go

‘നാണക്കേട് ’ ഫിലിംസിന്റെ ‘ ഒരു പഴയ ബോംബ് കഥ’ ; സംവിധാനം കേരള പൊലീസ്

ekm-collectorate
കാക്കനാട് കലക്ടറേറ്റ് സമുച്ചയം.
SHARE

കലക്ടറേറ്റ് ബോംബ് സ്ഫോടനത്തിന്റെ പത്താം വാർഷികമാണു നാളെ. ജില്ലാ ഭരണസിരാകേന്ദ്രവും കാക്കനാട് പ്രദേശവും ഞെട്ടി വിറച്ച സ്ഫോടനത്തിനു പിന്നിലെ കുറ്റവാളികൾ ‌ആരെന്ന് ഇപ്പോഴും അറിയില്ല. ലോക്കൽ പൊലീസ് മുതൽ തീവ്രവാദവിരുദ്ധ സ്ക്വാഡ് വരെ അന്വേഷണം നടത്തിയിട്ടും തുമ്പു കിട്ടാത്ത കേസാണിത്

കാക്കനാട്∙ ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാന മന്ദിരത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് അന്നു സ്ഫോടനം നടന്നത്. എറണാകുളം കലക്ടറേറ്റും പരിസര പ്രദേശങ്ങളും നടുങ്ങിയ ബോംബ് സ്ഫോടനത്തിനു നാളെ 10 വർഷം തികയുന്നു. ഇതു വരെ പ്രതികളെ പിടികൂടാൻ കഴിയാത്ത കേസിന്റെ നാൾവഴി കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്.

കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശാസ്ത്രീയമായ അന്വേഷണം നടത്തിയിട്ടും കലക്ടറേറ്റ് ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരകരെ കണ്ടെത്താനായില്ല. 2009 ജൂലൈ 10നു വൈകിട്ടു മൂന്നിനായിരുന്നു കലക്ടറേറ്റിന്റെ അഞ്ചാം നിലയിൽ ഗോവണിപ്പടിക്കു സമീപം ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടിയത്.

തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ലോക്കൽ പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം, ക്രൈം ബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച് സേനാവിഭാഗങ്ങളിലെ 200 ഓഫിസർമാരെങ്കിലും കലക്ടറേറ്റ് സ്ഫോടനത്തെക്കുറിച്ചു മാസങ്ങളോളം വിവിധ തലങ്ങളിൽ അന്വേഷണം നടത്തിയിട്ടും പ്രതികളിൽ ഒരാളെ പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

സ്ഫോടനത്തിൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ സർക്കാർ ജീവനക്കാരെ മുതൽ വിദേശത്തുള്ളവരെ വരെ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുത്തിയിരുന്നു. ആയിരത്തോളം പേരെയാണു വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത്.

ഒരു കിലോമീറ്റർ ദൂരം വരെ ശബ്ദം കേട്ട ഉഗ്ര സ്ഫോടനം നടന്നപ്പോൾ ആയിരത്തിലധികം ജീവനക്കാരും മുന്നൂറോളം സന്ദർശകരും കലക്ടറേറ്റ് സമുച്ചയത്തിലെ വിവിധ ഓഫിസുകളിലായി ഉണ്ടായിരുന്നു. സർവേ വകുപ്പിലെ ഒരു ജീവനക്കാരനു നിസാര പരുക്കേറ്റതൊഴിച്ചാൽ ആളപായമില്ലായിരുന്നു. 10 വർഷം കടന്നുപോയിട്ടും സ്ഫോടനം ഇപ്പോഴും ജീവനക്കാരിൽ ഭീതി ഉണർത്തുന്നു.

ബോംബ് സ്ഫോടനം നടത്തിയതു കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നു പേരാണെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. മുഖ്യപ്രതി അഫ്ഗാനിസ്ഥാനിലേക്കും മറ്റു രണ്ടുപേർ ഗൾഫ് നാടുകളിലേക്കും കടന്നുകളഞ്ഞത്രെ. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇന്റർപോളിനു കൈമാറിയെങ്കിലും ഫലമുണ്ടായില്ല. കൂട്ടുപ്രതികളിൽ ചിലർ അയൽ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

നടുങ്ങി വിറച്ച കറുത്ത ദിനം

കാക്കനാട്∙  2009 ജൂലൈ 10ന് വൈകിട്ടു മൂന്നിനു ഉഗ്ര ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. സംഭവം എന്തെന്നറിയാതെ കലക്ടറേറ്റ് സമുച്ചയത്തിലെ 5 നിലകളിലെയും ജീവനക്കാർ ഓഫിസുകളിൽ നിന്ന് ഓടി പുറത്തിറങ്ങി. കെട്ടിടത്തിനകത്താണോ പുറത്താണോ പൊട്ടിത്തെറിയെന്ന കാര്യത്തിൽ ആശയക്കുഴപ്പം. കാക്കനാട് ടൗണിലുണ്ടായിരുന്നവരും കലക്ടറേറ്റ് വളപ്പിലേക്ക് ഓടിയെത്തി.

വെടിമരുന്നിന്റേതു പോലുള്ള ഗന്ധം പരന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു. അഞ്ചാം നിലയിലെ ഗോവണപ്പടിയോടു ചേർന്നാണു സ്ഫോടനമെന്നു തിരിച്ചറിഞ്ഞതോടെ അവിടേക്കു ജനപ്രവാഹമായി. പൊലീസും അഗ്നിശമന സേനയുടെ ഒട്ടേറെ യൂണിറ്റുകളും പാഞ്ഞെത്തി. പൊട്ടിയതു ബോംബാണെന്നു പ്രാഥമിക പരിശോധനയിൽ ബോധ്യമായതോടെ തുടർ സ്ഫോടനങ്ങൾക്കു സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ജീവനക്കാരെയും സന്ദർശകരെയും പുറത്തിറക്കി. 

കലക്ടറേറ്റ് വളപ്പിൽ കിടന്നിരുന്ന വാഹനങ്ങൾ നീക്കി. സ്ഥലത്തുണ്ടായിരുന്ന കലക്ടർ ഡോ.എം.ബീന രക്ഷാപ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. ആഭ്യന്തര മന്ത്രിയും ഡിജിപിയും മുതൽ പൊലീസിലെ ഉന്നതരെല്ലാം സ്ഥലത്തെത്തി. പിന്നീടങ്ങോട്ടു ദിവസങ്ങളോളം തെളിവെടുപ്പായിരുന്നു. തുടർന്നു മാസങ്ങളും വർഷങ്ങളും നീണ്ട അന്വേഷണം.

തടിയന്റവിട നസീറിനു പിന്നാലെ പൊലീസ്

കലക്ടറേറ്റിൽ ബോംബ് വച്ചതു  തടിയന്റവിട നസീറിന്റെ സംഘമാണെന്ന സൂചന കിട്ടിയതോടെ ആ വഴിക്കായി പൊലീസിന്റെ അന്വേഷണം. കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വലറി ഉടമയെ വെട്ടി വീഴ്ത്തി 4 കിലോ സ്വർണ്ണം കൊള്ളയടിച്ച ശേഷം നാട്ടുകാരെ അകറ്റി നിർത്താൻ തടിയന്റവിട നസീറും സംഘവും നടത്തിയ സ്ഫോടനത്തിനുപയോഗിച്ച രാസപദാർഥങ്ങളുടെ ചേരുവയും കലക്ടറേറ്റ് സ്ഫോടനത്തിനുപയോഗിച്ച സാമഗ്രികളും തമ്മിലുള്ള സാമ്യമാണു നസീറിലേക്കു വിരൽ ചൂണ്ടിയത്.

രണ്ടിടത്തും ഉപയോഗിച്ചതു സമാന രീതിയിൽ നിർമിച്ച ബോംബുകളാണെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. സ്ഫോടനത്തിന്റെ രാജ്യാന്തര ബന്ധത്തിനുള്ള തെളിവുകൾ ആദ്യ ദിവസങ്ങളിൽ പൊലീസ് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിനും മുൻപും ശേഷവും കാക്കനാട് പ്രദേശത്തു നിന്നുള്ള മൊബൈൽഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ചപ്പോഴാണു രാജ്യാന്തര ബന്ധത്തെക്കുറിച്ചു സംശയം ഉടലെടുത്തത്. സംഭവത്തിനു ശേഷം ഇവിടെ നിന്നു വിളിച്ച സിം കാർഡ് നശിപ്പിക്കപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അബ്ദുൽ ഹലീമും സംശയപ്പട്ടികയിൽ

കലക്ടറേറ്റ് സ്ഫോടനത്തിന്റെ അന്വേഷണം കോഴിക്കോട് ഇരട്ട ബോംബ് സ്ഫോടന കേസിലെ പ്രതി അബ്ദുൽ ഹലീമിലേക്കും നീണ്ടു. ഹലീമിൽ നിന്നു ബോംബ് നിർമാണം പഠിച്ച രണ്ടു കൊച്ചി സ്വദേശികളെ കേന്ദ്രീകരിച്ചായിരുന്നു ഒരു ഘട്ടത്തിൽ അന്വേഷണം. കലക്ടറേറ്റ് സ്ഫോടനത്തിന് ഒരു മാസം മുൻപു വരെ ജില്ലയിൽ തന്നെയുണ്ടായിരുന്ന ഇവരെ പിന്നീടു കാണാതായതും പൊലീസിന്റെ സംശയം ബലപ്പെടുത്തി.

കലക്ടറേറ്റ് സമുച്ചയത്തിൽ പൊട്ടിയ പൈപ്പ് ബോംബിന്റെ നിർമാണ രീതി ഹലീം തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ഈ ദിശയിൽ നീങ്ങിയത്. പിന്നീട് ഈ അന്വേഷണവും ലക്ഷ്യം കാണാതെ നിലച്ചു. പൊട്ടിയത് ഉഗ്ര ശേഷിയുള്ള ബോംബാണെന്ന് ആദ്യ മണിക്കൂറിൽ തന്നെ വിദഗ്ധർ സ്ഥിരീകരിച്ചതിനാലാണു സ്ഫോടനത്തിനു പിന്നിൽ വൻ ശക്തികളുണ്ടെന്ന സംശയം ഉടലെടുത്തത്.

മുൻകാല സ്ഫോടന കേസുകളിൽ ഉൾപ്പെട്ടവരെ  കസ്റ്റഡിയിലെടുത്തു ദിവസങ്ങളോളം ചോദ്യം ചെയ്തു. അമോണിയം നൈട്രേറ്റ്, സ്ഫോടനത്തിനു സഹായിക്കുന്ന ഡിറ്റനേറ്റർ, ബാറ്ററികൾ തുടങ്ങിയവ സംഭവ സ്ഥലത്തു നിന്നു കണ്ടെത്തുകയും ചെയ്തു.

ആളപായം ഉണ്ടാക്കുകയല്ല, ശക്തമായ മുന്നറിയിപ്പു നൽകുകയായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ആഘാതം കുറഞ്ഞ, എന്നാൽ ഉയർന്ന ശബ്ദമുണ്ടാക്കുന്ന രാസപദാർഥങ്ങൾ  ബോംബിൽ ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയും അന്നു ലഭിച്ചിരുന്നു.

കലക്ടറേറ്റിനു സുരക്ഷ പോരെന്നു പൊലീസ് 

കലക്ടറേറ്റ് ബോംബ് സ്ഫോടനത്തെത്തുടർന്നു നടത്തിയ പൊലീസിന്റെ സുരക്ഷ ഓഡിറ്റിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർ ഇപ്പോഴും അലംഭാവം കാട്ടുന്നതായാണു പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

ജീവനക്കാർ തിരിച്ചറിയൽ കാർഡ് ധരിക്കുക, എല്ലാ നിലകളിലെയും വരാന്തകളുടെ സൈഡ് ഭിത്തി ഗ്രില്ല് ഉപയോഗിച്ചു ഉയർത്തുക, എല്ലാ നിലകളിൽ നിന്നും താഴേക്ക് എമർജൻസി വഴികൾ നിർമിക്കുക, അഗ്നിശമന ഉപകരണങ്ങൾ എല്ലാ നിലയിലും സ്ഥാപിക്കുക, സെക്യൂരിറ്റി വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നിർദേശങ്ങളൊന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. കലക്ടറേറ്റ് സമുച്ചയത്തിലെ ഭൂരിഭാഗം ഓഫിസുകളിലും ജീവനക്കാർക്കു തിരിച്ചറിയൽ കാർഡില്ല.

ദിവസക്കൂലിക്കാരായ നാലു വിമുക്ത ഭടൻമാർ മാത്രമാണു ഇവിടെ സുരക്ഷ ജീവനക്കാരായുള്ളത്. ഒരൊറ്റ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം പോലും ഇവിടെ ഇല്ലെന്നതു കലക്ടറേറ്റ് സമുച്ചയത്തിന്റെ സുരക്ഷ കാര്യത്തിൽ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama