go

വേണ്ട, ബാലവേല

ഫയൽ ചിത്രം
SHARE

കൊച്ചി ∙ സംസ്ഥാനത്തെ ആദ്യ ബാലവേലമുക്ത നഗരമായി കൊച്ചിയെ മാറ്റാനാണു ചൈൽഡ് ലൈൻ 2018 ജൂൺ 8ന് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി, ഈ നഗരത്തെ ബാലവേലയുടെ വലയിൽനിന്നു മോചിപ്പിക്കാൻ ഒന്നല്ല, പല വർഷം വേണ്ടിവരും. അത്രയ്ക്ക് ആഴത്തിലാണു ബാലവേലയുടെ അഴിയാക്കുരുക്കുകൾ. എങ്കിലും ചൈൽഡ് ലൈൻ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നു പിന്നോട്ടില്ല. ഇന്നു രാജ്യവ്യാപകമായി വീണ്ടുമൊരു ബാലവേല വിരുദ്ധദിനം വരുമ്പോൾ ചൈൽഡ് ലൈൻ കൊച്ചി തങ്ങളുടെ പ്രതിജ്ഞ വീണ്ടും പുതുക്കുകയാണ്.‘കുട്ടികൾ തൊഴിലിടങ്ങളിലല്ല ജോലി ചെയ്യേണ്ടത്, അവർ സ്വപ്നങ്ങൾക്കുമേൽ അധ്വാനിക്കട്ടെയെന്ന’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

Ernakulam News

ചൈൽഡ് ലൈൻ കൊച്ചി, ജില്ലാ ഭരണകൂടം, ജില്ലാ തൊഴിൽവകുപ്പ് എന്നിവ ചേർന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, സിറ്റി പൊലീസ്, ഡിസിആർബി, ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണു കൊച്ചിയെ ബാലവേലമുക്ത നഗരമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടു ബാലവേലമുക്ത നഗരമെന്ന ലക്ഷ്യത്തിനായി ചൈൽഡ് ലൈൻ കഴിഞ്ഞ വർഷം വിപുലമായ പ്രവർത്തനങ്ങൾ നടത്തി. നഗരത്തിലെ 2800 കടകളിൽ ബാലവേല സംബന്ധിച്ച ബോധവൽക്കരണം നടത്തി. ക്ലാസ്, ശിൽപശാല, ബോധവൽക്കരണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി. 43 സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പതിമൂന്നുകാരൻ പതിനെട്ടുകാരനായി

കാക്കനാട്ടെ ഹോട്ടലിൽ നേപ്പാൾ സ്വദേശിയായ 13 വയസ്സുകാരനെ ബാലവേല ചെയ്യുന്ന നിലയിൽ കണ്ടെത്തി. 18 വയസ്സു തെളിയിക്കുന്ന തിരിച്ചറിയൽ രേഖയുമായാണ് ഈ കുട്ടി ഇവിടെ ജോലി ചെയ്തിരുന്നത്. എന്നാൽ മെഡിക്കൽ പരിശോധനയിൽ കുട്ടിക്കു 13 വയസ്സാണെന്നു തെളിഞ്ഞു. തൊഴിൽവകുപ്പ് കേസ് റജിസ്റ്റർ ചെയ്തശേഷം കുട്ടിയെ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ സഹായത്തോടെ നേപ്പാളിലേക്കു തിരിച്ചയച്ചു. മലയാളി കുട്ടികൾ നഗരത്തിൽ ബാലവേലചെയ്യുന്നതായി ചൈൽഡ് ലൈനിനു കണ്ടെത്താനായിട്ടില്ല. തമിഴ്നാട്, ബംഗാൾ, ബിഹാർ, ഒറിസ, അസം സ്വദേശികളായ കുട്ടികളെയാണു കണ്ടെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ജില്ല എറണാകുളമാണ്. കുടുംബത്തോടൊപ്പം തൊഴിൽതേടി കേരളത്തിലെത്തുന്ന സംഘങ്ങളിലെ കുട്ടികളാണു ബാലവേലയിലേർപ്പെടുന്നത്.

6 നില കെട്ടിടം വൃത്തിയാക്കാൻ പതിനാറുകാരി, കൂലി 250 രൂപ

ആലുവയിലെ 6 നില ഫ്ലാറ്റ് ദിവസവും വൃത്തിയാക്കുന്ന പതിനാറുകാരിയെ ചൈൽഡ് ലൈൻ രക്ഷിച്ചതു കഴിഞ്ഞ വർഷമാണ്. 2 വർഷമായി 250 രൂപ ദിവസക്കൂലിക്കാണു കുട്ടി ഈ ജോലി ചെയ്തത്. ദിവസം 14 മണിക്കൂറായിരുന്നു ജോലി. ചൈൽഡ് ലൈനിന്റെ ഇടപെടലിലൂടെ രക്ഷപ്പെട്ട കുട്ടി ഇപ്പോൾ കാക്കനാട്ടെ ഗവ. ചിൽഡ്രൻസ് ഹോമിലാണ്.

ആശുപത്രി കന്റീനിലും ബാലവേല

കൊച്ചിയിലെ പ്രശസ്തമായ ആശുപത്രിയുടെ കന്റീനിൽ 14 വയസ്സുള്ള 3 കുട്ടികൾ ജോലി ചെയ്യുന്നതായി ചൈൽഡ് ലൈൻ കണ്ടെത്തി. രേഖകളിൽ കുട്ടികൾക്കു 18 വയസ്സു പൂർത്തിയായിരുന്നു.

പുറത്തെത്തുന്നത് ഏതാനും കേസുകൾ

2018–19 വർഷം ജില്ലയിൽനിന്നു റിപ്പോർട്ട് ചെയ്തതു 17 ബാലവേലകേസ് മാത്രമാണ്. 112 കൗമാരക്കാരെ തൊഴിലുടമയുടെ ചൂഷണത്തിൽനിന്നു രക്ഷപ്പെടാൻ ചൈൽഡ് ലൈൻ സഹായിച്ചു. ചൈൽഡ് ലൈനിന്റെ ഇടപെടലിലൂടെ ഇവർക്കു മതിയായ വിശ്രമം, ഭക്ഷണം, വേതനം എന്നിവ ലഭിച്ചു.

18 വയസ്സാക്കാൻ പതിനെട്ടടവും

ബാലവേലയുടെ പേരിൽ പിടിക്കപ്പെടാതിരിക്കാൻ കൊച്ചിയിലെ തൊഴിലിടങ്ങളിൽ എല്ലാ കുട്ടികൾക്കും 18 വയസ്സാണ്. ഈ കുട്ടികൾക്കു 18 വയസ്സായെന്ന രേഖകൾ തയാറാക്കുന്ന ഏജൻസി കൊച്ചിയിൽതന്നെ പ്രവർത്തിക്കുന്നതായാണു ചൈൽഡ് ലൈൻ അധികൃതർക്കു ലഭിച്ച വിവരം.

പെൺകുട്ടികൾ തമിഴ്നാട്ടിൽനിന്ന്

വീട്ടുവേലയ്ക്കു പെൺകുട്ടികളെ കൊണ്ടുവരുന്നതു തമിഴ്നാട്ടിൽനിന്നാണ്. തമിഴ്നാട്ടിലെ ഏജൻസികൾ പെൺകുട്ടികളെ വീടുകളിൽനിന്നു നിശ്ചിത തുക നൽകി ഏറ്റെടുക്കും. ഈ കുട്ടികളെ കേരളത്തിലെ ഏജൻസികൾക്ക് ഉയർന്ന തുകയ്ക്കു കൈമാറും. കേരളത്തിലെ ഏജൻസികളിൽനിന്നു കുട്ടിയെ വീടുകളിലേക്ക് എത്തിക്കും. ജോലി ചെയ്യുന്ന വീടുകളിൽനിന്നു ശമ്പളം കൈപ്പറ്റുന്നത് ഏജന്റായിരിക്കും. ഈ മനുഷ്യക്കടത്തു തടയാനോ നടപടി സ്വീകരിക്കാനോ സാധിച്ചിട്ടില്ല.

നിമയങ്ങളും ചട്ടങ്ങളുമുണ്ട്

1986ലെ ബാല കൗമാര തൊഴിൽ (നിരോധന നിയന്ത്രണ) നിയമപ്രകാരം കുട്ടി എന്നതു 14 വയസ്സു പൂർത്തിയാകാത്തവരാണ്. കൗമാരക്കാർ എന്നതു 14 വയസ്സു പൂർത്തിയായ 18 വയസ്സിനു താഴെയുള്ളവരാണ്. കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതു നിരോധിച്ചിട്ടുണ്ട്.  കൗമാരക്കാരെ അപകടകരമായ ജോലി ചെയ്യിപ്പിക്കുന്നതിനും നിരോധനമുണ്ട്. കൗമാരക്കാരെ ജോലി ചെയ്യിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളുമുണ്ട്. 

∙  മൂന്നു മണിക്കൂർ ജോലി കഴിഞ്ഞാൽ ഒരു മണിക്കൂർ വിശ്രമം

∙  ഒരു ദിവസം ആറു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത്. 

∙  വൈകിട്ട് ഏഴു മുതൽ രാവിലെ എട്ടു വരെ ജോലി പാടില്ല. 

∙  ഒരു ദിവസം ഒന്നിലേറെ സ്ഥാപനങ്ങളിൽ ജോലിക്കു നിയോഗിക്കരുത്. 

∙  കൗമാരക്കാരെ ജോലിയിൽ പ്രവേശിപ്പിച്ചാൽ 30 ദിവസത്തിനകം ലേബർ 

∙  ഓഫിസറെ രേഖാമൂലം വിവരം അറിയിക്കണം.

∙  പ്രായം തെളിയിക്കുന്ന രേഖകളുടെ അഭാവത്തിൽ ജില്ലാ മെഡിക്കൽ 

∙  ബോർഡിന്റെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി വയസ്സു നിർണയിക്കണം. 

∙  തൊഴിലുടമ ഇവരെ സംബന്ധിക്കുന്ന റജിസ്റ്റർ സൂക്ഷിക്കണം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama