go

കുഴുപ്പിള്ളി ബീച്ചിലെ കൊലപാതകം : ആറ് പ്രതികൾ അറസ്റ്റിൽ

Ernakulam News
അഷ്കർ, ആദർശ്, നജ്മുദീൻ, സുബിൻ, ശ്യാംശ്രീ, വിഷ്ണു
SHARE

വൈപ്പിൻ (കൊച്ചി) ∙ കുഴുപ്പിള്ളി ബീച്ചിൽ തമിഴ്നാട് സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 6 പേർ അറസ്റ്റിൽ. ഒരാൾ ഒളിവിലാണ്. പള്ളത്താംകുളങ്ങര സൂനാമി കോളനിക്കടുത്ത് കോഴിപ്പറമ്പിൽ സുബിൻ (24), എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് കൂട്ടപ്പടി അഷ്കർ (24), പറവൂർ ചെറിയ പല്ലംതുരുത്ത് കുനടിപ്പറമ്പിൽ ശ്യാംശ്രീ (25), എടവനക്കാട് മായാബസാർ കറുത്താട്ടിൽ നജ്മുദ്ദീൻ (25),  പള്ളത്താംകുളങ്ങര വാടേപ്പറമ്പിൽ വിഷ്ണു(25), പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി  ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ  ഹാജരാക്കി.

ആറാംപ്രതി സരുൺ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
കൊച്ചി രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വകാര്യ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായ തിരുച്ചിറപ്പള്ളി സ്വദേശി ഗജേന്ദ്രനാണ് അക്രമിസംഘവുമായുള്ള വാക്കുതർക്കത്തെത്തുടർന്നു കൊല്ലപ്പെട്ടത്. ബീച്ചിൽ തമ്പടിച്ച് കഞ്ചാവ് ഉപയോഗിക്കുന്നവരും ലഹരി വിൽപനക്കാരുമാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. ബുധൻ പുലർച്ചെ വീടുകളിൽ നിന്നാണു ആറുപേരും പിടിയിലായത്.‌

ഗജേന്ദ്രനെ കുത്തിവീഴ്ത്തിയത് ഒന്നാം പ്രതി സുബിനാണെന്നു പൊലീസ് പറഞ്ഞു. ബീച്ചിലെ കടയിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നതും ഇയാളാണ്. ഒരടിയോളം നീളമുള്ള, അറ്റം കൂർത്ത മൂർച്ചയേറിയ സ്റ്റീൽ കത്തിയാണ് കുത്താൻ ഉപയോഗിച്ചത്. ഈ  കത്തിയും വാക്കത്തിയും സുബിന്റെ വീട്ടിൽ കിടക്കയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് ബീച്ചിലെത്തിയ ഗജേന്ദ്രനും സംഘവും ബോൾ തട്ടിക്കളിച്ചപ്പോൾ ബീച്ചിന്റെ കോണിൽ മദ്യപിച്ചിരുന്ന പ്രതികളുടെ ദേഹത്തു പന്തു തട്ടിയതാണു വാക്കുതർക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. മൂന്നാം പ്രതിയായ ശ്യാംശ്രീ പറവൂർ സ്റ്റേഷനിലെ മാലപൊട്ടിക്കൽ കേസിൽ പ്രതിയാണ്.

ഗജേന്ദ്രനോടൊപ്പമുണ്ടായിരുന്ന തൃശൂർ ചേലക്കര സ്വദേശി ബിനീഷ്, തിരുവനന്തപുരം സ്വദേശി സാബു, തൃശൂർ സ്വദേശി ഡിവൈൻ, തൊടുപുഴ സ്വദേശി ശ്രീജിത്ത് എന്നിവർക്കും കുത്തേറ്റിരുന്നു. ഇവർ  ഇപ്പോഴും  ചികിൽസയിലാണ്. ഗജേന്ദ്രന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama