കൊച്ചി ∙ എക്സൈസ് സംഘത്തെ കണ്ട് ഇടപാടുകാരൻ വിരണ്ടോടിയപ്പോൾ പിടിയിലായതു ലഹരിമരുന്നു കൈപ്പറ്റിയ യുവാവ്. പെരുമ്പടപ്പ് സ്വദേശി എബിൻ ആന്റണിയാണ് (21) എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. 54 നൈട്രസപാം ഗുളികകളും 70 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നു പിടിച്ചെടുത്തു. പെരുമ്പടപ്പിലെ പ്രധാന റോഡിനു സമീപത്തെ ഇടവഴിയിൽ ആളൊഴിഞ്ഞ സ്ഥലത്താണ് ഇടപാടുകാരൻ യുവാവിനു ലഹരിമരുന്നു കൈമാറിയത്.
യുവാവു ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനിടെ എക്സൈസ് വാഹനം വരുന്നതു കണ്ട് ഇടപാടുകാരൻ ഓടി. കാര്യമറിയാതെ ഇയാളുടെ പിറകെ ഓടിയ യുവാവ് എക്സൈസ് സംഘത്തിന്റെ മുന്നിലാണെത്തിയത്. സംശയം തോന്നി ചോദിച്ചപ്പോൾ ‘അയാൾക്കു പനിക്കുള്ള മരുന്നുമായി പിറകെ ഓടുന്നു’വെന്നായിരുന്നു മറുപടി. തുടർന്നു യുവാവു നൽകിയ പൊതി തുറന്നു നോക്കിയപ്പോഴാണു പനിക്കുള്ള മരുന്നല്ലെന്നും ലഹരിക്കായി ദുരുപയോഗിക്കുന്ന ഗുളികകളാണെന്നും മനസിലായത്.
ഇയാൾക്കു ലഹരിമരുന്നു കൈമാറിയ മട്ടാഞ്ചേരി ചക്കാമാടം ജൂതടൗൺ സ്വദേശി അരുൺ ജോർജിനു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി എക്സൈസ് അറിയിച്ചു. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്.ശ്രീരാജിന്റെ നേത്യത്വത്തിൽ, പ്രിവന്റീവ് ഓഫിസർമാരായ കെ.ആർ. രാം പ്രസാദ്, എ.എസ്. ജയൻ, പി.എൽ.ജോർജ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എക്സ്. റൂബൻ, കെ.എം.റോബി ,അജിത്ത് കുമാർ, ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.