go

കടലേ കരളേ കനിയണമേ; കടൽകയറ്റത്തിൽ വലഞ്ഞ് തീരമേഖല

Ernakulam News
ചെല്ലാനം ബസാറിനു സമീപം കടൽക്ഷോഭത്തിൽ തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ്
SHARE

ചെല്ലാനം∙ ഒരാഴ്ചക്കാലമായുള്ള കടൽകയറ്റത്തിൽ തീരമേഖല വലയുകയാണ്. പലരും വീടുകൾ വിട്ടു ബന്ധുവീടുകളിലേക്ക് മാറി. വീടുകളിലെ ഭക്ഷ്യവസ്തുക്കളും ഗൃഹോപകരണങ്ങളും കടൽവെള്ളത്തിൽ നശിച്ചു. വീടുകളിൽ ചെളി മൂടി.  ഇത് ശുചികരിക്കണമെങ്കിൽ കടൽ ശമിക്കണം. പലരുടെയും ജീവനോപാധിയും തൊഴിലിടങ്ങളും നശിച്ച നിലയിലാണ്. ഇവർക്ക് ഇത് തിരിച്ചുപിടിക്കണമെങ്കിൽ നാളേറെ കാത്തിരിക്കണം.വയോധികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ernakulam News
ഫോർട്ട് കൊച്ചി ബീച്ച് വാക് വേയിലെക്ക് ശക്തമായ തിരമാല അടിച്ച് കയറിയപ്പോൾ ഒഴി‍ഞ്ഞ് മാറാൻ ശ്രമിക്കുന്ന യുവാവ്.

വെള്ളക്കെട്ടിൽ കുഴിയിൽ വീണു പലർക്കും അപകടം സംഭവിക്കുന്നുണ്ട്. ബസാറിലും കമ്പനിപ്പടിയിലും കടലിനോട് ചേർന്നുള്ള 200 ഓളം വീടുകൾ അപകടാവസ്ഥയിലാണ്. ഇവ എപ്പോൾ വേണമെങ്കിലും തകരാം. പുതുതായി നിർമിച്ച വീടിന്റെ അവസ്ഥയും പരിതാപകരമാണ്. ചെല്ലാനം തീരദേശ റോഡ് ഒന്നര കിലോമീറ്ററോളം ഇന്നും വെള്ളത്തിനടിയിലാണ്. ശക്തമായ കടൽകയറ്റം അനുഭവപ്പെടുന്ന ബസാർ പ്രദേശത്ത് മരിച്ച ഗൃഹനാഥന്റെ മൃതദേഹം പൊതുദർശനത്തിനുവെച്ചത്  500 മീറ്റർ  അകലെയുള്ള  സഹോദരന്റെ വീട്ടിൽ.

Ernakulam News
ചെല്ലാനം ബസാറിനു സമീപം കടൽ വീടുകളിലേക്ക് കയറിയപ്പോൾ പ്ലാസ്റ്റിക് ഷീറ്റും മണൽ ചാക്കും ഉപയോഗിച്ച് തടയണ ഉണ്ടാക്കിയ ശേഷം തളർന്നിരിക്കുന്നവർ.

ചെല്ലാനം ബസാർ കുരിശിങ്കൽ കെ.വി.മൈക്കിളിന്റെ മൃതദേഹമാണ് വേലിയേറ്റത്തെ തുടർന്ന് സ്വന്തം വീട്ടിൽ നിന്ന് സഹോദരന്റെ വീട്ടിലേക്ക് എത്തിച്ചത്. രണ്ടു ദിവസമായി തകർത്തുപെയ്യുന്ന ശക്തമായ മഴയിലും കടൽകയറ്റത്തിലും പലയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടു. ചൊവ്വാഴ്ച  അർധരാത്രിയോടെ നിലച്ച വൈദ്യുതി തിരിച്ചെത്തിയത് ഇന്നലെ രാവിലെയാണ്. 

ദുരിതാശ്വാസ ക്യാംപുകൾ ഞങ്ങൾക്ക് വേണ്ട 

Ernakulam News
കടൽക്ഷോഭത്തിന് ശക്തി കുറയ്ക്കാൻ ചെല്ലാനം കടൽ തീരത്ത് മണൽച്ചാക്കുകൾ നിറയ്ക്കുന്നു

ചെല്ലാനത്ത് ദുരിതാശ്വാസ ക്യാംപുകൾ തുടങുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ക്യാംപുകളിലേക്കില്ലെന്നാണ് ചെല്ലാനംകാരുടെ നിലപാട്. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചെല്ലാനം സെന്റ് മേരീസ് സ്കൂളിലാണ്  ക്യാംപുകൾ ആരംഭിച്ചിട്ടുള്ളതെങ്കിലും ഇതുവരെയും ആരും എത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ ക്യാംപുകളുടെ ശോചനീയാവസ്ഥയാണ് നാട്ടുകാരെ പിന്തിരിപ്പിക്കുന്നത്. ചെല്ലാനംകാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റണമെന്ന് സമരസമിതി ഭാരവാഹിയായ ടി.എ.ഡാൽഫിൻ അറിയിച്ചു.

കടൽക്ഷോഭത്തിൽ ആങ്കർ പൊട്ടി ബോയ തീരത്തണഞ്ഞു

Ernakulam News
കടൽക്ഷോഭത്തിൽ ആങ്കർ പൊട്ടി ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിൽ അടിഞ്ഞ ബോയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.

ഫോർട്ട്കൊച്ചി∙ ബീച്ചിൽ അടിഞ്ഞ ബോയ വാഹനത്തിൽ കയറ്റി തുറമുഖത്തേക്ക് മാറ്റി. കപ്പലുകൾക്ക് ദിശ കാണിക്കുന്നതിനായി 4 നോട്ടിക്കൽ മൈൽ അകലെ കടലിൽ സ്ഥാപിച്ചിരുന്ന ബോയയാണ് കടൽക്ഷോഭത്തിൽ ആങ്കർ പൊട്ടി കഴിഞ്ഞ ദിവസം ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപം തീരത്ത് അടിഞ്ഞത്. മൂന്നര ടൺ ഭാരമുള്ള ബോയ ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തി ലോറിയിൽ കയറ്റിയത്.

ജിയോ ബാഗുകൾ ഒരാഴ്ചയ്ക്കകം: കലക്ടർ 

Ernakulam News
ചെല്ലാനം കടൽകയറ്റ ദുരിത മേഖല സന്ദർശിക്കാൻ കലക്ടർ എത്തിയപ്പോൾ.

ചെല്ലാനം∙  ബസാർ, വേളാങ്കണ്ണി, കമ്പനിപ്പടി മേഖലകളിൽ ഒരാഴ്ചയ്ക്കകം ജിയോ ബാഗുകൾ സ്ഥാപിക്കുമെന്ന് കലക്ടർ മുഹമ്മദ് വൈ.സഫിറുള്ള പറഞ്ഞു. മഴ ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായ ബസാർ, വേളാങ്കണ്ണി മേഖലകൾ കളക്ടർ സന്ദർശിച്ചു. ബസാർ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റർ നീളത്തിലും വേളാങ്കണ്ണിയിൽ 180 മീറ്ററിലുമാണ് ജിയോ ബാഗുകൾ സ്ഥാപിക്കുക. കടൽക്ഷോഭം രൂക്ഷമായ ഭാഗത്ത് അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കും. 

തീരദേശത്ത് നടപ്പാക്കിയ ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകൾ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും കലക്ടർ വ്യക്തമാക്കി. പരിസ്ഥിതി ആഘാതം പരമാവധി ഒഴിവാക്കി കടൽഭിത്തി നിർമ്മിക്കുന്നതിനാണ് ജിയോ ട്യൂബ് പദ്ധതി ആവിഷ്‌കരിച്ചത്.  ഇതിൽ ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കും. അടിയന്തരമായി വിന്യസിക്കുന്ന ജിയോ ബാഗുകൾ സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരു വർഷം മാത്രം നിലനിൽക്കുന്നവയാണ്. ഇവയുടെ നിമാണത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി കലക്ടർ പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama