go

ഇണങ്ങിയും പിണങ്ങിയും കുണ്ടന്നൂരിലെ പൈപ്പ്;ചോർച്ച വീണ്ടും

Ernakulam News
കുണ്ടന്നൂർ മേൽപാലം പണിക്കിടെ പൈപ്പ് പൊട്ടിയതു നന്നാക്കിയത് വീണ്ടും തകരാറിലായതു പരിഹരിക്കാനുള്ള ശ്രമം. തകരാറിലായ എസി പൈപ്പിനു പകരം പുലർച്ചെ മൂന്നരയോടെ പുതിയത് ഘടിപ്പിച്ചു തുടങ്ങിയപ്പോൾ.
SHARE

കുണ്ടന്നൂർ ∙ രണ്ടു തവണ തകരാർ പരിഹരിച്ച കുണ്ടന്നൂരിലെ പൈപ്പിൽ വീണ്ടും ചോർച്ച. പരീക്ഷണ പമ്പിങ്ങിൽ കുഴപ്പമില്ലാതിരുന്നതിനാൽ ഉച്ചയ്ക്കു 12.30നാണു കുഴി മൂടിയത്. എന്നാൽ വൈകിട്ട് നാലോടെ വീണ്ടും ചോർച്ച കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. എന്നാൽ പമ്പിങ് തുടങ്ങിയ സാഹചര്യത്തിൽ തൽസ്ഥിതി തുടരാനാണു തീരുമാനം.വ്യാഴാഴ്ച രാവിലെ പൈപ്പ് പൊട്ടിയത് ശനിയാഴ്ച വൈകിട്ടോടെ പരിഹരിച്ചതിനു ശേഷമുള്ള പരീക്ഷണ പമ്പിങ്ങിലാണ് ചോർച്ച കണ്ടെത്തിയത്. ഇതോടെ പണിക്കാരെ വീണ്ടും വിളിച്ചു വരുത്തി പണി തുടരുകയായിരുന്നു. 

Ernakulam News
അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കുഴി മൂടി തുടങ്ങിയപ്പോൾ.

പുലർച്ചെ മൂന്നരയോടെയാണ് 400 എംഎം പഴയ എസി പൈപ്പ് മാറ്റി പുതിയത് ഇടാനായത്. ക്ലാമ്പ് പിടിപ്പിച്ച് രാവിലെ ഏഴരയ്ക്കു നടത്തിയ പരീക്ഷണ പമ്പിങ്ങിൽ കണ്ടെത്തിയ ചോർച്ചയും അടച്ച് പന്ത്രണ്ടരയോടെ വീണ്ടും പമ്പിങ് തുടങ്ങി. കുഴപ്പമൊന്നും കാണാതിരുന്നതിനാൽ എല്ലാരും മടങ്ങി.എന്നാൽ നാലരയോടെ വീണ്ടും ചോർച്ച ദൃശ്യമായി. 30 വർഷം മുൻപ് ഇട്ട എസി പൈപ്പിന്റെ ക്ലാമ്പ് ദ്രവിച്ച് ഇളക്കം തട്ടിയിട്ടുണ്ടാകും എന്നാണു നിഗമനം. ജനറം പദ്ധതിയുടെ തമ്മനത്തേക്കുള്ള 600 എംഎം പൈപ്പ് മാറ്റി സ്ഥാപിക്കൽ നടക്കുന്ന നാളെ തകരാർ പരിശോധിക്കാനാണു തീരുമാനം. ഇതോടെ തകരാർ പൂർണമായും പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷ. പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ കുടിവെള്ളം കരുതി വയ്ക്കണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.

പമ്പിങ് തുടങ്ങിയിട്ടും വെള്ളം കിട്ടിയില്ല

പമ്പിങ് പൂർണ തോതിലായെങ്കിലും രാത്രി ഏഴരയായിട്ടും വെള്ളം എത്താത്ത മേഖലകളുണ്ട്. പമ്പിങ് ഇല്ലാതിരുന്നപ്പോൾ പൈപ്പിലെ വെള്ളം മോട്ടറുകൾ ഉപയോഗിച്ച് വലിച്ചെടുത്തതിനാൽ വായു നിറഞ്ഞതാണ് കാരണമെന്ന് അധികൃതർ പറയുന്നു. പൈപ്പിൽ കെട്ടിനിൽക്കുന്ന വായു പൂർണമായി ഒഴിഞ്ഞു പോയതിനു ശേഷം മാത്രമേ വെള്ളം ഈ മേഖലകളിലേക്ക് ശരിയായ തോതിൽ ഒഴുകി എത്തുകയുള്ളൂ. ഇടവേളയില്ലാതെ പമ്പിങ് നടത്തുമെന്നും അധികൃതർ പറഞ്ഞു.

ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം മരട് നഗരസഭാ കൗൺസിലർമാരും ഉറക്കമിളച്ച് കുണ്ടന്നൂരിൽ ഉണ്ടായിരുന്നു. കുണ്ടന്നൂരിൽ പൈപ്പ് പൊട്ടിയതു മൂലം മരട്, കൊച്ചി നഗരം, പശ്ചിമ കൊച്ചി മേഖലയിലാണ് കുടിവെള്ളം 4 ദിവസം മുടങ്ങിയത്. ചിലയിടങ്ങളിൽ സന്നദ്ധ സംഘടനകളും കൗൺസിലർമാരും മുൻകയ്യെടുത്ത് ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ചത് ആശ്വാസമായി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama