go

ദയവേണം, ഇവരുടെ കാര്യം ദയനീയം

Ernakulam News
ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ നിലയിലായ പെരുമ്പിള്ളി ലക്ഷംവീട് കോളനിയിലെ വീടുകളിൽ ഒന്ന്.
SHARE

മുളന്തുരുത്തി ∙ ’മരിക്കുന്നതിനു മുൻപെങ്കിലും എനിക്കൊരു വീടു പണിതു തരാമോ..’ പെരുമ്പിള്ളി ലക്ഷംവീട് കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീടിനു മുന്നിൽ നിന്ന് എഴുപതുകാരി ഏലിയാമ്മ ചോദിച്ചു. ഏതു നിമിഷവും തകർന്നുവീഴാവുന്ന  വീട്ടിൽ ഒറ്റയ്ക്കുകഴിയുന്ന  പാറപ്പുറത്ത് ഏലിയാമ്മ വീടിനായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. കോളനിയിലെ ഇരട്ടവീടുകളിൽ ഇത്തരത്തിൽ 16 കുടുംബങ്ങളാണു ജീവഭയത്തോടെ ദിവസവും തള്ളിനീക്കുന്നത്. ലക്ഷംവീട് പദ്ധതിയിൽപ്പെടുത്തി നാലുപതിറ്റാണ്ടുകൾക്കു മുൻപാണു മുളന്തുരുത്തി പഞ്ചായത്തിലെ പെരുമ്പിള്ളിയിൽ 40 കുടുംബങ്ങൾക്കായി 20 ഇരട്ടവീട് നിർമിച്ചത്. 

ഓടുമേഞ്ഞ വീടുകൾക്കു കാലപ്പഴക്കത്തെത്തുടർന്നു  ബലക്ഷയം സംഭവിച്ചതോടെ പുതുക്കി നിർമിക്കണമെന്ന ആവശ്യവുമായി കോളനി നിവാസികൾ രംഗത്തു വന്നു. ഇതിനിടയിലാണ് ഇരട്ടവീടുകൾ ഒറ്റവീടാക്കുന്നതിനുള്ള ഭവന നിർമാണ പദ്ധതിയിൽപ്പെടുത്തി ഓരോ വീടിനും 75,000 രൂപ വീതം അനുവദിച്ചത്.എന്നാൽ തുച്ഛമായ തുകകൊണ്ടു നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കോളനി നിവാസികൾ തുക വാങ്ങാൻ തയാറായില്ല. ഇനി തുക അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ ചിലർ തുക കൈപ്പറ്റി. പലപ്പോഴായി 24 വീട്ടുകാരാണ് ബാങ്ക് വായ്പയെടുത്തും മറ്റും കഴിയുന്നതുപോലെ ഒറ്റവീടാക്കിയത്.

16 കുടുംബങ്ങൾക്കു നാളിതുവരെ ഒറ്റവീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. വയോധികരും രോഗികള‌ുമാണു വീടു നിർമിക്കാൻ മാർഗങ്ങളില്ലാതെ സർക്കാർ വാതിലുകൾ മുട്ടുന്നത്. ഇരട്ടവീടുകളിൽ ഒരു വശത്തെ വീടു പൊളിച്ചതിനാൽ 3 വീടുകൾ ഒരു ഭിത്തിയുടെ മാത്രം ബലത്തിലാണു നിൽക്കുന്നത്.വിള്ളൽവീണ ഭിത്തി, മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂര, ചിതൽകയറി നശിച്ച കഴുക്കോലുകൾ ഇങ്ങനെ വീടിന്റെ അവസ്ഥ  ദയനീയമാണ്. ചോർച്ച തടയാൻ ഓടിനുമീതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണിപ്പോൾ.

ഈ അവസ്ഥ തുടർന്നാൽ അടുത്തമഴക്കാലത്ത് എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയിലാണിവർ.  നിബന്ധനകളെത്തുടർന്നു ലൈഫ് പദ്ധതിയിൽ പോലും ഇവരുടെ പേരുകൾ ഉൾപ്പെട്ടിട്ടില്ല. ദുരിതത്തിൽ കഴിയുമ്പോഴും അധികൃതരാരും ഇവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയുമുണ്ട്. അടുത്ത മഴക്കാലത്തിനു മുൻപെങ്കിലും വീടെന്ന സ്വപ്്നം യാഥാർഥ്യമാക്കാൻ അധികൃതർ കനിയണമെന്ന അപേക്ഷയുമായി പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണു കോളനി നിവാസികൾ.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama