go

സിനിമ ടിക്കറ്റുകളുടെ വിനോദ നികുതി: ഇളവ് പരിഗണിക്കാമെന്നു മുഖ്യമന്ത്രി

Ernakulam News
നടൻമാരായ മോഹൻലാലും മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോൾ. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സമീപം.
SHARE

കൊച്ചി ∙ ബജറ്റിൽ സിനിമ ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയ വിനോദ നികുതി ഇളവു ചെയ്യണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നു വിവിധ സിനിമ സംഘടനാ നേതാക്കൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. ഇക്കാര്യം ധനമന്ത്രിയുമായും മന്ത്രിസഭാ യോഗത്തിലും ചർച്ച ചെയ്തു തീരുമാനമെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. ചലച്ചിത്ര കലാകാരൻമാർക്കും സിനിമ മേഖലയുടെ വളർച്ചയ്ക്കും പ്രോത്സാഹനം നൽകി സർക്കാർ ഒപ്പമുണ്ടാവുമെന്നും വ്യക്തമാക്കി.     മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സിനിമ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു വിനോദ നികുതി ഇളവിനു  നിവേദനം നൽകിയ ശേഷമായിരുന്നു ചർച്ച.  ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ സജ്ജമാക്കാനുള്ള പദ്ധതി അനിശ്ചിതമായി നീളുന്നതിനെക്കുറിച്ച് ചർച്ച നടന്നില്ല. ചില സിനിമ സംഘടനാ നേതാക്കളാണ് ഈ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന ആരോപണമുണ്ട്. 

സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേൽ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12%, 100 രൂപയ്ക്ക് മുകളിൽ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകൾക്കു 11% വില വർധിക്കും. നിലവിൽ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോൾ അധിക നികുതി കൂടി വന്നാൽ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നും അവർ ചൂണ്ടിക്കാട്ടി.  

‘അമ്മ’യെ പ്രതിനിധീകരിച്ച് മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫിലിം ചേംബർ സെക്രട്ടറി സാഗ അപ്പച്ചൻ, വൈസ് പ്രസിഡന്റ് അനിൽ തോമസ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി എം.രഞ്ജിത്, വൈസ് പ്രസിഡന്റ് ആന്റോ ജോസഫ്, ബി.രാകേഷ്, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ, തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ, സെക്രട്ടറി എം.സി.ബോബി, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജോ.സെക്രട്ടറി എവർഷൈൻ മണി, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജോ.സെക്രട്ടറി സോഹൻ സീനുലാൽ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama