go

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടിൽ വിജിലൻസ് പരിശോധന

SHARE

കൊച്ചി∙ തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ പാലക്കാടുള്ള വീട്ടിൽ വിജിലൻസ് സ്പെഷൽ സെൽ നടത്തിയ പരിശോധനയിൽ 9.65 ലക്ഷം രൂപയും നിക്ഷേപങ്ങൾ സംബന്ധിച്ച 60 രേഖകളും പിടിച്ചെടുത്തു. കിടപ്പു മുറിയിൽ കട്ടിലിനടിയിലെ പ്രത്യേക അറയിൽ നിന്നാണു പണം കണ്ടെത്തിയതെന്നു വിജിലൻസ് അറിയിച്ചു. ഇൻഷുറൻസ്, ഭൂമി, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ സംബന്ധിച്ച രേഖകളാണു പിടിച്ചെടുത്തത്. 185 ഗ്രാം സ്വർണവും കണ്ടെത്തി. നിക്ഷേപങ്ങൾ സംബന്ധിച്ച ഡയറിക്കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചാലേ അനധികൃത സ്വത്തു സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കൂ എന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദിച്ചതായി ലഭിച്ച പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി ഹംസയ്ക്കെതിരെ കഴിഞ്ഞദിവസം കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഓഫിസിലും പാലക്കാട് മേഴ്സി കോളജിനു സമീപം ഒതുങ്ങോട്ടെ വീട്ടിലും ഒരേ സമയത്തായിരുന്നു പരിശോധന. വീട്ടിൽ ഇന്നലെ രാവിലെ 7നു തുടങ്ങിയ പരിശോധന 12 മണിക്കൂർ നീണ്ടു. ഹംസ വീട്ടിൽ ഉണ്ടായിരുന്നില്ല. ഓഫിസിൽനിന്നു രേഖകളൊന്നും ലഭിച്ചില്ല. 2009– 2019 കാലഘട്ടത്തിൽ ഹംസ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരാകാൻ ഇയാൾക്കു നോട്ടിസ് നൽകിയെന്നും വിജിലൻസ് അറിയിച്ചു. എസ്പി വി.എൻ. ശശിധരന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ടി.യു. സജീവൻ, ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama