go

ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മൂവാറ്റുപുഴ രൂപതാധ്യക്ഷനായി

Ernakulam News
മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ പുതിയ ബിഷപ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസിനെ സ്ഥാനാരോഹണച്ചടങ്ങിൽ ഏഴ്‌ വൈദികർ ചേർന്ന്‌ 'ഓക്‌സിയോസ്‌' ചൊല്ലി ഉയർത്തിയപ്പോൾ.
SHARE

മൂവാറ്റുപുഴ ∙ 'ഞാൻ നല്ല ഇടയനാകുന്നു' എന്നാരംഭിക്കുന്ന വചനഭാഗം വായിച്ച് മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ പുതിയ അധ്യക്ഷനായി  ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് ആത്മീയാധികാരമേറ്റു. പുതിയ ബിഷപ്പിനെ സിംഹാസനത്തിലിരുത്തി ഏഴ്‌ വൈദികർ ചേർന്ന്‌ 'ഓക്‌സിയോസ്‌' ചൊല്ലി ഉയർത്തിയപ്പോൾ പ്രാർഥനാ ചൈതന്യം നിറഞ്ഞുനിന്ന മൂവാറ്റുപുഴ കത്തീഡ്രലിൽ വിശ്വാസ സമൂഹം അതേറ്റു ചൊല്ലി.  തുടർന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായോട് വിധേയത്വം പ്രഖ്യാപിച്ചു പുതിയ ബിഷപ് അദ്ദേഹത്തിന്റെ കൈ ചുംബിച്ചു.  കാതോലിക്കാബാവായോടും സഹ മെത്രാപ്പോലീത്തമാരോടും ചേർന്ന്‌ വിശ്വാസ സമൂഹത്തിന്‌ ശ്ലൈഹീക വാഴ്‌വ്‌ നൽകിയതോടെ മൂവാറ്റുപുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ സമാപിച്ചു. സ്ഥാനമൊഴിഞ്ഞ രൂപതാധ്യക്ഷൻ ഡോ. എബ്രാഹം മാർ യൂലിയോസിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്കു ശേഷമായിരുന്നു ആസ്ഥാന ദേവാലയമായ മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രലിൽ  സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിച്ചത്. 

 'സുന്ത്രോണിസോ' ശുശ്രൂഷയ്ക്ക്‌ കാതോലിക്കാബാവാ മുഖ്യകാർമികനായി. തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോസഫ്‌ മാർ തോമസ്‌, ഡോ. ജേക്കബ്‌ മാർ ബർണബാസ്‌, ഡോ. വിൻസന്റ്‌ മാർ പൗലോസ്‌, ഡോ. ഫിലിപ്പോസ്‌ മാർ സ്‌തേഫാനോസ്‌, ഡോ. സാമുവേൽ മാർ ഐറേനിയോസ്‌, ഡോ. തോമസ്‌ മാർ യൗസേബിയസ്‌, ഡോ. ഗീവർഗീസ്‌ മാർ മക്കാറിയോസ്, ഡോ. തോമസ്‌ മാർ അന്തോണിയോസ്‌, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ മാത്യു അറയ്‌ക്കൽ, മാർ ജോസ്‌ പുളിക്കൽ, മാർ ജോർജ്‌ മഠത്തിക്കണ്ടത്തിൽ, മാർ ജോർജ്‌ പുന്നക്കോട്ടിൽ, മാർ ജയിംസ്‌ ആനാപറമ്പിൽ, ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ, മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാർ തോമസ്‌ ചക്യത്ത്‌, മാർ ടോണി നീലങ്കാവിൽ, എന്നിവർ സഹകാർമികരായിരുന്നു. യാക്കോബായ സഭയിലെ  ഡോ. കുര്യാക്കോസ്‌ മാർ തെയോഫിലോസ്‌, ഡോ. ഏബ്രഹാം മാർ സേവേറിയോസ്‌, ഓർത്തഡോക്‌സ്‌ സഭ കണ്ടനാട്‌ മെത്രാപ്പൊലീത്ത തോമസ്‌ മാർ അത്തനാസിയോസ്‌ എന്നിവർ ശുശ്രൂഷകളിൽ പങ്കുചേർന്നു.

പുരോഹിതർ വിശുദ്ധിയുടെ വഴി പിന്തുടരേണ്ടവർ: മാർ ആലഞ്ചേരി

പുരോഹിതർ വിശുദ്ധിയും സമർപ്പണവും സ്വജീവിതത്തിൽ പകർത്തേണ്ടവരാണെന്നും മലങ്കര കത്തോലിക്കാ സഭയിലെ മെത്രാപ്പൊലീത്തമാർ വിശുദ്ധിയുടെ വഴി പിന്തുടരുന്നവരാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പറഞ്ഞു. സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേജർ ആർച്ച്‌ ബിഷപ്പ്‌ കർദിനാൾ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവാ അധ്യക്ഷനായി. ഡീൻ കുര്യാക്കോസ്‌, തോമസ്‌ മാർ അത്തനാസിയോസ്‌, ഡോ. കുര്യാക്കോസ്‌ മാർ തെയോഫിലോസ്‌, ഫാ. ജോസ്‌ കുരുവിള, സിസ്റ്റർ ഗ്ലാഡീസ്‌, ഫാ. വർഗീസ്‌ കുന്നുംപുറം, ഫാ. ചെറിയാൻ ചെന്നിക്കര, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama