go

വെള്ളം ഇറങ്ങി; വീടുകളുടെ ശുചീകരണം തുടങ്ങി

ernakulam news
വെള്ളം ഇറങ്ങിയതിനെത്തുടർന്നു വീട് വൃത്തിയാക്കുന്ന പുത്തൻവേലിക്കര തെനപ്പുറം പാടത്തറ ഫ്രാൻസിസും ഭാര്യയും.
SHARE

പറവൂർ ∙ കഴിഞ്ഞ തവണ വാർക്കയുടെ മുകളിലൂടെയാണു പ്രളയജലം ഒഴുകിയത്. ഇത്തവണ ജനൽപൊക്കത്തിൽ വെള്ളം കയറി. കഴിഞ്ഞ വർഷം ശുചീകരണ സാമഗ്രികൾ അധികൃതർ നൽകിയിരുന്നു. ഇത്തവണ ലഭിച്ചില്ല. വീട്ടിൽ ചെളി ഒരുപാട് ഉണ്ട്. ചൂലും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കി വരികയാണെന്നു തെനപ്പുറം പാടത്തറ ഫ്രാൻസിസ് പറഞ്ഞു. വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു വീടുകളിൽ തിരികെയെത്തിയവർ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. വെള്ളം അകത്തു കയറിയ വീടുകളിൽ അഴുക്കു പിടിച്ചു.

വീടുകൾക്കുള്ളിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. സുരക്ഷിതമാക്കാൻ കഴിയാതിരുന്ന സാധനങ്ങൾ നശിച്ചു. പ്രദേശത്തു ദുർഗന്ധം വമിക്കുന്നുണ്ട്. ചില വീടുകൾ വൃത്തിയാക്കി വാസയോഗ്യമാക്കാൻ കുറച്ചു ദിവസങ്ങളെടുത്തേക്കും. അതിനാൽ, ഒട്ടേറെപ്പേർ ദുരിതാശ്വാസ ക്യാംപുകളിൽ തന്നെ കഴിയുന്നുണ്ട്. പലരും പകൽസമയത്തു വീടുകളിലെത്തി ശുചീകരണപ്രവ്ര‍ത്തനങ്ങൾ നടത്തി വൈകിട്ടു കിടക്കാൻ ക്യാംപുകളിലേക്കു തന്നെ തിരിച്ചുപോവുകയാണ്.

ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോയെന്നു ഭീതിയുണ്ടെന്നു ദുരിതബാധിതർ പറയുന്നു. പലയിടത്തും വീട്ടുകാർ തനിച്ചാണു ശുചീകരണം നടത്തുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമെത്തി പലരെയും സഹായിക്കുന്നുണ്ട്. എന്നാൽ, ശുചീകരണ പ്രവർത്തനങ്ങൾക്കു കഴിഞ്ഞതവണത്തെയത്ര പ്രയാസം നേരിടുന്നില്ലെന്നാണു ഭൂരിഭാഗം ആളുകളും പറയുന്നത്.

കരുമാലൂർ ∙ വെള്ളമിറങ്ങിയതോടെ ദുരിതബാധിതർ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. എന്നാൽ ഇനിയും മടങ്ങി പോകാൻ കഴിയാതെ ഒട്ടേറെ കുടുംബങ്ങൾ ക്യാംപുകളിലുണ്ട്. വീണ്ടും മഴ ശക്തമായാൽ ക്യാംപിലേക്കു തന്നെ തിരികെ പോരേണ്ടി വരുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. അതിനാൽ പലരും രാവിലെ പോയി ശുചീകരണ പ്രവർത്തനം നടത്തി വൈകിട്ടോടെ ക്യാംപുകളിലേക്കു മടങ്ങിയെത്തുന്നുണ്ട്. കരുമാലൂർ പെരിയാറിന്റെ തീരങ്ങളിലെയും തോടുകൾക്കു സമീപമുള്ള വീടുകളിലും ചെളി വന്ന് അടിഞ്ഞുകൂടി കിടക്കുകയാണ്. കൂടാതെ പ്രദേശത്തേക്കു അടുക്കാൻ കഴിയാത്ത വിധം ദുർഗന്ധവുമുണ്ട്. അതിനാൽ വളരെ ബുദ്ധിമുട്ടിയാണു പലരും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 

താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം

കരുമാലൂർ–ആലങ്ങാട് മേഖലയിലെ കുറച്ചു സ്ഥലങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളും കോളനികളിലുമാണു വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങൾ പൂർവസ്ഥിതിയിലായിട്ടില്ല. പടശേഖരങ്ങളിലെ ജലനിരപ്പും പൂർണമായും താഴ്ന്നിട്ടില്ല. താഴാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണു കരുതുന്നത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama