go

കനത്ത മഴയിൽ മുങ്ങി; നിവരാതെ കൊച്ചി- ചിത്രങ്ങൾ

എറണാകുളം എം.ജി. റോഡിലെ വെള്ളക്കെട്ട്.
SHARE

കൊച്ചി∙ ദുരിതപ്പെയ്ത്തിൽ മുട്ടൊപ്പം മുങ്ങി കൊച്ചി. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിലാണു നഗരത്തിലെ പ്രധാന റോഡുകളും വിവിധ പ്രദേശങ്ങളും വെള്ളക്കെട്ടിലായത്. എംജി റോഡ്, സ്റ്റേഡിയം റോഡ്, പനമ്പിള്ളി നഗർ ക്രോസ് റോഡുകൾ, കർഷക റോഡ്, കളത്തിപ്പറമ്പിൽ റോഡ്, നെട്ടേപ്പാടം റോഡ്, നോർത്ത് പരമാര റോഡ് തുടങ്ങിയവയെല്ലാം വെള്ളത്തിൽ മുങ്ങി. പുലർച്ചെ തുടങ്ങിയ മഴ രാവിലെ 10 മണി വരെ തുടർന്നതോടെ നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. രാവിലെ ഓഫിസുകളിലേക്കുള്ള തിരക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിലെ സ്ഥിതി വെള്ളക്കെട്ടു കൂടിയായതോടെ ദുരിതമയമായി.

എറണാകുളം എസ്ആർവി സ്കൂൾ റോഡിലെ വെള്ളക്കെട്ട്.

കെഎസ്ആർടിസി സ്റ്റാൻഡിലും സമീപത്തെ സ്റ്റേഡിയം റോഡിലും മുട്ടൊപ്പം ജലം നിറഞ്ഞു. കർഷക റോഡിൽനിന്നു റെയിൽവേ സ്റ്റേഷന്റെ കിഴക്കേ ഗേറ്റിലേക്കുള്ള ഇടറോഡുകളും മുങ്ങി. നഗരത്തിലെ ഓഫിസുകളിലേക്കുള്ള യാത്രക്കാർ ഇതോടെ ദുരിതത്തിലായി. മഴ തുടങ്ങി ആദ്യ മണിക്കൂറിൽതന്നെ എംജി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളമുയർന്നു. വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയതോടെ ഇവിടെയും ഗതാഗതം താറുമാറായി. കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്.

ernakulam news
മേനക – മാർക്കറ്റ് റോഡിൽ വെള്ളം കയറിയപ്പോൾ.

മുട്ടൊപ്പം മുങ്ങി നടന്നു നീങ്ങുന്നതിനിടെ കടന്നു പോകുന്ന വാഹനങ്ങൾ  തെറിപ്പിക്കുന്ന വെള്ളത്തിൽ കുതിർന്നാണു പലരും ഓഫിസുകളിലെത്തിയത്. പുകക്കുഴലിൽ വെള്ളം കയറി വാഹനങ്ങൾ നിന്നുപോകുന്ന സ്ഥിതിയുമുണ്ടായി. വ്യാപാര സ്ഥാപനങ്ങൾക്കും വെള്ളക്കെട്ടു തിരിച്ചടിയായി. ഉപഭോക്താക്കൾ കടകൾ ഒഴിവാക്കുന്നതും റോഡ് നിരപ്പിൽ നിന്നു താഴെയുള്ള സ്ഥാപനങ്ങളിലേക്കു വെള്ളം കയറുന്നതും പ്രതിസന്ധിയാണ്.

എംജി റോഡിലെ അഴുക്കുവെള്ളത്തിൽ നീന്തിയല്ലാതെ യാത്രക്കാർക്കു ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയില്ല എന്നതു വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്നലെ വെള്ളക്കെട്ടുണ്ടായപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ ഓടയിലെ മാലിന്യം നീക്കി പരിഹാരം കാണാൻ ശ്രമിച്ചിരുന്നു. വർഷങ്ങളായി ഒറ്റ മഴയിൽതന്നെ എംജി റോഡ് മുങ്ങുന്ന അവസ്ഥയുണ്ടായിട്ടും ശാശ്വത പരിഹാരം ഉണ്ടാകാത്തതിനു പിന്നിൽ അധികൃതരുടെ അനാസ്ഥയും ദീർഘവീക്ഷണമില്ലാത്ത വികസന പദ്ധതികളുമാണെന്നു നാട്ടുകാർ പറയുന്നു.

തേവര പെരുമാനൂർ റോഡിലെ വെള്ളക്കെട്ട്.

പനമ്പിള്ളി നഗറിലെ ക്രോസ് റോഡുകളിൽ വെള്ളക്കെട്ടു രൂക്ഷമാണ്. പ്രധാന റോഡിലും ചില സ്ഥലങ്ങൾ കനത്ത മഴയുള്ളപ്പോൾ മുങ്ങുന്നുണ്ട്. ഉദയ കോളനി ഭാഗത്തും വെള്ളക്കെട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രധാന പ്രദേശങ്ങളിലെല്ലാം ഓടകളിലൂടെ പെയ്ത്തുവെള്ളം ഒഴുകി മാറാത്തതാണു തിരിച്ചടിയാകുന്നത്. അശാസ്ത്രീയമായ ഓട നിർമാണമാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. മഴക്കാലത്തിനു മുൻപ് ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി ഒഴുക്കു സുഗമമാക്കാൻ നടപടികളില്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.

മഴ തുടങ്ങുന്നതിനു മുൻപു നഗരസഭ ഓടകളിലെ മാലിന്യം നീക്കാൻ ശ്രമം നടത്താറുണ്ടെങ്കിലും ഇതു പൂർണമായി വിജയം കാണുന്നില്ല. മെട്രോ നിർമാണത്തിന്റെ അവശിഷ്ടങ്ങൾ കരാറുകാർ ഓടയിൽ തള്ളിയതായി അടുത്തിടെ കണ്ടെത്തിയിരുന്നു. അധികൃതർ കെഎംആർഎല്ലിനു നിർദേശം നൽകിയതിനെത്തുടർന്നാണ് ഇതു നീക്കിയത്.  കടകളിൽനിന്നുൾപ്പെടെയുള്ള മാലിന്യം ഓടയിൽ തള്ളുന്ന പ്രവണതയും ഒഴുക്കിനു തടസ്സമാകുന്നുണ്ട്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ദുരിതം ഇരട്ടിക്കാനാണു സാധ്യത.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama