണ്ടായിരുന്ന മറ്റു 2 പൊലീസുകാർ തഫ്സീർ ദർവേഷിന്റെ പിറകെയോടി. ഇതിനിടെ അസ്‌ലം കടന്നുകളയാൻ ശ്രമിച്ചെങ്കിലും പ്രമോദ് കീഴ്പ്പെടുത്തി. ഹൈക്കോടതി പരിസരത്തെ മംഗളവനം ഭാഗത്തേക്ക് ഓടിയ തഫ്സീർ ദർവേഷിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ അസ്‌ലമിനെ കോടതി റിമാൻഡ് ചെയ്തു. പ്രമോദ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

എറണാകുളം ബ്രോഡ്‌വേയിലേതടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളാണു തഫ്സീർ ദർവേഷും അസ്‌ലമും. മറ്റു ജില്ലകളിലും ഇവർക്കെതിരെ  കേസുകൾ നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും ബ്രോഡ്‌വേയിലെ മോഷണക്കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതിയെപ്പറ്റി സൂചന ലഭിച്ചാൽ പൊലീസിനെ അറിയിക്കാം: 9497980427.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama