go

വെള്ളം ഇറങ്ങുന്നു; 98 ക്യാംപ് അടച്ചു

ernakulam news
വെള്ളം ഇറങ്ങാത്ത പറവൂർ തെനപ്പുറത്തേക്ക് എത്താൻ വഞ്ചിയുമായി പോകുന്ന നാട്ടുകാർ.
SHARE

കൊച്ചി∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്ന 7,463 പേർ വീടുകളിലേക്കു മടങ്ങി. 98 ക്യാംപുകൾ പ്രവർത്തനം അവസാനിപ്പിച്ചു. വീടുകളിൽ നിന്നു വെള്ളം ഒഴിഞ്ഞതോടെയാണ് ജനം ക്യാംപുകളിൽ നിന്നു മടങ്ങിത്തുടങ്ങിയത്. എന്നാൽ, ജില്ലയിൽ ഇന്നു വീണ്ടും മഴയുണ്ടാകുമെന്നാണു കാലാവസ്ഥ പ്രവചനം. കനത്ത മഴയിൽ വെള്ളക്കെട്ടായ ഭൂരിഭാഗം സ്ഥലങ്ങളിലും നിന്നു വെള്ളം പിൻവാങ്ങി. ചാലക്കുടി പുഴയോരത്തോടു ചേർന്നുള്ള ചില ഭാഗങ്ങളിലാണ് ഇപ്പോഴും വെള്ളക്കെട്ടുള്ളത്.

പറവൂർ പുത്തൻവേലിക്കര തെനപ്പുറം, പാറക്കടവ് കണ്ണംകുളം, ചൂർണിക്കര പഞ്ചായത്തിലെ ചമ്പ്യാരം, ആലുവ നഗരസഭയിലെ ഷാഡി ലെയ്‌ൻ തുടങ്ങിയ ഭാഗങ്ങളിൽ നിന്നു വെള്ളം ഇനിയും ഇറങ്ങാനുണ്ട്. പെരിയാർ, മൂവാറ്റുപുഴയാർ തുടങ്ങിയ പുഴകളിലെ ജലനിരപ്പ് താഴ്ന്നു. പെരിയാറിൽ വെള്ളം ഉയർന്നിരുന്ന വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം, മണ്ണംതുരുത്ത്, പുത്തൻപള്ളി ഭാഗങ്ങളിലെ വെള്ളവും താഴ്ന്നു.

ജില്ലയിലെ പ്രധാന റോഡുകളിലെ ഗതാഗത തടസ്സങ്ങളും നീങ്ങി. എംസി റോഡിലും കൊച്ചി– ധനുഷ്കോടി റോഡിലും ഗതാഗത തടസ്സങ്ങളില്ല. ഭൂതത്താൻകെട്ട് അണക്കെട്ടിൽ 26.95 മീറ്ററും (പരമാവധി ജലനിരപ്പ്– 34.95 മീ.) ഇടമലയാർ അണക്കെട്ടിൽ 147.90 മീറ്ററും (പരമാവധി ജലനിരപ്പ്– 169 മീ.) ആണ് ഇന്നലത്തെ ജലനിരപ്പ്. മലങ്കര അണക്കെട്ടിൽ നിന്നുള്ള വെള്ളമൊഴുക്ക് മുൻ ദിവസങ്ങളിലെ പോലെ തുടരുന്നു.

6 ഷട്ടറുകളും 30 സെന്റിമീറ്റർ ഉയർത്തിയാണു വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. കൊച്ചി നഗരസഭാ പരിധിയിൽ 4 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. വീടുകളിലെ വെള്ളം ഇറങ്ങിയതു കാരണം ഈ ക്യാംപുകളിലും ആളുകളുടെ എണ്ണം കുറഞ്ഞു. 196 പേരാണ് ഈ ക്യാംപുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ നഗരസഭാ പരിധിയിൽ 43 വീടുകൾക്കു ഭാഗികമായി കേടു പറ്റിയിട്ടുണ്ട്.

ഹെൽപ്‌‌ ലൈൻ നമ്പറുകൾ

എറണാകുളം കലക്ടറേറ്റ്: 0484– 2423513

കൊച്ചി കോർപറേഷൻ: 0484– 2369007, 2369196

മൂവാറ്റുപുഴ: 0485 2813773

പറവൂർ: 0484 2972817‌

ആലുവ: 0484 2624052, 2623755

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama