go

പെട്രോൾ പമ്പിന്റെ മേൽക്കൂരയിൽ മസ്തകമിടിച്ച് ആനയ്ക്കു പരുക്ക്; ഡ്രൈവർ അറിഞ്ഞില്ല

Elephant
തൃശിവപേരൂർ കർണൻ ആനയുടെ മസ്തകത്തിൽ പരുക്കേറ്റ നിലയിൽ
SHARE

മരട് (കൊച്ചി) ∙ പെട്രോൾ പമ്പിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ മസ്തകം ശക്തമായി ഇടിച്ച തൃശിവപേരൂർ കർണൻ എന്ന ആനയ്ക്കു പരുക്ക്. ആനയെ കയറ്റിയ ലോറി ഇന്ധനം നിറയ്ക്കാൻ പേട്ട പമ്പിൽ രാവിലെ പത്തരയോടെ എത്തിയപ്പോഴായിരുന്നു സംഭവം. ആനയുടെ മസ്തകം മേൽക്കൂരയിൽ മുട്ടിയത് പമ്പ് ജീവനക്കാരും ഇന്ധനത്തിനെത്തിയ മറ്റു യാത്രക്കാരും പറഞ്ഞപ്പോഴാണ് ഡ്രൈവർ അറിയുന്നത്.

ലോറിയിൽ കെട്ടിയ മരക്കുറ്റികൾക്കുള്ളിൽ തളച്ചിട്ടതിനാൽ ആനയ്ക്ക് കുനിയാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ലോറി ഉടൻ പിന്നോട്ടെടുത്ത് കൂടുതൽ അപകടം ഒഴിവാക്കി. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി. പൊലീസും ഉടൻ സ്ഥലത്തെത്തി. ഡ്രൈവറെ സ്റ്റേഷനിലേക്കു മാറ്റി.

മരട് കൊട്ടാരം ക്ഷേത്ര വളപ്പിൽ ആനയെ ഇറക്കി ശുശ്രൂഷ നൽകാനായി ലോറി പിന്നീട‌് മരടിലെത്തിച്ചു. കൊട്ടാരം ജംക്‌ഷനിൽ എത്തിച്ച ആന മസ്തകത്തിൽ ചോരയൊലിച്ചും തുമ്പിക്കൈയിൽനിന്നു നീരൊലിച്ചും നിൽക്കുന്നത് കൊടും ചൂടിൽ നൊമ്പരക്കാഴ്ചയായി. നാട്ടുകാർ നൽകിയ തണ്ണിമത്തൻ ആന ആർത്തിയോടെ കഴിച്ചു. പിന്നീട് വെറ്ററിനറി സർജന്റെ സൗകര്യത്തിനായി ആനയെ തൃപ്പൂണിത്തുറയിലേക്കു മാറ്റി.

ഉച്ചയ്ക്കു ശേഷമെത്തിയ വെറ്ററിനറി സർജൻ ആനയ്ക്കു മരുന്നു നൽകി. കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama