go

കോടതി മുറിയിൽ കയറിയതിനും മണ്ഡലം മാറിപ്പോയതിനും പിന്നിൽ; കണ്ണന്താനം പറയുന്നു

Alphonse-kannanthanam
SHARE

ഏപ്രിലാണേറ്റവും ക്രൂരമാസമെന്ന കവിവചനമൊന്നും ഈ കൊടുംചൂടിൽ എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തെ ബാധിക്കുന്നില്ല. പ്രചാരണത്തിന്റെ ആവേശച്ചൂടിനപ്പുറം മറ്റൊരു ചൂടും തന്നെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

അതുകൊണ്ടുതന്നെ ചൂടിനെ പ്രതിരോധിക്കാൻ കണ്ണന്താനം പ്രത്യേകിച്ചു ശ്രമിക്കുന്നുമില്ല. പ്രമേഹം ശല്യപ്പെടുത്തുന്ന ശരീരത്തിനു യോജിച്ച ദാഹശമനി നേരത്തെ തയാറാക്കി തുറന്ന വാഹനത്തിൽത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. പുറത്തുനിന്ന് ഒന്നും വാങ്ങിക്കുടിക്കാറില്ല. മധുരം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

വിഷുക്കണി

ഫോർട്ട്കൊച്ചി അമരാവതി അമ്മൻകോവിൽ ജംക്‌ഷനിൽ രാവിലെ എട്ടരയ്ക്ക് സ്ഥാനാർഥിയെത്തുമ്പോൾ എല്ലാം തയാറായിരുന്നു. സ്ഥാനാർഥിക്കു സഞ്ചരിക്കാൻ തുറന്ന വാഹനം, അകമ്പടി വാഹനങ്ങൾ, അണിയിക്കാൻ ഹാരങ്ങൾ തുടങ്ങിയവ എല്ലാം ചിട്ടയോടെ ഒരുക്കിയിരുന്നു.

ഫോർട്ട്കൊച്ചി ആനവാതിലിൽ നടന്ന സ്വീകരണത്തിൽ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തെ ആവേശത്തോടെ കെട്ടിപ്പിടിക്കുന്ന പാർട്ടി   പ്രവർത്തകൻ.
ഫോർട്ട്കൊച്ചി ആനവാതിലിൽ നടന്ന സ്വീകരണത്തിൽ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തെ ആവേശത്തോടെ കെട്ടിപ്പിടിക്കുന്ന പാർട്ടി പ്രവർത്തകൻ.

നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് ഓരോ ദിവസത്തെ പ്രചാരണത്തിനും കൃത്യസമയത്ത് എത്തിച്ചേരുന്ന സ്ഥാനാർഥിക്കായി ബിജെപി പ്രവർത്തകരും ചിട്ടയോടെ കാര്യങ്ങളൊരുക്കുന്നു. കണ്ണന്താനം കൈവിടില്ലെന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പൈലറ്റ് വാഹനം ജനശ്രദ്ധ പിടിച്ചുപറ്റുന്നു. കാറിൽനിന്നിറങ്ങുന്ന കണ്ണന്താനം നേരെ ജനങ്ങൾക്കിടയിലേക്ക് ഇഴുകിച്ചേരുന്നതാണു പതിവുരീതി. കുട്ടികളോട് അദ്ദേഹത്തിന് പ്രത്യേക വാൽസല്യമാണ്.

കുട്ടികളുടെ സംഘത്തിൽനിന്ന് ഒരാളെയുമൊഴിവാക്കാതെ എടുത്ത് ഓമനിക്കും. പരിസരത്ത് ഓട്ടപ്രദക്ഷിണം നടത്തി നാട്ടുകാരെ കയ്യിലെടുത്താണ്  അന്നത്തെ പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനായി വേദിയിലേക്ക് കയറിയത്. ഹാരാർപ്പണത്തോടൊപ്പം വിഷുക്കണിയും സമ്മാനിച്ചാണ്  ഉദ്ഘാടനവേദിയിൽനിന്ന് പ്രവർത്തകർ വിടവാങ്ങിയത്.

പറയാൻ വികസനം

കഴിഞ്ഞ 5 വർഷംകൊണ്ട് അത്ഭുതം കാണിച്ച നരേന്ദ്ര മോദിക്ക് 5 വർഷംകൂടി നൽകിയാൽ രാജ്യത്തിന് എല്ലാം നേടാനാകും എന്നോർമിപ്പിച്ചാണ് കണ്ണന്താനം വോട്ടു തേടുന്നത്. തീരപ്രദേശത്തെ പ്രചാരണത്തിൽ അവിടേക്കു ചേർന്ന വിഷയമാണ് അദ്ദേഹം പ്രസംഗത്തിനു തിരഞ്ഞെടുത്തതും. ഫിഷറീസ് മന്ത്രാലയമെന്ന മൽസ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചത് മോദിയാണെന്ന കാര്യം ഓർമിപ്പിച്ചു തുടങ്ങിയ പ്രസംഗത്തിൽ ഈ മന്ത്രാലയത്തിന് 10,000 കോടി രൂപ മാറ്റിവച്ചതും പറയാൻ മറന്നില്ല.

അതിനൊപ്പം തന്റെ ചില നടപടികൾ വരുത്തിയ മാറ്റവും അദ്ദേഹം പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ മുന്നേറ്റത്തിന് തുടക്കമിട്ടത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ താനാണെന്നും എന്നാൽ പിന്നീടു വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാത്തതിനാൽ നാം ഈ രംഗത്ത് പിന്തള്ളപ്പെട്ടുപോയെന്നും അദ്ദേഹം വിശദീകരിച്ചു

ട്രോളന്മാരോട്

‘എന്നെ മോശമായി ചിത്രീകരിക്കുന്നവർ ഓർക്കുക, കുഗ്രാമത്തിൽനിന്ന് മണ്ണെണ്ണവിളക്കിനു മുന്നിലിരുന്നു പഠിച്ചാണ് 42 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായത്. അവിടെനിന്നാണ് പഠിച്ചുയർന്ന് ഐഎഎസ് നേടിയത്. അങ്ങനെ അധ്വാനിച്ചുവളർന്ന് ഈ നിലയിലെത്തിയ എന്നെ മോശമായി ചിത്രീകരിക്കുന്ന മക്കളേ, നിങ്ങൾ എന്തെങ്കിലും നല്ല കാര്യം ചെയ്തു കാണിക്കൂ’–ട്രോൾ ആസ്വദിക്കാറുണ്ടെന്നു തുറന്നുപറഞ്ഞ കണ്ണന്താനം ചെറിയൊരു വെല്ലുവിളി തന്നെ നടത്തി.

ജഡ്ജി വരാതെ ഹാൾ കോടതിയാകുന്നില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ആ മുറിയിൽ വോട്ടു ചോദിക്കാൻ ചെന്നത്. മണ്ഡലം മാറി വോട്ടു ചോദിച്ചതായി തന്നെ ട്രോളിയവരോട് പറയാനുള്ളത്, സ്വന്തം മണ്ഡലത്തിലുള്ളവരോടു മാത്രം കൈ വീശിക്കാണിക്കാനും മണ്ഡലം മാറിയാൽ കൈ വീശാതിരിക്കാനും തനിക്കാവില്ലെന്നു മാത്രമാണ്. അതേസമയം ട്രോളുകൊണ്ട് തനിക്കു ഗുണമുണ്ടെന്നും കണ്ണന്താനം പറഞ്ഞു. ടൈം മാഗസിൻ തിരഞ്ഞെടുത്ത പ്രമുഖരായ 100 പേരിൽ ഒരാൾ താനായിരുന്നുവെന്ന കാര്യം നാലാൾ അറിഞ്ഞതു ട്രോളുവഴിയാണ്.

ചെയ്ത കാര്യങ്ങൾ

എത്ര ട്രോളിയാലും തന്നെക്കുറിച്ചു പറയാനുള്ളതു പറയാതെ പോകാൻ  കണ്ണന്താനത്തിനാവില്ലെന്നതാണ് യാഥാർഥ്യം. ആ പറയുന്നതിലൊന്നും ലവലേശം വെള്ളം അദ്ദേഹം ചേർക്കുന്നുമില്ല. അധ്വാനിച്ചു പഠിച്ചുനേടിയ ഉന്നതസ്ഥാനങ്ങൾ, ഉന്നതപദവിയിലിരിക്കെ ഡൽഹിയിലും മറ്റും സ്വീകരിച്ച കർശന നടപടികൾ, ഒറ്റരാത്രികൊണ്ട് ഡൽഹിയിൽ വരുത്തിയ മാറ്റങ്ങൾ, ഔദ്യോഗികപദവി വിട്ട് ജനപ്രതിനിധിയായ അവസരത്തിൽ സ്വീകരിച്ച വേറിട്ട രീതികൾ, ഡ്രൈവറെ നിയമിക്കാതെ സ്വന്തമായി വാഹനം ഓടിച്ചു ജനങ്ങൾക്കായി പ്രവർത്തിച്ച എംഎൽഎ നാളുകൾ, കേന്ദ്ര ടൂറിസം മന്ത്രിയായിരിക്കെ കേരളത്തിനു ചെയ്ത കാര്യങ്ങൾ  എന്നിവയെല്ലാം കണ്ണന്താനം യോഗങ്ങളിൽ വിശദീകരിക്കുന്നു.

വോട്ട് ചെയ്താൽ എന്താണു ഗുണമെന്നു ചോദിക്കുന്നവരോട് താൻ നിങ്ങൾക്കൊപ്പമുണ്ടാകുമെന്നാണ് കണ്ണന്താനം ആദ്യം വ്യക്തമാക്കുക. പിന്നീട് അൽപം വിശദമാക്കും. കൊച്ചിയെ ലോക ടൂറിസം മാപ്പിൽ ഒന്നാം സ്ഥാനത്തെത്തിക്കും. ശുചിത്വത്തിന്റെ കാര്യത്തിൽ  കൊച്ചിയെ വേറിട്ട നഗരമാക്കും. എംപിയാക്കി വിജയിപ്പിച്ചാൽ മിക്കവാറും താനൊരു കേന്ദ്രമന്ത്രിയാകുമെന്ന് വോട്ടർമാരെ ഓർമിപ്പിക്കുന്ന ഈ സ്ഥാനാർഥിക്കു കൈവീശി അഭിവാദ്യം നേരാൻ ബസിലും ഇരുചക്രവാഹനങ്ങളിലും കടന്നുപോകുന്നവർ മടിക്കാറുമില്ല.

ക്ഷേത്രങ്ങളിൽ സ്വീകരണം

പള്ളുരുത്തി ധന്വന്തരി റോഡിലെ പാർട്ടി അനുഭാവിയുടെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴി‍ച്ച് അവിടെത്തന്നെ അൽപനേരം വിശ്രമിച്ചശേഷമാണ് ഉച്ചയ്ക്കുശേഷമുള്ള പ്രചാരണം ആരംഭിച്ചത്. തുടർന്ന് രാത്രി 9 വരെ തുടരുന്ന പ്രചാരണത്തിനുശേഷവും കാര്യമായ ക്ഷീണമൊന്നും സ്ഥാനാർഥി പ്രകടിപ്പിക്കാറില്ലെന്നു കൂടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. അടുത്ത ദിവസം രാവിലെ കൃത്യസമയത്ത് എത്തുകയും ചെയ്യും.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്ന കണ്ണന്താനത്തിന് വലിയ സ്വീകരണമാണ് അവിടങ്ങളിൽ ലഭിക്കുന്നത്. അദ്ദേഹമാവട്ടെ ഓരോ ക്ഷേത്രത്തിലും ഏറെ സമയം ചെലവഴിച്ചാണ് നീങ്ങുന്നതും. തുണ്ടിപറമ്പ് ഗോപാലകൃഷ്ണ ക്ഷേത്രം, മട്ടാഞ്ചേരി ഗോപാലകൃഷ്‌ണ ക്ഷേത്രം, കൊച്ചിൻ ഗുജറാത്തി മഹാജൻ, 112 വർഷം പഴക്കമുള്ള ജൈനക്ഷേത്രം, മട്ടാഞ്ചേരി മടപ്പള്ളി സമൂഹമഠം, കണ്ണമാലി ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളെല്ലാം പര്യടനത്തിനിടെ കണ്ണന്താനം സന്ദർശിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama