go

തോപ്പുംപടിയിലെ എയ്ഡ്സ് രോഗിയും കൊച്ചിയിലെ കഞ്ചാവ് കടത്തും...

ernakulam-drung
SHARE

കഞ്ചാവും ഹെറോയിനും രാസലഹരിമരുന്നുകളുമൊക്കെ  നാട്ടിൽ സുലഭം. എക്സൈസും പൊലീസും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുമടക്കമുള്ള ഏജൻസികൾ ലഹരി കടത്തുകാർക്കു പിറകെയാണ്. നഗരത്തിൽ, വിചിത്ര സ്വഭാവക്കാരായ ഇത്തരം ലഹരിമരുന്നിടപാടുകാർ ഒട്ടേറെ. അവരുടെ കഥകളിലേക്ക്, അവരെ നേരിട്ട എക്സൈസ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങളിലേക്ക്...

കൊച്ചി∙ പ്രളയം പലരെയും പല സ്ഥലത്തും എത്തിച്ചു. ആലുവയിലെ കഞ്ചാവു കച്ചവടക്കാരനെ പക്ഷേ, പ്രളയം കൊണ്ടുചെന്നെത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥരുടെ വലയിലാണ്. വീട്ടുപറമ്പിൽ കഞ്ചാവു കുഴിച്ചിട്ടു സൂക്ഷിക്കുന്ന രീതിയാണ് ആലുവ സ്വദേശി ബഷീറിനു വിനയായത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയാൽ കഞ്ചാവു കണ്ടെത്താതിരിക്കാനാണ് ഇയാൾ പറമ്പിൽ കുഴിച്ചിട്ടു സൂക്ഷിച്ചിരുന്നത്.

2018ലെ പ്രളയത്തിൽ ഇയാളുടെ അര ലക്ഷം രൂപയുടെ കഞ്ചാവ് ഒഴുകിപ്പോയി. ഇത്തവണ പ്രളയം ആവർത്തിക്കുമെന്നു പേടിച്ചു കയ്യിലുള്ള കഞ്ചാവു മൊത്തമായി വിൽക്കാൻ ബഷീർ ശ്രമിച്ചു. ‘ഡിസ്കൗണ്ട്’ നൽകാൻ വരെ ബഷീർ തയാറായി. വെപ്രാളത്തിനിടെ, എക്സൈസിന്റെ ചൂണ്ടയിൽ കൊത്തിയ ബഷീർ 2.25 കിലോഗ്രാം കഞ്ചാവു സഹിതം എക്സൈസുകാരുടെ പിടിയിലായി. 

ലിഫ്റ്റ് കഞ്ചാവ്

അപരിചിതർക്കു ലിഫ്റ്റ് നൽകുന്നവർ ഒരു കാര്യം കൂടി ഓർക്കുക. നിങ്ങൾ ചിലപ്പോൾ ലഹരിമരുന്നു കേസിൽ പ്രതിയായേക്കാം. അന്യരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറി, കഞ്ചാവു വിതരണം ചെയ്യുന്ന സ്വഭാവക്കാരനാണു 19 വയസ്സുള്ള ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മാഹിൻ. ഹോട്ടലിൽ പാചകത്തൊഴിലാളിയായ മാഹിൻ, എക്സൈസുകാരുടെ കണ്ണുവെട്ടിക്കാൻ വേണ്ടിയാണ്, ലിഫ്റ്റ് കിട്ടുന്ന വാഹനങ്ങളിൽ സഞ്ചരിച്ചു കഞ്ചാവു വിതരണം ചെയ്തിരുന്നത്. ‘വീക്നെസ്’ മനസിലാക്കിയ എക്സൈസ് സംഘം അവരുടെ വാഹനത്തിൽ ലിഫ്റ്റ് നൽകിയാണ് 1.25 കിലോഗ്രാം കഞ്ചാവു സഹിതം മാഹിനെ പിടികൂടിയത്. 

റെയിൽവേ സ്റ്റേഷനും കുറ്റിക്കാടും

ട്രെയിനിൽ കഞ്ചാവു കടത്തു പതിവായതോടെ എക്സൈസ് പരിശോധന കർക്കശമാക്കി. ഇതോടെ, കടത്തുകാർ കുറുക്കുവഴി കണ്ടെത്തി. കഞ്ചാവിന്റെ കെട്ട് ആലുവ സ്റ്റേഷനെത്തുന്നതിനു തൊട്ടുമുൻപുള്ള  കുറ്റിക്കാട്ടിലേക്കു വലിച്ചെറിയും. ആലുവ സ്റ്റേഷനിൽ ഇറങ്ങും. പരിശോധിച്ചാലും കഞ്ചാവു കിട്ടില്ല. അർധരാത്രിയോടെ കുറ്റിക്കാട്ടിൽ നിന്നു കഞ്ചാവു തിരിച്ചെടുക്കും. ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഇത് ആവർത്തിക്കാറുണ്ടെന്ന് എക്സൈസ്. 

തോപ്പുംപടിയിലെ എയ്ഡ്സ് രോഗി

‌തോപ്പുംപടിയിൽ പൊലീസിനും എക്സൈസിനും തലവേദനയായ ഒരു കഞ്ചാവു വിൽപനക്കാരനുണ്ടായിരുന്നു. എയ്ഡ്സ് രോഗിയായ ഇയാൾ, ഉദ്യോഗസ്ഥർ എത്തിയാലുടൻ ദേഹം മുഴുവൻ കത്തികൊണ്ടോ ബ്ലേഡ് കൊണ്ടോ വരഞ്ഞുകീറി ചോര വരുത്തും. ഇതോടെ, ഉദ്യോഗസ്ഥർ ഇയാളെ പിടിക്കാൻ മടിക്കും. എയ്ഡ്സ് ഇല്ലെങ്കിലും ദേഹം വരഞ്ഞുകീറി രക്ഷപ്പെടാൻ ശ്രമിക്കുന്ന കഞ്ചാവു വിതരണക്കാരൻ വേറെയുമുണ്ട്. ചില്ല് ഗ്ലാസ് ഇയാളുടെ കയ്യിൽ കൊടുക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകിയത്, ഇയാളുടെ ഭാര്യ തന്നെയാണ്. 

‘ടിങ്കൂസ് മസാല’

ആലുവയിൽ പിടിയിലായ അസം സ്വദേശി ടിങ്കു ഭായ് സ്ഥിരം ഉപയോക്താക്കൾക്കിടയിൽ ഹെറോയിൻ വിറ്റിരുന്നത് ‘ടിങ്കൂസ് മസാല’ എന്ന പേരിലാണ്. ആദ്യമായി ഉപയോഗിക്കുന്നവർക്ക്, അതിന്റെ രീതിയും ഇയാൾ രഹസ്യ സങ്കേതത്തിൽ വച്ചു പഠിപ്പിച്ചിരുന്നു.  

സ്നിപ്പർ ഷെയ്ഖ്

നീട്ടിവളർത്തിയ മുടിയും സ്ത്രീയെപ്പോലെയുള്ള ലുക്കും ആണു സ്നിപ്പർ ഷെയ്ഖ് എന്ന മുഹമ്മദ് സിദ്ദിഖിന്റെ പ്രത്യേകത. കൊല്ലം സ്വദേശിയായ ഇയാൾക്ക് 22 വയസ്സേയുള്ളു. നല്ല കുടുംബത്തിൽ ജനിച്ച ഇയാൾ, ചെറുപ്പത്തിൽ തന്നെ വഴി തെറ്റിപ്പോവുകയായിരുന്നു. പെൺ ലുക്ക് പരമാവധി മുതലെടുത്ത് ഇയാൾ ലഹരിക്കെണിയിൽ വീഴ്ത്തിയവരിൽ സ്ത്രീകളും വിദ്യാർഥിനികളുമുണ്ടെന്ന് എക്ൈസസ്.  

വഴങ്ങാത്തവർക്കു ചതി

ലഹരിമരുന്ന് ഉപയോഗിക്കാൻ വിസമ്മതിക്കുന്നവരെ ശീതളപാനീയങ്ങളിൽ നൈട്രസെപാം ഗുളികകളിട്ടു നൽകി ചതിച്ചതു സ്നിപ്പർ ഷെയ്ഖിന്റെ കൂട്ടാളികൾ എക്സൈസിനോടു വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ ചതിക്കപ്പെട്ടവരിൽ വിദ്യാർഥിനികളുമുണ്ട്. 

ടെസ്റ്റെടുത്താലേ മരുന്നു തരൂ

ലഹരിമരുന്നു പിടികൂടാൻ േവഷം മാറിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കുടങ്ങിപ്പോയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. കൊച്ചി നഗരത്തിലാണു സംഭവം. ടെസ്റ്റ് ഡോസ് തന്റെ കൺമുന്നിൽ വച്ചു തന്നെ എടുത്താൽ മാത്രമേ ലഹരിമരുന്നു നൽകൂ എന്ന് ഇടപാടുകാരൻ നിർബന്ധം പിടിച്ചു. ഒരു തരത്തിലാണ് സ്ഥലത്തു നിന്ന് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത്. സംശയം കൊണ്ടു ചെയ്തതല്ല, ഇടപാടുകാരന്റെ രീതിയാണിത്. 

ചതിയുടെ കഥ

കൂട്ടുകാരനെ ചതിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയ കഥയും കൊച്ചിയിലെ എക്സൈസ് സംഘത്തിനു പറയാനുണ്ട്. കൂട്ടുകാരന്റെ മുറിയിൽ കഞ്ചാവ് ഒളിപ്പിച്ച്, അത് എക്സൈസ് സംഘത്തെ അറിയിച്ചയാളാണ് അതിബുദ്ധി കാണിച്ചു കുടുങ്ങിയത്. കൂട്ടുകാരന്റെ മുറിയിൽ നിന്ന്, ഇംഗ്ലിഷ് പത്രത്തിൽ  പൊതിഞ്ഞ നിലയിൽ കഞ്ചാവു കണ്ടെത്തിയ എക്സൈസ് സംഘത്തിലെ ഒരാൾക്കു തോന്നി:  വിവരം നൽകിയയാളുടെ മുറിയിലും ഒന്നു പരിശോധിച്ചാലോ? ഇയാളുടെ മുറിയിൽനിന്നു കഞ്ചാവൊന്നും കിട്ടിയില്ലെങ്കിലും മറ്റൊരു തെളിവു കിട്ടി, കഞ്ചാവു പൊതിഞ്ഞ പത്രത്തിന്റെ ബാക്കി ഷീറ്റുകൾ. ചോദ്യം ചെയ്തപ്പോൾ, വാദി പ്രതിയായി.

കഞ്ചാവു താൻ തന്നെയാണു കൂട്ടുകാരന്റെ‍ മുറിയിൽ വച്ചതെന്ന് ഇയാൾ സമ്മതിച്ചു. കൂട്ടുകാരന്റെ, സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാൻ വേണ്ടിയാണിതു ചെയ്തതെന്നും ഇയാൾ സമ്മതിച്ചതോടെ കഥ പൂർത്തിയാകുന്നു.

ഹെറോയിനുമായി കീഴടങ്ങൽ

ഒരു കിലോഗ്രാം ഹെറോയിനുമായി 2 പേർ കീഴടങ്ങാനെത്തിയപ്പോൾ, കൊച്ചിയിലെ എക്സൈസ് ഉദ്യോഗസ്ഥർ ആദ്യമൊന്നമ്പരന്നു. കശ്മീരിൽ നിന്നെത്തിച്ച ഹെറോയിൻ, 2 കാരിയർമാർ മറിച്ചു വിൽക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്.  പക്ഷേ, സംഗതി എളുപ്പമായിരുന്നില്ല. ഹെറോയിൻ ഏൽപ്പിച്ച സംഘം അപ്പോൾതന്നെ വിവരമറിഞ്ഞു. 2 പേരെയും കൊല്ലാൻ അവർ ആളെ വിട്ടു. രക്ഷയില്ലെന്നു കണ്ടാണു സംഘം എക്സൈസ് ഓഫിസിൽ അഭയം തേടിയത്.  

കിടപ്പുമുറിയിലെ ഗ്യാസ് കുറ്റി

വർഷങ്ങൾക്കു മുൻപാണ്. സംശയം തോന്നിയാണു കൊച്ചിയിലെ എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. കാര്യമായി ഒന്നുമില്ല. ഇതിനിടയിലാണ്, കിടപ്പുമുറിയിലെ ഗ്യാസ് കുറ്റി കണ്ണിൽ പെട്ടത്. നോക്കിയപ്പോൾ, അടിഭാഗത്ത് ഒരു ലിവർ.  അതു തിരിച്ചപ്പോൾ കുറ്റിയുടെ അടിഭാഗം തുറന്നു. അകത്ത്, നിറയെ മദ്യക്കുപ്പികളായിരുന്നു.

ന്യൂജനറേഷൻ ഫ്രീക്കനായ യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമുടി പരിശോധിച്ചെങ്കിലും കഞ്ചാവു കിട്ടിയില്ല. ഏറ്റവുമൊടുവിലാണു യുവാവിന്റെ കനത്ത ‘മുടി’ എക്സൈസിന്റെ ശ്രദ്ധയിൽ െപട്ടത്. മുടി തപ്പിയപ്പോൾ കിട്ടിയത് 2 പായ്ക്കറ്റ് കഞ്ചാവ്!

മാർട്ടിൻ 

കഞ്ചാവു വിതരണം ചെയ്യുമെങ്കിലും ഉപയോഗിക്കില്ലെന്നതു മാത്രമല്ല  മാർട്ടിനെയും സംഘത്തിനെയും വ്യത്യസ്തരാക്കുന്നത്. ഇടപാടുകളെല്ലാം സുരക്ഷിതമായ വഴികളിലുമാണ്. പണം ബാങ്ക് അക്കൗണ്ടിൽ മുൻകൂറായി അടയ്ക്കുന്ന, സ്ഥിരം കസ്റ്റമർമാർക്കു മാത്രമാണു സംഘം കഞ്ചാവു നൽകുക. പണം അടച്ചതിന്റെ വിശദാംശങ്ങളും കഞ്ചാവിന്റെ അളവും എസ്എംഎസ് ആയി മാർട്ടിനു നൽകണം. കഞ്ചാവ്, നേരിട്ടു കൈമാറില്ല. ഏതെങ്കിലും പാതയോരത്തോ കുറ്റിക്കാട്ടിലോ മാലിന്യക്കുപ്പയിലോ ഇടും. ഈ സ്ഥലം ഫോണിൽ ആവശ്യക്കാരനെ അറിയിക്കും. മാർട്ടിനെ കേസിൽ പെടുത്താൻ എക്സൈസ് പെട്ട പാട് ചെറുതല്ല.‍

ചെറുമീനുകൾ ജാഗരൂകർ

ലഹരി കടത്തു  മേഖലയിലെ ചെറിയ  ഇടപാടുകാരാണ് ഏറ്റവും ജാഗരൂകരെന്ന് എക്സൈസ്. ഇവർക്കു നിരീക്ഷണത്തിനായി ബൈക്കിലും മറ്റുമായി കുറേപ്പേരുണ്ടാകും. ബൈക്കിനെ പിന്തുടരാൻ പറയും. സ്ഥലം അടിക്കടി മാറ്റും. ഇടപാടുകാരുടെ പിറകിൽ നിരീക്ഷണ ബൈക്ക് വേറെയുണ്ടാകും. വൻകിട ഇടപാടുകാരെ പിടികൂടുകയാണു താരതമ്യേന എളുപ്പമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

നിഷ്ക്രമിക്കുന്ന ഹെറോയിൻ

ഒരുകാലത്തു ലഹരി കടത്തു മേഖലയിലെ ഹിറ്റ് ആയിരുന്നു ഹെറോയിനും ബ്രൗൺഷുഗറും. രണ്ടും ഫീൽഡിൽ നിന്ന് ഔട്ടായ സ്ഥിതിയാണ്.     വിലക്കൂടതലും ലഭിക്കാനുള്ള ബുദ്ധിമുട്ടും മാത്രമല്ല, എംഡിഎംഎ പോലുള്ള രാസലഹരിവസ്തുക്കൾ ധാരാളമായി ലഭ്യമായതും ഹെറോയിനു തിരിച്ചടിയായി. കഞ്ചാവാണ് ഏറ്റവുമധികം പേർ ഉപയോഗിക്കുന്നതെങ്കിലും പുതുതലമുറയ്ക്കിഷ്ട്ടം രാസലഹരിവസ്തുക്കളാണ്. എക്സൈസിന്റെ പിടിയിലായ ഒരു ഇടപാടുകാരൻ പറഞ്ഞതു കഞ്ചാവു തനി ‘കൺട്രി’യാണെന്നും താൻ രാസലഹരിമരുന്നുകൾ മാത്രമേ വിൽക്കാറുള്ളുവെന്നുമാണ്.

അമൃത്‌സർ കഴിഞ്ഞാൽ, ഏറ്റവുമധികം ലഹരിമരുന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നഗരമാണു കൊച്ചി. സമീപകാലത്തായി ആലുവയും കൊച്ചിയും ഇക്കാര്യത്തിൽ മത്സരമാണ്. വിചിത്ര സ്വഭാവക്കാരായ ലഹരി കടത്തുകാർക്കിടയിൽ കൂടുതൽ കരുതൽ വേണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama