go

പ്രളയ ദുരിതാശ്വാസം: എറണാകുളം മാതൃകയാക്കാൻ സർക്കാർ ഉത്തരവ്

SHARE

കാക്കനാട്∙ പ്രളയാനന്തര നടപടികളുടെ ഡിജിറ്റൽവൽക്കരണത്തിൽ എറണാകുളം ജില്ലയെ മാതൃകയാക്കാൻ ഇതര ജില്ലകൾക്കു സർക്കാർ നിർദേശം നൽകി.  പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ പട്ടിക തയാറാക്കിയതുൾപ്പെടെയുളള കാര്യങ്ങളിൽ എറണാകുളത്തെ പിന്തുടരാനാണ് ദുരന്ത നിവാരണ വിഭാഗം അഡീഷനൽ സെക്രട്ടറിയുടെ ഉത്തരവ്. മുൻ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ നേതൃത്വത്തിൽ ഐടി മിഷനും കേന്ദ്ര ഇൻഫർമാറ്റിക് വിഭാഗവും ചേർന്നു നടപ്പാക്കിയ ഡിജിറ്റലൈസേഷനാണ് മാതൃകയായത്.

മാതൃക ഈ ഡിജിറ്റൽ രക്ഷാപ്രവർത്തനം

വിവര ശേഖരണം, ഡേറ്റ എൻട്രി, സഹായ വിതരണം തുടങ്ങിയവ സുതാര്യമാക്കാനാണ് കേന്ദ്രീകൃത ഡിജിറ്റലൈസേഷൻ നടപ്പാക്കിയത്. പ്രളയ നാളുകളിൽ ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളും വ്യക്തികളും എവിടെയുണ്ടെന്നു ജിപിഎസ് സംവിധാനം വഴി കണ്ടെത്തി നാവിക സേനയ്ക്കും ദേശീയ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഉൾപ്പെടെയുള്ള രക്ഷാ ഏജൻസികൾക്കും വിവരം നൽകാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനവും ശ്രദ്ധിക്കപ്പെട്ടു. 

സഹായമെത്തിക്കാൻ മൊബൈൽ ആപ്പും

ഹാം റേഡിയോ, ക്ലൗഡ് ടെലഫോൺ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. പ്രളയ ബാധിതർക്കു വീടു പുനർ നിർമാണ സഹായം നൽകാൻ ഇൻഫർമേഷൻ കേരള മിഷനുമായി ചേർന്നു മൊബൈൽ ആപ് വികസിപ്പിച്ചതു വിവര ശേഖരണം എളുപ്പമാക്കിയിരുന്നു. ഓരോ ഘട്ടം സഹായം കൈപ്പറ്റുന്ന കുടുംബങ്ങളുടെ പൂർണ വിവരവും പുനർ നിർമിക്കുന്ന വീടുകളുടെ ഓരോ ഘട്ടത്തിലുള്ള ചിത്രങ്ങളും അപ‍്‍ലോഡ് ചെയ്തു ജനകീയ ഓഡിറ്റിനു വിധേയമാക്കുന്ന വെബ്സൈറ്റും തുറന്നിരുന്നു. ഗുണഭോക്താക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെ ലഭിക്കും വിധമായിരുന്നു വെബ്സൈറ്റ്.

അപേക്ഷകളിലെ ഇരട്ടിപ്പ് ഡേറ്റ എൻട്രി സമയത്തു തന്നെ കണ്ടെത്താനാകും വിധമുള്ള ഡിജിറ്റൽ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതും ജില്ലയെ സംസ്ഥാനത്തു തന്നെ മാതൃകയാക്കാൻ സഹായകമായി.  പ്രളയാനന്തര ആനുകൂല്യം ലഭിക്കാൻ അപേക്ഷ സമർപ്പിച്ച വ്യക്തികൾക്ക് അർഹതയുണ്ടെങ്കിലും ഇല്ലെങ്കിലും വ്യക്തത നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. അപേക്ഷകളിൻമേലുള്ള നടപടിക്രമങ്ങളുടെ പുരോഗതി പരിശോധിക്കാൻ അപേക്ഷകന് അവസരം വേണമെന്നും കോടതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ എളുപ്പമാക്കാനാണ് എറണാകുളത്തു നടപ്പാക്കിയതു പോലുള്ള ഡിജിറ്റലൈസേഷൻ നടപടി മറ്റു ജില്ലകളും പരിഗണിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ വിഭാഗം നിർദേശിച്ചത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama