go

സ്ത്രീവിവേചനം എതിർത്ത് തോൽപ്പിക്കണം

Ernakulam News
അനിത ദുബെ
SHARE

കൊച്ചി ∙ ആദ്യമായി ഒരു വനിത ക്യുറേറ്റ് ചെയ്ത കൊച്ചി ബിനാലെയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ. സൂപ്പർ പവർ രാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം മനഃപൂർവം കുറച്ച് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്മാരെയാണു ബിനാലെയിലേക്കു തിരഞ്ഞെടുത്തതെന്നു സൃഷ്ടികൾ കണ്ടെത്തിയ ക്യുറേറ്റർ അനിത ദുബെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അന്യതയിൽ നിന്ന് അന്യോന്യതയിലേക്ക്’ എന്ന പ്രമേയത്തോടു പൂർണമായി നീതി പുലർത്തി തിരഞ്ഞെടുപ്പു നടത്തിയ അനിത,  കൊച്ചി ബിനാലെ  30 ദിവസം പിന്നിടുമ്പോൾ ‘മെട്രോ മനോരമ’യോടു സംസാരിക്കുന്നു.

∙ എന്താണു സന്ദർശകരുടെ പ്രതികരണം?

പ്രദർശനത്തിലെ സൃഷ്ടികൾ ഏറെ സ്വാധീനിച്ചതായി സന്ദർശകർ നേരിട്ടു പറഞ്ഞു. സന്തോഷം തോന്നിയ പ്രതികരണങ്ങളാണ് എല്ലാ ഭാഗത്തുനിന്നും. 

∙ സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന ബിനാലെയിൽ സ്ത്രീകളുടെ പ്രതികരണം?

വിക്കി റോയിയെപ്പോലുള്ളവരുടെ സൃഷ്ടികളോടു സന്ദർശകർ രേഖപ്പെടുത്തിയ പ്രതികരണം നിങ്ങൾക്കുതന്നെ നേരിട്ടു വായിക്കാനാകും. സൃഷ്ടികളിൽ നല്ലൊരു പങ്കും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ‘മുകളിലിരിക്കുന്ന ഒരാൾ’ എല്ലാം നിശ്ചയിക്കുന്ന രീതിതന്നെ ബിനാലെയിൽ ഇല്ല. 

∙ സൃഷ്ടികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച്?

33  രാജ്യങ്ങൾ സന്ദർശിച്ചായിരുന്നു സൃഷ്ടികളുടെ തിരഞ്ഞെടുപ്പ്.  ഓരോ രാജ്യത്തും കലയോടും കലാകാരന്മാരോടും പുലർത്തുന്ന സമീപനം വ്യത്യസ്തം. സെനഗലിലെ കലാകാരന്മാരുടെ കൂട്ടായ്മയിൽ അവിടെ കലാരംഗം കൈവരിച്ച വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. അതേസമയം സഹിഷ്ണുത ഉയർന്ന തലത്തിൽ പ്രതീക്ഷിച്ച ക്യൂബയിൽ താനിയ ബ്രിഗുവേരയെപ്പോലുള്ള കലാകാരികൾ നേരിട്ട  ദുരനുഭവം തളർത്തുന്നതാണ്. കലാരംഗത്തെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ പുതിയ നീക്കത്തെ നേരിടാൻ അവർ ബിനാലെ ഉപേക്ഷിച്ചു ക്യൂബയിൽത്തന്നെ തങ്ങുകയാണ്. 

∙ സമകാലിക ഇന്ത്യൻ കലാരംഗം എത്രമാത്രം ബിനാലെ പ്രതിഫലിപ്പിക്കുന്നുണ്ട് ?

സാംഭവി, എം.പി. സതീഷ് തുടങ്ങിയ കലാപ്രതിഭകളെ പുറംലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ബിനാലെയിലൂടെ നമുക്കു സാധിച്ചതാണു വലിയ നേട്ടങ്ങളിലൊന്ന്. ജർമനിയിൽനിന്നുൾപ്പെടെ വന്ന വിദേശ കലാസമൂഹം സതീഷിന്റെ സൃഷ്ടിയെ ഉയർന്ന തലത്തിലാണു കാണുന്നത്. ഈ തിരിച്ചറിവു തന്നെയാണു സമകാലീന ഇന്ത്യൻ കലാരംഗത്തെ ലോക നിലവാരത്തിലേക്കുയർത്താൻ സഹായിക്കുക.

∙ കേരളത്തിലെ സമകാലിക സ്ത്രീവിവേചന ചർച്ചകളെ എങ്ങനെ കാണുന്നു?

എല്ലാ സ്ത്രീവിവേചനങ്ങൾക്കു പിന്നിലും പഴയ, ജാതി സംസ്കാരത്തിന്റെ തിരിച്ചുവരവാണു പ്രകടമാകുന്നത്. സാക്ഷരരെന്നു പറയുന്ന കേരളത്തിലെ ഈ പുതിയ സാഹചര്യം നിരാശപ്പെടുത്തുന്നതാണ്. അതു തിരിച്ചറിഞ്ഞ് എല്ലാവരും ഈ വിവേചനത്തെ എതിർത്തു തോൽപിക്കണം. പുരുഷന്മാർക്ക് ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇതെല്ലാം സ്വാഭാവികമായി മാറുമെന്ന പ്രതീക്ഷ വേണ്ട. പോരാട്ടം അനിവാര്യമാണ്.

ബിനാലെയിൽ ഇന്ന് 

∙ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ– കേരള പുനർനിർമാണത്തിന്റെ ധനശേഖരണാർഥം ബിനാലെ ഫൗണ്ടേഷൻ 18നു നടത്തുന്ന ലേലത്തിൽ വയ്ക്കുന്ന കലാസൃഷ്ടികളുടെ പ്രദർശനം.

∙ കബ്രാൾ യാർഡിലെ ആർട്ട് റൂമിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ– ആർ. ഹരിപ്രസാദ് നേതൃത്വം നൽകുന്ന ശിൽപശാല– കഥ പറച്ചിൽ, ശിൽപം, പ്രതിഷ്ഠാപനം, അഭിനയം എന്നിവയിലൂടെ കലാനിർമാണ സാധ്യതകൾ കണ്ടെത്തൽ. 

∙ ഫോർട്ട് കൊച്ചി പവിലിയനിൽ വൈകിട്ട് 6 മുതൽ 7 വരെ – ലെറ്റസ് ടോക് പ്രഭാഷണ പരമ്പരയും സംഗീതവിരുന്നും. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama