go

പ്രഫഷനലിസം കൊണ്ടുവരാൻ വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസം: മുഖ്യമന്ത്രി

Ernakulam News
അസാപ്പിന്റെ നേതൃത്വത്തിൽ കൊച്ചി കളമശേരി കുസാറ്റിൽ സംഘടിപ്പിച്ച സംസ്ഥാനതല പ്രഫഷനൽ വിദ്യാർത്ഥി ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളുമായി സംവാദത്തിൽ. ഡോ. ഉഷ ടൈറ്റസ്, മന്ത്രി കെ.ടി. ജലീൽ എന്നിവർ സമീപം.
SHARE

കളമശേരി ∙ പ്രഫഷനൽ വിദ്യർഥികളുടെ ഉച്ചകോടിയുടെ വേദി വിദ്യാർഥികളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുളള സംവാദമായി മാറി. വിവിധ പ്രഫഷനൽ മേഖലകളിൽ നിന്നു തിരഞ്ഞെടുത്ത 5 വിദ്യാർഥികളാണ് കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും മുഖ്യമന്ത്രിയുമായി സംസാരിച്ചത്. വിദ്യാർഥികൾ ചോദിച്ച പ്രസക്തമായ ചോദ്യങ്ങളും അതിനു മുഖ്യമന്ത്രി നൽകിയ ഉത്തരങ്ങളും.

∙വിദ്യാർത്ഥികളിൽ പ്രഫഷനലിസം കൊണ്ടുവരാൻ സർക്കാർ നടപടികൾ?

കേരളത്തിലെ വിദ്യാഭ്യാസ രീതികളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്നു നിലനിൽക്കുന്നത്. അപൂർവം സ്കൂളുകൾ മാത്രം മികവിന്റെ കേന്ദ്രങ്ങളായിരുന്ന പഴയ സമ്പ്രദായത്തിനു പകരം ഇന്ന് എല്ലാ സ്കൂളുകളിലും മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നു. പ്രഫഷനൽ വിദ്യാർഥികളെ ശരിയായ പാതയിലെത്തിക്കാനാണ് ഇത്തരം ഉച്ചകോടികൾ സംഘടിപ്പിക്കുന്നത്. ഇതു വരും വർഷങ്ങളിലും തുടരും. 

∙വിദ്യാഭ്യാസ വിദഗ്ധരെ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഒരു സ്ഥിരം സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ചു സർക്കാരിന്റെ അഭിപ്രായം?

ഉച്ചകോടിയിലെത്തിയ വിദ്യാഭ്യാസ ഉപദേശകരിൽ പലരും സർക്കാരിനോടു സഹകരിച്ചു പ്രവർത്തിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. സ്ഥിരം സമിതിയെക്കുറിച്ചു ചർച്ചചെയ്തു തീരുമാനമെടുക്കും. 

∙നിയമവിദ്യാർഥികളുടെ പഠനം താളം തെറ്റിയ അവസ്ഥയിലാണ്. സിലബസ് കെട്ടഴിഞ്ഞു കിടക്കുന്നു. പരീക്ഷകൾ പലതും സമയത്ത് നടക്കുന്നില്ല. 

ഗൗരവതരമായ പ്രശ്നമാണിത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളോടും പരീക്ഷകളും റിസൽട്ടും കൃത്യസമയത്തു നടത്താൻ നിർദേശിച്ചിട്ടുണ്ട്. നിയമ വിദ്യാർഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ശേഷം നടപടിയെടുക്കും

∙പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ജീവൻ രക്ഷാസൗകര്യങ്ങൾ കൊണ്ടുവരാൻ കഴിയുമോ? 

ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കുകയെന്നത് പ്രായോഗികമല്ല. താലൂക്ക്, ജില്ലാ ആശുപത്രികളും മെഡിക്കൽ കോളജുകളും ഉന്നത നിലവാരത്തിലേക്ക് എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. 

∙ഇതര സംസ്ഥാന തൊഴിലാളികളിൽ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരികയാണ്. പാൻമസാലയുടെ ഉപയോഗം മൂലം വായിൽ കാൻസർ പോലുള്ള രോഗങ്ങൾ വ്യാപിക്കുകയാണ്.

ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ആരോഗ്യ പരിശോധനയും പാർപ്പിട സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയും സർക്കാർ നടപ്പിലാക്കാൻ പോകുകയാണ്. അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകാനുള്ള ശ്രമങ്ങൾ തുടരും.

∙ആദിവാസി മേഖലകളിൽ ശിശുമരണ നിരക്ക് വർധിക്കുന്നു. ആദിവാസികൾ ആശുപത്രിയിലെത്താതെ വയറ്റാട്ടികളെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. വയറ്റാട്ടിമാർക്കു പരിശീലനം നൽകാനുള്ള പദ്ധതിക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമോ?

സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലാത്ത മേഖലയാണിത്. നല്ല നിർദേശം. എന്ത് ചെയ്യാൻ പറ്റുമെന്നു ചർച്ച ചെയ്ത് തീരുമാനമെടുക്കും.

∙ഫിഷറീസ് വിദ്യാർഥികളുടെ പഠന സൗകര്യങ്ങൾ പരിതാപകരമായ അവസ്ഥയിലാണ് . സർക്കാരിൽ ഉടനടി ഇക്കാര്യത്തിൽ ഇടപെടണം.

ഏതു വിദ്യാഭ്യാസ സ്ഥാപനമായാലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടവയാണ്. വിദ്യാർഥികൾക്കു മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രശ്നത്തിൽ സർക്കാർ ഇടപെടും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama