go

ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇനി ജോലിയിലും കൂലിയിലും ‘മലയാളിത്തം’

Ernakulam News
ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി വർധനയ്ക്കെതിരെ കിഴക്കൻ മേഖലയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലൊന്ന്
SHARE

മൂവാറ്റുപുഴ∙  ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നത് കണ്ടു മൂക്കത്തു വിരൽവച്ചു നിന്നിട്ടുണ്ട് പലരും. ഇങ്ങനെയൊക്കെ ജോലി ചെയ്യാനാകുമോ എന്നു മലയാളികളെ വെല്ലുവിളിച്ചിട്ടുമുണ്ട്. കുറഞ്ഞ കൂലി ഉയർന്ന അധ്വാനം– ഇവയായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചിരുന്നവരെ ഏറെ ആകർഷിച്ചത്. എന്നാൽ, കാലം മാറി. കേരളത്തിൽ വന്ന് ഏതാനും വർഷം കൊണ്ട് മലയാളികളുടെ സ്വഭാവസവിശേഷതകളൊക്കെ അവരും സ്വാംശീകരിച്ചു. കുറഞ്ഞ അധ്വാനം ഉയർന്ന കൂലി എന്ന നിലയിലേക്ക് ഇതരസംസ്ഥാന തൊഴിലാളികൾ ശൈലി മാറ്റി.

മലയാളത്തോടൊപ്പം മലയാളിത്തരങ്ങൾ കൂടി പഠിച്ചെടുത്ത ഇവരുമായി തൊഴിലുടമകൾ തർക്കത്തിലേക്കും കയ്യാങ്കളിലേക്കും നീങ്ങുന്നതോടെ ‘തീരുമ്പോ തീരുമ്പോ പണി കൊടുക്കാം’ എന്നു പലരും കരുതി വിളിച്ചിരുന്ന ഇതരസംസ്ഥാനക്കാർ തൊഴിലിടങ്ങളിൽ പുതിയ ആശയക്കുഴപ്പങ്ങൾക്കു കാരണമാവുകയാണ്.  തിരഞ്ഞെടുപ്പു സമയത്തു നാട്ടിൽ പോയ നൂറുകണക്കിനു തൊഴിലാളികൾ ഇനിയും   തിരിച്ചെത്തിയിട്ടില്ല. 

കൂലി വർധനയിൽ പ്രതിഷേധം

ഇതര സംസ്ഥാന തൊഴിലാളികൾ കൂലി വർധിപ്പിച്ചതോടെ കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളും ചേർന്ന് ഇവരുടെ കൂലി മേസണ് 750 രൂപ മുതൽ 800 രൂപ വരെയായും സഹായികൾക്ക് 600 രൂപ മുതൽ 650 വരെയായും നിശ്ചയിച്ചിരുന്നു. ഇതിന്റെ നോട്ടിസുകൾ വിതരണം ചെയ്യുകയും ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.  എന്നാലിപ്പോൾ ഇവർ ഇതിലും കൂടുതൽ‍ കൂലിയാണ് ആവശ്യപ്പെടുന്നത്. 800 മുതൽ 1200 രൂപ വരെയാണിപ്പോൾ ഇവർ ആവശ്യപ്പെടുന്നത്. 

ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗവും നാട്ടിലുള്ളവരുമായി ദീർഘനേരമെടുത്തുള്ള സംഭാഷണങ്ങളുമൊക്കെ ഇവരുടെ ജോലിയിലുള്ള കാര്യക്ഷമതയെയും ബാധിച്ചിട്ടുണ്ട്. ജോലി നിർത്തിവച്ചുള്ള ബീഡ‍ിവലിയും മൊബൈൽ ഫോൺ ഉപയോഗവുമൊക്കെ ചോദ്യം ചെയ്താൽ ഇവർ അപ്രതീക്ഷിത രീതിയിൽ പ്രതികരിക്കുകയും ചെയ്യും.ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കായി എത്തിച്ചു നൽകുന്ന ഇടനിലക്കാരാണ് ഇവരുടെ കൂലി വലിയ തോതിൽ വർധിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. കൂടുതൽ കൂലി വാങ്ങിയ ശേഷം ഇവർ നിശ്ചിത കൂലി തൊഴിലാളികൾക്കു നൽകിയ ശേഷം ബാക്കി സ്വന്തമാക്കുകയാണു ചെയ്യുന്നത്. തൊഴിലാളികളിൽ നിന്ന് കമ്മിഷൻ വാങ്ങുകയും ചെയ്യും. തൊഴിലാളികളും കൂലി വലിയ  തോതിൽ വർധിച്ചതോടെ നിർമാണ മേഖലയിൽ മാത്രമല്ല, ഹോട്ടൽ, കൃഷി മേഖലയിലും കൂലിച്ചെലവ് വർധിക്കുകയും പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധം, കയ്യാങ്കളി, ആശങ്ക

കൂലി വർധനയ്ക്കെതിരെ ഇന്നലെ വെള്ളൂർകുന്നത്ത് ഒരു വിഭാഗം നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്നു തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ രാഷ്ട്രീയ തൊഴിലാളി സംഘടനകളുടെ കീഴിൽ സംഘടിച്ചതോടെയാണു കൂലി വർധനയും ഉണ്ടായത്. മലയാളികൾ കൂടുതൽ കൂലി ആവശ്യപ്പെടുന്നു എന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചവർ ഇനി എന്ത് എന്ന ആശങ്കയിലാണ്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama