കാലടി∙ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ട് മുടങ്ങുമോയെന്ന ആശങ്കയിൽ ക്ഷേത്ര ഉത്സവാഘോഷ സമിതിയും ഭക്തരും. ആദിശങ്കര കുലദേവ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിനും ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിനും മധ്യേയുള്ള ഐതിഹ്യ പ്രസിദ്ധമായ മുതലക്കടവിലാണു ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആറാട്ട് നടക്കുന്നത്. പ്രളയത്തിൽ കടവിൽ നിറയെ ചേണിയും ചെളിയും വന്നടിഞ്ഞു കടവ് കാണാനാവാത്ത അവസ്ഥയിലായിരുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള കടവ് വൃത്തിയാക്കണമെന്നു നിരന്തര ആവശ്യമുയർന്നപ്പോഴാണു പഞ്ചായത്ത് അതിനു തയാറായത്.
ചെളിയും ചേണിയും ചുമന്നു മാറ്റാനുള്ള ശ്രമം വിഫലമായപ്പോൾ ജെസിബി ഉപയോഗിച്ചു പണി തുടങ്ങി. ജെസിബി പുഴക്കരയിലേക്കു ഇറക്കുന്നതിനു കടവിലെ ടൈൽ പാകിയ കോൺക്രീറ്റ് കൽപടവുകൾ പൊളിച്ചു. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ പണി പൂർത്തിയായാലുടനെ പുതിയ പടവുകൾ നിർമിച്ചു നൽകാമെന്നു പഞ്ചായത്ത് അധികൃതർ വാക്കാൽ ഉറപ്പ് നൽകി. അഞ്ഞൂറോളം ലോഡ് ചേണിയും മണ്ണും ഇവിടെ നിന്നു വാരിക്കൊണ്ടു പോയി.
ചേണി വാരുന്നതിന്റെ മറവിൽ പുഴക്കരയിലെ നല്ല മണ്ണും മണലും വാരിക്കൊണ്ടു പോയതായും പരാതി ഉയർന്നിരുന്നു. എന്നാൽ കൽപടവുകളിലെ ചേണിയും ചെളിയും പൂർണമായും മാറ്റിയിട്ടില്ല. പൊളിച്ച പടവുകൾ പുനർ നിർമിച്ചിട്ടുമില്ല. കടവിലേക്കു ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ചേണി നീക്കം ചെയ്യാൻ വന്നവരെ ഇപ്പോൾ കാണാനുമില്ല. പഞ്ചായത്ത് അധികൃതർ കൈമലർത്തുകയും ചെയ്യുന്നു.
ക്ഷേത്രം ഉത്സവം ആരംഭിക്കാറായപ്പോൾ അടിയന്തരമായി കടവ് വൃത്തിയാക്കണമെന്നാവശ്യപ്പെട്ടു ഉത്സവാഘോഷ സമിതി കഴിഞ്ഞ 23നു പഞ്ചായത്തിനു പരാതി നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കടവ് വൃത്തിയാക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി വാക്കാൽ ഉറപ്പ് നൽകി. എന്നാൽ ഉത്സവം കഴിഞ്ഞ തിങ്കളാഴ്ച കൊടിയേറിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. അടുത്ത തിങ്കളാഴ്ചയാണു ആറാട്ട്.
ശ്രീശങ്കരൻ പെരിയാറിന്റെ ഗതി മാറ്റിയപ്പോൾ വെള്ളത്തിനടിയിലായ ശ്രീകൃഷ്ണ വിഗ്രഹത്തെ ഇന്നു കാണുന്ന ക്ഷേത്രത്തിലേക്കു മാറ്റി സ്ഥാപിച്ചു എന്നാണു ഐതിഹ്യം. അന്നു മുതൽ മുതലക്കടവിലാണു ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു ആറാട്ട് നടക്കുന്നത്. മാണിക്യമംഗലം കാർത്യായനി ദേവി ക്ഷേത്രത്തിന്റെ ആറാട്ടും ഇവിടെയാണു നടക്കുന്നത്. കാലടിയിലെത്തുന്ന തീർഥാടകർ മുതലക്കടവ് കാണാനെത്തുന്നതും പതിവാണ്.